മറ്റീർ മെമ്മോറിയൽ സി.എസ്.ഐ ദേവാലയത്തിൽ 120ാം വാർഷികം
തിരുവനന്തപുരം: മറ്റീർ മെമ്മോറിയൽ സി.എസ്.ഐ ദേവാലയത്തിന്റെ (എം.എം ചർച്ച്) 188-ാം കോൺഗ്രിഗേഷൻ ദിനവും 120-ാം ദേവാലയ വാർഷിക ആഘോഷങ്ങളും ആരംഭിച്ചു.
വാർഷികത്തോടനുബന്ധിച്ച് ഒരുവർഷം നീണ്ടു നിൽക്കുന്ന ആത്മീയ സാമൂഹിക പ്രവർത്തനങ്ങൾ നടത്തും. ഭവന നിർമാണം,വിദ്യാഭ്യാസ സ്കോളർഷിപ്,പഠനോപകരണ വിതരണം,വിവാഹ സഹായം, മെഡിക്കൽ ക്യാമ്പുകളും സൗജന്യ മരുന്ന് വിതരണവും,ചികിത്സാ സഹായം,ദേവാലയ നിർമ്മാണം,തൊഴിൽ മേള, ആർസിസിയിലെ രോഗികൾക്ക് ആഴ്ചതോറും ഉച്ചഭക്ഷണം വിതരണം,സ്വയം തൊഴിൽ സഹായം,സുവിശേഷ യോഗങ്ങൾ എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്.
ലണ്ടൻ മിഷനറി സൊസൈറ്റിയുടെ (എൽ.എം.എസ്) മിഷനറി ജോൺ കോക്‌സിന്റെ നേതൃത്വത്തിൽ പേട്ടയിലാണ് 1838 മേയ് 13ന് ആദ്യമായി ആരാധനാ കൂട്ടായ്‌മ തുടങ്ങിയത്. 1861 മുതൽ 1893 വരെ തിരുവിതാംകൂറിൽ എൽ.എം.എസ് മിഷനറിയായി പ്രവർത്തിച്ച ചരിത്രകാരൻ സാമുവൽ മറ്റീറിന്റെ ഓർമ്മയ്‌ക്കായാണ് 1906ൽ സ്ഥാപിച്ച ഇപ്പോഴുള്ള ദേവാലയത്തിന് ആ പേര് നൽകിയത്.