പാറശാല: പാറശാല പരശുവയ്ക്കലിൽ പ്രവർത്തിക്കുന്ന ഗവ.ആടുവളർത്തൽ കേന്ദ്രം മലബാറി വിഭാഗത്തിലെ ആടുകൾക്കായുള്ള മികവിന്റെ കേന്ദ്രമായി മാറുകയാണ്. ഈ വിഭാഗത്തിൽ നിന്ന് ആദ്യമായി ഇവിടെ നിന്നും കർഷകർക്ക് മലബാറി വിഭാഗത്തിലെ സങ്കരയിനം ആട്ടിൻകുട്ടികളെ ആവശ്യാനുസരണം ലഭിക്കുന്നതാണ്. 5 ഏക്കർ വിസ്‌തൃതിയിൽ 2002ൽ ആരംഭിച്ച ഫാം പിന്നീട് ഘട്ടംഘട്ടമായി വികസിപ്പിച്ചതിലൂടെ 300 ആടുകളെ ഉൾക്കൊള്ളിക്കുന്ന ഫാമായി വളർന്നു.
കേരള ഫീഡ്സിൽ നിന്നും ലഭ്യമാകുന്ന പ്രീമിയം കാലിത്തീറ്റയും ഫാമിലെ വിശാലമായ പുൽത്തോട്ടത്തിൽ കൃഷിചെയ്യുന്ന തീറ്റപ്പുല്ലുമാണ് ആടുകൾക്ക് ആഹാരമായി നൽകുന്നത്. ഇവയെ പരിപാലിക്കുന്നതിനും വേണ്ടത്ര ചികിത്സ നൽകുന്നതിനുമായി പ്രത്യേകം പരിശീലനം നേടിയ നിരവധി ജീവനക്കാരും ഡോക്ടർമാരുമാണ് ഇവിടെയുള്ളത്. ആധുനിക സൗകര്യങ്ങളോടെ പ്രത്യേകം നിർമ്മിച്ചിട്ടുള്ള കെട്ടിടങ്ങളിലാണ് ആടുകളെ വളർത്തുന്നത്.
മികവിന്റെ കേന്ദ്രമായി പ്രഖ്യാപിക്കുന്നതോടെ ഇരുനിലകളിലായി പണിത പുതിയ കെട്ടിടങ്ങൾ കൂടി പ്രയോജനപ്പെടുത്തി ആയിരത്തോളം ആടുകളെ ഒരേസമയം വളർത്താൻ സൗകര്യമുള്ള കേന്ദ്രമായി മാറും. നിരവധി കർഷകർക്ക് സ്വയംതൊഴിൽ കണ്ടെത്തുന്നതിനും അഭ്യസ്തവിദ്യരായ ചെറുപ്പക്കാരെ ഈ മേഖലയിലേക്ക് ആകർഷിക്കുന്നതിനും തൊഴിൽ ലഭ്യമാക്കുന്നതിനും കഴിയുന്നതാണ്.
കേന്ദ്രത്തിന്റെ വികസനവുമായി ബന്ധപ്പെട്ട് 18ഏക്കർ സ്ഥലം ഏറ്റെടുക്കാനുള്ള പ്രവർത്തനങ്ങൾ നടന്നുവരുന്നുണ്ട്. നൂതന സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് പൂർത്തീകരിച്ച ഈ ഫാം കേരളത്തിലെ മാതൃകാ ഫാമായി മാറുന്നതാണെന്നും ബന്ധപ്പെട്ട അധികൃതർ അറിയിച്ചു. ഫാമിലെ ആടുകളുടെ വിസർജ്ജ്യങ്ങളും മാലിന്യങ്ങളും കൃത്യമായി സംസ്‌ക്കരിക്കുന്നതിനുള്ള ശാസ്ത്രീയ സംവിധാനങ്ങളും നടപ്പിലാക്കിയിട്ടുണ്ട്. ആടുകളുടെ വിസർജ്ജ്യം വളമായി മാറ്റി വാണിജ്യാടിസ്ഥാനത്തിൽ പുറത്തേക്ക് എത്തിക്കുന്നതിനുള്ള സജ്ജീകരണങ്ങളും ഉടനെ ആരംഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |