തിരുവനന്തപുരം: ദിവസങ്ങളായി ശുദ്ധജലം പാഴായിപ്പോകുന്ന വിഷമത്തിലാണ് കുറവൻകോണം വൈ.എം.ആർ റോഡ് നിവാസികൾ.പൈപ്പ് പൊട്ടി റോഡിന്റെ നടുവിലൂടെ വെള്ളം ഇടവഴികളിലേക്ക് ഒഴുകാൻ തുടങ്ങിയിട്ട് ദിവസങ്ങളായെങ്കിലും തകരാർ പരിഹരിക്കാൻ അധികൃതർ തയ്യാറായിട്ടില്ല.
കുറവൻകോണം ജംഗ്ഷനിലേക്ക് പോകുന്ന ഭാഗത്തെ വളവിലാണ് പൈപ്പ് പൊട്ടൽ. വാഹനങ്ങൾ ഇവിടെയെത്തുമ്പോൾ പെട്ടെന്ന് ബ്രേക്ക് പിടിക്കുന്നത് പിന്നിലൂടെ വരുന്ന വാഹനങ്ങളെയും അപകടത്തിൽ പെടുത്തുന്നു.
രാത്രികാലങ്ങളിൽ പല ദിവസങ്ങളിലും ഇവിടെ തെരുവ് വിളക്കുകൾ കത്താറില്ലെന്ന് പ്രദേശവാസികൾ പറയുന്നു.കുട്ടികളടക്കമുള്ള പ്രദേശത്തെ കാൽനടയാത്രക്കാർ വെള്ളത്തിൽ ചവിട്ടാതെയിരിക്കാൻ റോഡിലേക്ക് ഇറങ്ങിനടക്കുന്നത് അപകടസാദ്ധ്യത വർദ്ധിപ്പിക്കുന്നു.
നിരവധി ഭക്ഷണശാലകൾ സ്ഥിതി ചെയ്യുന്ന പ്രദേശമാണിത്.സ്വിഗി,സൊമാറ്റോ ഉൾപ്പെടെയുള്ള ഇകൊമേഴ്സ് കമ്പനികളുടെ ഡെലിവറി പാർട്ണർമാരുടെ വാഹനങ്ങളും ധാരാളമായി ഇതുവഴി പോകാറുണ്ട്.ചീറിപ്പാഞ്ഞ് വരുന്ന ചില ഇരുചക്രവാഹനങ്ങൾ ഇവിടെ അപകടത്തിൽപ്പെടാറുമുണ്ട് റോഡിന്റെ ഇരുവശങ്ങളിലും വാഹനം പാർക്ക് ചെയ്യുന്നതിനാൽ ഇടുങ്ങിയ റോഡിന്റെ വീതി വീണ്ടും കുറയുന്നു.
നിലവിൽ നടപ്പാതയിലെ ഒരു ഭാഗത്തേക്ക് ചേർന്നാണ് പൊട്ടിയൊലിക്കുന്ന വെള്ളം ഒഴുകുന്നത്.രണ്ടാഴ്ച മുൻപ് സ്വീവേജിന്റെ പണി കാരണം റോഡിൽ വാഹനങ്ങൾ കടത്തിവിടുന്നില്ലായിരുന്നു.സ്വീവേജ് പണി പൂർത്തിയായ ശേഷമാണ് പുതിയ പൈപ്പ് പൊട്ടൽ ഉണ്ടായിരിക്കുന്നത്.എത്രയും വേഗം പൈപ്പ് നന്നാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |