SignIn
Kerala Kaumudi Online
Wednesday, 18 February 2026 9.32 PM IST

വലിയകട ജംഗ്ഷൻ - ശാർക്കര ബൈപ്പാസ് റോഡ് വികസന പദ്ധതികൾ നീളുന്നു

Increase Font Size Decrease Font Size Print Page
photo

ചിറയിൻകീഴ്: വലിയകട ജംഗ്ഷനും വലിയകട - ശാർക്കര ബൈപ്പാസ് റോഡും ഗതാഗതത്തിരക്കിലമർന്ന് വീർപ്പുമുട്ടുന്നു. സ്ഥലമേറ്റെടുത്ത് വീതിക്കൂട്ടൽ പദ്ധതികളിപ്പോഴും നീളുകയാണ്. സർവേ നടപടികൾ പൂർത്തിയാക്കി കല്ലുകൾ സ്ഥാപിച്ചെങ്കിലും ഭൂമിയേറ്റെടുക്കൽ നടപടികൾ വൈകുകയാണ്. ശാർക്കര വില്ലേജിലെ വിവിധ സർവേ നമ്പരുകളിൽപ്പെട്ട 191ഉടമകളിൽ നിന്ന് 67.39 ഏക്കർ ഭൂമിയാണ് ഇതിനുവേണ്ടി ഏറ്റെടുക്കേണ്ടത്. പദ്ധതിയുടെ ഭാഗമായി വലിയകട-ശാർക്കര ബൈപ്പാസ് റോഡിന്റെ വീതി 15 മീറ്ററായി ഉയർത്തും. വലിയകട ജംഗ്ഷനിൽ ട്രാഫിക് ഐലന്റോടൊപ്പം ചക്കുവിളാകം വരെയുളള റോഡിന്റെ വീതിയും വർദ്ധിപ്പിക്കും. സ്ഥലമേറ്റെടുപ്പ് 14വീടുകളേയും 149 കച്ചവട സ്ഥാപനങ്ങളേയും ബാധിക്കും. 13 കച്ചവട സ്ഥാപനങ്ങളെ പൂർണ്ണമായും 17 സ്ഥാപനങ്ങളെ ഭാഗികമായുമാണ് ബാധിക്കുക. ഭൂമിയേറ്റെടുക്കുന്ന ഉടമകൾക്കും കുടുംബങ്ങൾക്കും നഷ്ടപരിഹാരം ലഭ്യമാക്കുന്നതിന് 81കോടി രൂപയാണ് കണക്കാക്കിയിരിക്കുന്നത്. ശാർക്കര ബൈപ്പാസ് മുതൽ വലിയകട ജംഗ്ഷനും ചക്കുവിളാകം വരെയുള്ള റോഡിന്റേയും വീതികൂട്ടുന്നതിന് 8.75കോടി രൂപയുടെ പ്രാഥമിക അനുമതി ലഭിച്ചതുപ്രകാരമാണ് സർവേയും കല്ലിടലും ആരംഭിച്ചത്. നിലവിൽ രണ്ട് കെ.എസ്.ആർ.ടി.സി ബസുകൾക്ക് കഷ്ടിച്ച് കടന്നുപോകാൻ പാകത്തിലുളള വീതിയാണ് ശാർക്കര ബൈപ്പാസ്- വലിയകട റോഡിനുള്ളത്. ഗതാഗതത്തിരക്കേറിയ ചിറയിൻകീഴ്–കണിയാപുരം പാതയിലാണ് വാഹനനിയന്ത്രണം പാളിയുള്ള ഗതാഗതക്കുരുക്കിനും യാത്രയ്ക്കും വർഷങ്ങളായി വൻ ദുരിതമുണ്ടാക്കുന്നത്. ട്രെയിനുകൾ കടന്നുപോകുന്നതിനു മണിക്കൂറിൽ നിരവധി തവണയാണ് ശാർക്കര റെയിൽവേഗേറ്റ് അടച്ചിടുന്നത്.

 റോഡിന്റെ വീതിക്കുറവ് വില്ലനാകുന്നു

ശാർക്കര പൊങ്കാല,കാളിയൂട്ട്,ശാർക്കര ഭരണി ഉത്സവ നാളുകളിലൊക്കെ ഈ റോഡിന്റെ വീതിക്കുറവ് വില്ലനാകാറുണ്ട്. താലൂക്ക് ആശുപത്രി, റെയിൽവേ എന്നിവിടങ്ങളിൽ എത്തുന്നവരെയും ഈ റോഡിലെ ഗതാഗത പ്രശ്നം പലപ്പോഴും ബാധിക്കാറുണ്ട്. വലിയകട ജംഗ്ഷനിലെ വീതിക്കുറവ് കാരണം ബസുകൾ പ്രവേശിക്കുവാൻ ബുദ്ധിമുട്ടുന്നു. ഇക്കാരണത്താൽ തന്നെ ലോ- ഫ്ലോർ ബസുകൾക്കടക്കം ഈ ഭാഗത്തേക്ക് സർവീസുകൾ നീട്ടിയിട്ടില്ലായിരുന്നു. വലിയകട ജംഗ്ഷനിലെ അനധികൃത പാർക്കിംഗും വീതിക്കുറവുമെല്ലാം ഇതുവഴിയുളള യാത്രക്കാരെയും അക്ഷരാർത്ഥത്തിൽ വീർപ്പ് മുട്ടിക്കുകയാണ്.

191ഉടമകളിൽ നിന്ന് 67.39 ഏക്കർ ഭൂമി ഏറ്റെടുക്കേണം

വലിയകട-ശാർക്കര ബൈപ്പാസ് റോഡിന്റെ വീതി 15മീറ്ററായി ഉയർത്തും

വലിയകട ജംഗ്ഷൻ - ചക്കുവിളാകം റോഡ് വീതിക്കൂട്ടാൻ 8.75കോടി

TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY