വക്കം: കടയ്ക്കാവൂർ റെയിൽവേ സ്റ്റേഷനിനെ നവീകരണം കാര്യക്ഷമമായി നടത്താതെയും കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കാതെയും അവഗണിക്കുന്നതായി പരാതി. കൊവിഡ് കാലത്ത് നിറുത്തലാക്കിയ ട്രെയിനുകൾക്ക് ഇപ്പോഴും സ്റ്റോപ്പ് അനുവദിച്ചിട്ടില്ല. യാതൊരു അടിസ്ഥാന സൗകര്യമില്ലാതെ വിജനമായ സ്റ്റേഷൻ തെരുവ് നായ്ക്കളുടെയും സാമൂഹ്യവിരുദ്ധരുടേയും വിഹാരകേന്ദ്രമാണ്. കടയ്ക്കാവൂർ, അഞ്ചുതെങ്ങ്, വക്കം മണനാക്ക് പ്രദേശങ്ങളിലുള്ളവർക്ക് ദീർഘദൂര യാത്രകൾക്ക് ഉപകാരപ്രദമായിരുന്നു കടയ്ക്കാവൂർ റെയിൽവേ സ്റ്റേഷൻ. പരിമിതമായ യാത്രാസൗകര്യങ്ങളിൽ ബുദ്ധിമുട്ടുന്ന തീരദേശഗ്രാമങ്ങളിലെ പ്രാദേശിക വിനോദസഞ്ചാര മേഖലയ്ക്ക് ഏറെ ഗുണപ്രദമാകുന്നതാണ് സ്റ്റേഷന്റെ വികസനം.
അവഗണന മാത്രം
സ്റ്റേഷൻ നവീകരിച്ച് കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിച്ചാൽ സമീപ ഗ്രാമങ്ങളായ വക്കം അഞ്ചുതെങ്ങ് മേഖലയിലെ പ്രാദേശിക ടൂറിസത്തിന് ഏറെ ഗുണകരമാകും. നിലവിൽ ദീർഘദൂര യാത്രകൾക്കായി വർക്കല ചിറയിൻകീഴ് സ്റ്റേഷനുകളെയാണ് പ്രദേശവാസികൾ ആശ്രയിക്കുന്നത്. രാത്രി 8 മണി കഴിഞ്ഞാൽ പ്രദേശത്തേക്കുള്ള ബസ്ട്രിപ്പുകൾ അവസാനിക്കും. രാത്രി വൈകി ദൂരസ്ഥലങ്ങളിൽ നിന്നെത്തുന്നവർ മറ്റ് സ്റ്റേഷനുകളിലിറങ്ങി ഓട്ടോവിളിച്ച് വേണം വീട്ടിലെത്താൻ.
സ്റ്റോപ്പും നിറുത്തി
കൊവിഡ് കാലത്ത് തിരുവനന്തപുരം- മംഗലാപുരം എക്സ്പ്രസ്, ഗുരുവായൂർ എക്സ്പ്രസ് ട്രെയിനുകളുടെ സ്റ്റോപ്പ് നിറുത്തലാക്കിയത്. ഇതിൽ ഗുരുവായൂർ എക്സ്പ്രസിന് രാവിലെയുള്ള സ്റ്റോപ്പ് മാത്രമാണ് നിലവിൽ അനുവദിച്ചിട്ടുള്ളത്.
ബുദ്ധിമുട്ട് ഏറെ
തിരുവനന്തപുരം സ്റ്റേഷനിലെ ട്രെയിനുകൾ പാർക്ക് ചെയ്യുന്നതിനാണ് ഇവിടെ ഒന്നാമത്തെ പ്ലാറ്റ് ഫോം ഉപയോഗിക്കുന്നത്. രണ്ടാമത്തെയും മൂന്നാമത്തെയും പ്ലാറ്റ്ഫോമുകളിലാണ് നിലവിൽ ട്രെയിനുകൾ നിറുത്തുന്നത്. പടി കയറി മേൽപ്പാതയിലൂടെ വേണം ഇവിടെയെത്താൻ. പ്രായമായവർക്കും അസുഖബാധിതരായവർക്കും ഇത് ഏറെബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്.
യാത്രക്കാർ കുറവായതുകൊണ്ടാണ് ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കാത്തതെന്നാണ് അധികൃതരുടെ വാദം. എന്നാൽ കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിച്ചാൽ പ്രദേശവാസികൾ മറ്റ് സ്റ്റേഷനെ ആശ്രയിക്കാതെ കടയ്ക്കാവൂരിൽ എത്തുമെന്നതാണ് വാസ്തവം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |