മലയിൻകീഴ്: ആരും തിരിഞ്ഞുനോക്കാതെ പാർശ്വങ്ങൾ ഇടിഞ്ഞുവീണ് ഗ്രാമീണ മേഖലകളിലെ പൊതുകുളങ്ങൾ നശിക്കുന്നു. കൃഷിക്കും വീട്ടാവശ്യത്തിനുമായി ഉപയോഗിച്ചിരുന്ന ജലസ്രോതസുകളാണ് ഇപ്പോൾ നശിച്ചുകൊണ്ടിരിക്കുന്നത്. ഗ്രാമസഭകളിൽ പൊതുകുളം നവീകരിക്കാനും സംരക്ഷിക്കാനും പദ്ധതികളുണ്ടെങ്കിലും ഇതുവരെയൊന്നും പ്രാവർത്തികമായിട്ടില്ല. വേനൽക്കാലത്തെ കുടിവെള്ള ക്ഷാമത്തിന് പരിഹാരമായ കുളങ്ങളാണ് ഇത്തരത്തിൽ സംരക്ഷിക്കപ്പെടാതെ നശിക്കുന്നത്. മാറനല്ലൂർ പഞ്ചായത്തിലെ ഓഫീസ് വാർഡിലുൾപ്പെട്ട മുടന്തിക്കര പൊതുകുളം ഉപയോഗയോഗ്യമല്ലാതായിട്ട് വർഷങ്ങളായി.കണ്ടല ഇറയംകോട് കുളം നവീകരണത്തിനായി അടുത്തിടെ ലക്ഷങ്ങൾ വിനിയോഗിച്ചെങ്കിലും ഉപയോഗ യോഗ്യമാക്കാനായില്ല.
കാലങ്ങളായി മണ്ണ് മൂടിക്കിടക്കുന്ന എരുത്താവൂർ കുരിശോട്ടുകോണം കുളം പൂർവസ്ഥിതിയിലാക്കാനും കഴിഞ്ഞിട്ടില്ല.
മൂന്ന് വർഷത്തിനിടെ നേമം ബ്ലോക്ക് പഞ്ചായത്തിന്റെ 14.5 ലക്ഷം രൂപ വിനിയോഗിച്ച് ഇറയംകോട് കുളത്തിൽ നവീകരണ പ്രവർത്തനങ്ങൾ നടത്തിയെങ്കിലും ഇത് ജനങ്ങൾക്ക് പ്രയോജനപ്പെടാതെ കിടക്കുകയാണ്. അശാസ്ത്രീയ നവീകരണമാണ് ഇതിന് കാരണമെന്നാണ് നാട്ടുകാർ പറയുന്നത്.
നവീകരണം നടപ്പായില്ല
തൂങ്ങാംപാറ,ഇറയംകോട് പ്രദേശങ്ങളിലുള്ളവർ മുൻകാലങ്ങളിൽ കുളിക്കുന്നതിനും വസ്ത്രം കഴുകുന്നതിനും കൃഷിക്കും ഇറയംകോട് കുളത്തിലെ വെള്ളം ഉപയോഗിച്ചിരുന്നു. 25 ലക്ഷം രൂപ വിനിയോഗിച്ച് കുളം നവീകരിക്കുമെന്ന് പഞ്ചായത്ത് അധികൃതർ ഉറപ്പ് നൽകിയിരുന്നെങ്കിലും ഫലമുണ്ടായിട്ടില്ല. കുളത്തിൽ അടിഞ്ഞുകൂടിയ മണ്ണ് നീക്കം ചെയ്ത് കാട് വെട്ടി മാറ്റി നവീകരണം നടത്തിയാൽ മാത്രമേ കുളം പൂർവ സ്ഥിതിയിലാവുകയുള്ളു.
പദ്ധതികൾ യാഥാർത്ഥ്യ മാകാതെ
എരുത്താവൂർ പാപ്പാകോട് കുരിശോട്ടുകോണം കുളവും വർഷങ്ങളായി ഉപയോഗ്യമല്ലാതെ കിടക്കുകയാണ്. കുളത്തിൽ മണ്ണ് മൂടിയതിനെ തുടർന്ന് ചിലർ കുളത്തിൽ വാഴ കൃഷി ആരംഭിച്ചിരുന്നു.പാഴ്ച്ചെടികൾ വളർന്നിറങ്ങി ഇഴജന്തുക്കളുടെ താവളമായിട്ടുണ്ട് ഈ കുളങ്ങൾ. കുളങ്ങൾ നവീകരിക്കുന്നതിന് ഭീമമായ ഫണ്ട് വേണ്ടി വരുമെന്ന കാരണത്താലാണ് പദ്ധതികൾ യാഥാർത്ഥ്യമാകാതെ കിടക്കുന്നത്.മലയിൻകീഴ് പഞ്ചായത്തിലുൾപ്പെട്ട ഓഫീസ് വാർഡിലെ ശാന്തുമൂല പൊതുകുളം അടുത്തിടെ ലക്ഷങ്ങൾ വിനിയോഗിച്ച് പഞ്ചായത്ത് നവീകരിച്ചെങ്കിലും ഉപയോഗയോഗ്യമായിട്ടില്ല.
ലക്ഷങ്ങൾ പൊടിച്ചിട്ടും ഫലമുണ്ടായില്ല.
പഞ്ചായത്തിലെ പൊതുകുളങ്ങൾ സംരക്ഷിച്ച് ജനങ്ങൾക്ക് ഉപയോഗയോഗ്യമാക്കണം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |