വർക്കല: വർക്കലയിലും സമീപ പഞ്ചായത്തുകളിലും ജനങ്ങൾക്ക് തെരുവുനായ്ക്കളെ പേടിച്ച് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണ്. ഇടവ ഡീസന്റ്മുക്കിന് സമീപം അഞ്ചുവയസുകാരൻ തെരുവുനായയുടെ ആക്രമണത്തിൽനിന്ന് തലനാരിഴയ്ക്കാണ് രക്ഷപെട്ടത്. വീടിന് സമീപം സൈക്കിൾചവിട്ടുകയായിരുന്ന കുട്ടി തെരുവ് നായ്ക്കൾ ആക്രമിക്കാൻ എത്തിയതോടെ നിലവിളിച്ചുകൊണ്ട് സമീപത്തെ വീട്ടിൽ കയറി രക്ഷപെടുകയായിരുന്നു. റോഡിന് വശത്തെ കുറ്റിക്കാടുകൾ ഇറച്ചിമാലിന്യങ്ങൾ തള്ളുന്നത് തെരുവ് നായശല്യം വർദ്ധിക്കുന്നതിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്.
ആക്രമണം മുറപോലെ
വർക്കല-ശിവഗിരി റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്‌ഫോമിലും പരിസരങ്ങളിലും പ്രൈവറ്റ് ബസ് സ്റ്റാൻഡിലും തെരുവുനായ ശല്യം രൂക്ഷമാണ്. അലഞ്ഞുതിരിയുന്ന നായ്ക്കൾ പുലർച്ചെയെത്തുന്നവർക്ക് നേരെ കുരച്ചുകൊണ്ട് എടുത്തുചാടുന്നത് പതിവാണ്. ജൂലായ് 17ന് പുല്ലാന്നികോട് ജംഗ്ഷനിൽ തെരുവ് നായ ആക്രമണത്തിൽ ഒൻപത് വയസുകാരൻ ഉൾപ്പെടെ മൂന്നുപേർക്ക് പരിക്കേറ്റിരുന്നു.
വാക്സിനേഷനും ഇല്ല
ഒരു വർഷത്തോളമായി പ്രദേശത്ത് വാക്സിനേഷൻ നടപടികൾ നടക്കുന്നില്ലെന്നും പരാതിയുണ്ട്.
വിവിധയിടങ്ങളിൽ തെരുവ് നായ്ക്കൾ പെറ്റ് പെരുകുന്ന സാഹചര്യത്തിൽ വന്ധ്യംകരണ നടപടികൾ സർക്കാർ രജിസ്റ്ററിൽ മാത്രമാണെന്നും ആക്ഷേപമുണ്ട്. നായ്‌ക്കളുടെ പുനഃരധിവാസ കേന്ദ്രങ്ങളുടെയും വാക്സിനേഷൻ ഡ്രൈവുകളുടെയും അഭാവവും നേരിടുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |