
ആറ്റിങ്ങൽ: കൊല്ലമ്പുഴയിലെ ചെക്ക് ഡാമിന്റെ പണി പാതിവഴിയിൽ. നാലു മാസമായി ഇവിടെ നിർമ്മാണ പ്രവർത്തനങ്ങൾ നടന്നിട്ടില്ല. പണി മുടങ്ങിയതോടെ പണിയിടത്തെ അന്യസംസ്ഥാന തൊഴിലാളികളും ലേബർ ക്യാമ്പ് വിട്ടുകഴിഞ്ഞു. വാമനപുരം നദിയിലെ നീരോഴുക്ക് ക്രമപ്പെടുത്തുന്നതിനും വേനൽക്കാലത്ത് കുടിവെള്ളം സംഭരിക്കുന്നതിനുമായാണ് കൊല്ലമ്പുഴയിൽ ചെക്ക്ഡാമിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. കൊല്ലമ്പുഴ പാലത്തിന് സമീപമാണ് ചെക്ക് ഡാം നിർമ്മിക്കുന്നത്.
ഒന്നാംഘട്ടത്തിൽ അഞ്ഞൂറ് മീറ്റർ ദൂരത്തിൽ നദിയുടെ ഇരുകരകളിലും പാർശ്വഭിത്തി നിർമ്മിക്കുന്നതിനുവേണ്ടി തെങ്ങിൻതടിയിൽ താൽക്കാലിക ബണ്ട് നിർമ്മിച്ച് ഭാഗികമായി മണ്ണിട്ടശേഷമാണ് പണികൾ നിറുത്തിവച്ചത്. 45 കോടി രൂപയാണ് നിർമ്മാണച്ചെലവ്. മൂന്ന് ഘട്ടങ്ങളിലായി നിർമ്മാണം പൂർത്തിയാക്കാനായിരുന്നു പദ്ധതി. കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്പ്മെന്റ് കോർപ്പറേഷനാണ് നിർമ്മാണച്ചുമതല. വാമനപുരം നദി കേന്ദ്രീകരിച്ച് ജില്ലയിലെ പകുതിയോളം പ്രദേശങ്ങളിലെ കുടിവെള്ള വിതരണ പദ്ധതികൾ നിലവിൽ പ്രവർത്തിക്കുന്നുണ്ട്. വേനൽക്കാലത്ത് നീരോഴുക്ക് നിലച്ച് നദിയുടെ അടിത്തട്ട് കാണുന്നതും പതിവാണ്.
നിർമ്മാണച്ചെലവ്-----------45കോടി രൂപ
നിർമ്മാണച്ചുമതല--കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്പ്മെന്റ് കോർപ്പറേഷൻ
ജലസംഭരണം കാര്യക്ഷമമായില്ല
ചിറയിൻകീഴ്, വർക്കല താലൂക്കുകളിൽ മാത്രം മൂന്നര ലക്ഷത്തിലധികം ഗാർഹിക, ഗാർഹികേതര വാട്ടർ കണക്ഷനുകൾ നിലവിൽ പ്രവർത്തിക്കുന്നുണ്ട്. തീരദേശ പഞ്ചായത്തുകൾ പൈപ്പ് വെള്ളത്തെയാണ് ആശ്രയിക്കുന്നത്. വേനൽക്കാലത്ത് കുടിവെള്ളവിതരണം മുടങ്ങുന്നതും പതിവാണ്. ഇത് പരിഹരിക്കാനായി പൂവമ്പാറ പാലത്തിനു സമീപം 17വർഷം മുമ്പ് സ്ഥിരം തടയണ നിർമ്മിച്ചിരുന്നു. ഇത് ജലസംഭരണികളിൽ ഉപ്പുവെള്ളം കയറുന്നത് തടഞ്ഞെങ്കിലും നദിയിലെ നീരോഴുക്കിനെ തടഞ്ഞുനിറുത്താൻ കഴിഞ്ഞില്ല. ഇവിടെ പിന്നീട് എല്ലാ വർഷവും ഒരു മീറ്റർ ഉയരത്തിലും, 45 മീറ്റർ നീളത്തിലും തടയണ താൽക്കാലികമായി ഉയർത്തുമെങ്കിലും ജല സംഭരണത്തെ ഇത് കാര്യമായി സഹായിച്ചിട്ടില്ല. ഇതിന് പരിഹാരമായിട്ടാണ് കൊല്ലമ്പുഴയിലെ ചെക്ക് ഡാം നിർമ്മാണം.
പ്രവർത്തനങ്ങൾ മുടങ്ങി
പാർശ്വഭിത്തിക്കായി നദിയിൽ തെങ്ങിൻതടികൾ കുഴിച്ചിട്ട ശേഷം ഓല കൊണ്ട് മൂടി മണ്ണിട്ട്, അതിനുള്ളിലാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തേണ്ടത്. എന്നാൽ സ്ഥിരനിർമ്മാണ പ്രവർത്തനങ്ങളാണിപ്പോൾ മുടങ്ങിയത്. കാലാവസ്ഥ, നദിയിലെ നീരോഴുക്ക് തുടങ്ങിയ കാര്യങ്ങൾ അടിസ്ഥാനമാക്കിയാണ് നിർമ്മാണ പ്രവർത്തനങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. എന്നാൽ നദിയിൽ കുഴിച്ചിട്ട തെങ്ങിൻതടികൾ വെള്ളം നനഞ്ഞ് നശിച്ചുതുടങ്ങി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |