
വിതുര: പ്രതികൂല കാലാവസ്ഥയെ തുടർന്ന് രണ്ട് ദിവസമായി അടച്ചിട്ടിരുന്ന കല്ലാർ മീൻമുട്ടി വെള്ളച്ചാട്ടം തുറന്നു. പൊൻമുടി, ബോണക്കാട് വനമേഖലയിൽ കനത്തമഴ പെയ്തതിനെ തുടർന്ന് മലവെള്ളപ്പാച്ചിലുണ്ടായി നദിയിലെ ജലനിരപ്പ് ഉയർന്നിരുന്നു. ഇതോടെയാണ് മീൻമുട്ടി അടച്ചിട്ടത്. മറ്റ് മേഖലകളെ അപേക്ഷിച്ച് പൊൻമുടി, ബോണക്കാട്, പേപ്പാറ, കല്ലാർ വനമേഖലകളിൽ ഒരാഴ്ചയായി ശക്തമായ മഴ പെയ്യുകയാണ്. ഇടിമിന്നലും കാറ്റുമുണ്ട്.
പ്രതികൂല കാലാവസ്ഥയാണെങ്കിലും വിനോദസഞ്ചാര കേന്ദ്രമായ പൊൻമുടിയിൽ സഞ്ചാരികളുടെ തിരക്കേറുകയാണ്. ഇപ്പോൾ അവധി ദിവസങ്ങളിൽ സഞ്ചാരികളുടെ പ്രവാഹമാണ്. പൊൻമുടിയിൽ മൂടൽമഞ്ഞിന്റെ ആധിക്യമാണ്. പകൽസമയത്തും ശക്തമായ മഞ്ഞുവീഴ്ചയുണ്ട്. പുലി ഉൾപ്പെടെയുള്ള കാട്ടുമൃഗങ്ങളുടെ സാന്നിദ്ധ്യവുമുണ്ട്. മഴ ഇനിയും ശക്തിപ്രാപിച്ചാൽ പൊൻമുടി വീണ്ടും അടച്ചിടാൻ സാദ്ധ്യതയുണ്ട്.
കാട്ടാനശല്യം രൂക്ഷം
മഴ കനത്തതോടെ കല്ലാർ മേഖലയിൽ കാട്ടാനശല്യവും രൂക്ഷമായി. കഴിഞ്ഞ ദിവസം രാത്രിയിൽ മീൻമുട്ടിയിലേക്ക് പോകുന്ന വഴിയിൽ മംഗലംകരിക്കകത്ത് മോഹനന്റെ വിളയിൽ ഒറ്റയാൻ ഇറങ്ങി തെങ്ങ് പിഴുതിടുകയും, കൃഷി നശിപ്പിക്കുകയും ചെയ്തു.നേരത്തേ കല്ലാർ ഗവൺമെന്റ് സ്കൂൾ വളപ്പിൽ ഇറങ്ങി കൃഷി നശിപ്പിക്കുകയും, സ്കൂളിന്റെ മതിൽ തകർക്കുകയും ചെയ്തിരുന്നു. കല്ലാർ പൊൻമുടി റൂട്ടിലും ആനശല്യം രൂക്ഷമായിട്ടുണ്ട്. രാത്രികാലങ്ങളിൽ പൊൻമുടി സംസ്ഥാനപാതയിലാണ് അന്തിയുറക്കം. പുലർച്ചെ ബസ് എത്തി ഹോൺ മുഴക്കുമ്പോഴാണ് ആനകൾ കാട്ടിനുള്ളിലേക്ക് പോകുന്നത്.
ജാഗ്രത വേണം
പൊൻമുടി, കല്ലാർ മേഖലയിലെത്തുന്ന സഞ്ചാരികൾ ജാഗ്രത പുലർത്തണമെന്നും, വനപാലകരുടേയും, പൊലീസിന്റെയും നിർദ്ദേശങ്ങൾ പാലിച്ച് സന്ദർശനം നടത്തണമെന്നും അറിയിപ്പുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |