
പാലോട്: ബ്രൈമൂർ-പാലോട് റോഡിന് ഇരുവശവും അപകടകരമായ രീതിയിൽ ഉണങ്ങി നിൽക്കുന്ന മരങ്ങൾ അടിയന്തരമായി മുറിച്ചുമാറ്റണമെന്ന ആവശ്യം ശക്തമായിട്ടും വനംവകുപ്പിന്റെ ഭാഗത്തു നിന്നും നടപടിയുണ്ടാകാത്തതിൽ പ്രതിഷേധവുമായി നാട്ടുകാർ.
ഇക്കഴിഞ്ഞ 7ന് രാത്രി 10ഓടെ സുഹൃത്തിനോടൊപ്പം ബൈക്കിൽ വിവാഹ സ്വീകരണത്തിൽ പങ്കെടുത്ത് മടങ്ങവേ മുല്ലച്ചൽ വളവിൽവച്ച് ഉണങ്ങിയ മാഞ്ചിയംമരം തലയിൽ വീണ് ഇടിഞ്ഞാർ സ്വദേശി ഹർഷകുമാർ (ഷൈജു) മരിച്ചു. ഇടവം മുതൽ ബ്രൈമൂർ വരെ ഉണങ്ങി റോഡിനരികിൽ അപകടകരമായി നില്ക്കുന്ന മരങ്ങൾ മുറിച്ചുമാറ്റുമെന്ന് ഡി.കെ.മുരളിയടക്കമുള്ള ജനപ്രതിനിധികൾക്കും രാഷ്ട്രീയ നേതാക്കൾക്കും ഡി.എഫ്.ഒ അടക്കമുള്ള വനം ഉദ്യോഗസ്ഥരും ഉറപ്പ് നല്കിയതാണ്. സംഭവം നടന്ന് രണ്ടാഴ്ച കഴിഞ്ഞിട്ടും നടപടിയായില്ലെന്നുമാത്രമല്ല കഴിഞ്ഞദിവസം വീണ്ടും റോഡരികിൽ നില്ക്കുന്ന മരം വൈദ്യുത കമ്പിയുടെ മുകളിലേക്ക് ഒടിഞ്ഞുവീണു.
ഒരു അപകടമരണം സംഭവിച്ചിട്ടും വനംഉദ്യോഗസ്ഥർ ഉണർന്ന് പ്രവർത്തിക്കുന്നില്ലെന്നും ജനങ്ങളുടെ ജീവൻവച്ച് കളിക്കുന്ന വനം ഉദ്യോഗസ്ഥരുടെ നടപടിയിൽ ശക്തമായ പ്രതിഷേധമുണ്ടെന്നും അടിയന്തരമായി ഗാർഡ് സ്റ്റേഷൻ മുതൽ ബ്രൈമൂർ വരെ റോഡരികിൽ നില്ക്കുന്ന മരങ്ങൾ മുറിച്ചുമാറ്റിയില്ലെങ്കിൽ സി.പി.ഐയുടെ നേതൃത്വത്തിൽ ശക്തമായ ജനകീയ പ്രക്ഷോഭം നടത്തുമെന്നും പാലോട് മണ്ഡലം അസി. സെക്രട്ടറി കെ.ജെ.കുഞ്ഞുമോനും ഇടിഞ്ഞാർ വാർഡ് മെമ്പർ ജി.മനുവും അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |