മൃഗശാലയിലെ പെൺ കടുവ ചത്തു

Sunday 03 May 2026 1:47 AM IST

തിരുവനന്തപുരം: മൃഗശാലയിലെ പെൺ കടുവ ചത്തു.2025 ജനുവരിയിൽ സൗത്ത് വയനാട് ഫോറസ്റ്റ് ഡിവിഷനിലെ അമരികുനി മേഖലയിൽ നിന്ന് പിടികൂടിയ പെൺ കടുവയാണ് ഇന്നലെ രാവിലെ 6ന് ചത്തത്.ഏകദേശം 11 വയസുള്ള കടുവയെ ജനവാസ മേഖലയിൽ പ്രശ്നമുണ്ടാക്കിയതിനെ തുടർന്ന് പുനരധിവാസത്തിനായി 2025ലാണ് തിരുവനന്തപുരം മൃഗശാലയിൽ എത്തിച്ചത്.

പരിക്കുകൾ ഭേദമാക്കിയെങ്കിലും കോമ്പല്ലുകൾ നഷ്ടപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ രണ്ടാഴ്ചയായി ചികിത്സയിലായിരുന്നു. കരൾ രോഗബാധയുള്ളതിനാൽ മരുന്നുകളോട് പ്രതികരിച്ചിരുന്നില്ലെന്ന് അധികൃതർ പറഞ്ഞു.

എൻ.ടി.സി.എ (നാഷണൽ ടൈഗർ കൺസർവേഷൻ അതോറിട്ടി) മാർഗനിർദ്ദേശങ്ങൾ അനുസരിച്ച് പാലോട് സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അനിമൽ ഡിസീസിലെ ഡോ.ഹരീഷ്.സി,മൃഗശാല വെറ്ററിനറി സർജൻ ഡോ.നികേഷ് കിരൺ എന്നിവരുടെ നേതൃത്വത്തിൽ പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കി ഇന്നലെ വൈകിട്ട് 3ന് ദഹിപ്പിച്ചു.ആക്യൂട്ട് ബ്രോങ്കോ ന്യുമോണിയയാണ് മരണ കാരണമെന്ന് വെറ്ററിനറി സർജൻ പറഞ്ഞു.

മൃഗശാല ഡയറക്ടർ മഞ്ജുളാ ദേവി അന്തിമോപചാരം അർപ്പിച്ചു.മൃഗശാല സൂപ്രണ്ട് രാജേഷ്.വി.എസ്,ബയോളജിസ്റ്റ് ശ്വേത മുകുന്ദൻ,ലൈവ്‌സ്റ്റോക്ക് ഇൻസ്‌പെക്ടർമാരായ ജിജോ,നഹാസ്,അസിസ്റ്റന്റ് രാജേഷ്,സൂപ്പർവൈസർമാരായ രാജേഷ്,വാസുദേവൻ,രാമചന്ദ്രൻ എന്നിവർ പങ്കെടുത്തു.ഇനി ശ്രാവൺ എന്ന വെള്ള കടുവയും രണ്ട് ബംഗാൾ കടുവകളുമാണ് മൃഗശാലയിലുള്ളത്.