വർക്കല: മദ്യം വാങ്ങാൻ വർക്കല ബിവറേജസ് ഔട്ട്ലെറ്റിൽ എത്തിയ യുവാക്കൾ വാങ്ങിയ മദ്യത്തിന് ഒപ്പം മറ്റൊരു കുപ്പി മദ്യം കൂടി മോഷ്ടിച്ചതായി പരാതി. വർക്കല ബിവറേജസ് ഔട്ട്ലെറ്റിൽ കഴിഞ്ഞദിവസം ഉച്ചയോടെയാണ് സംഭവം. ഔട്ട്ലെറ്റിൽ മദ്യം വാങ്ങാൻ എത്തിയ നാല് യുവാക്കളിൽ ഒരാളാണ് ഒരു കുപ്പി മദ്യം കൂടി സുഹൃത്ത് ബില്ല് അടയ്ക്കുന്നതിന്റെ മറവിൽ മോഷ്ടിച്ചത്. തന്ത്രപൂർവം മദ്യക്കുപ്പി മോഷ്ടിക്കുന്നത് സി.സി ടിവിയിൽ വ്യക്തമായിട്ടുണ്ട്.
രാത്രിയിൽ ജീവനക്കാർ സ്റ്റോക്ക് ചെക്ക് ചെയ്യുമ്പോഴാണ് ഒരു കുപ്പി മദ്യത്തിന്റെ കുറവ് കണ്ടത്. 1380 രൂപ വില വരുന്ന മദ്യക്കുപ്പിയാണ് മോഷണം പോയതെന്ന് പരിശോധനയിൽ കണ്ടെത്തി. തുടർന്ന് ബിവറേജസ് ഉദ്യോഗസ്ഥർ സി.സി ടിവി പരിശോധിച്ചപ്പോഴാണ് മോഷണ വിവരം അറിയുന്നത്. 7350 രൂപയ്ക്ക് യുവാക്കൾ മദ്യം വാങ്ങിയിട്ടുണ്ട്. യുവാക്കളുടെ ചിത്രവും കാമറയിൽ പതിഞ്ഞിട്ടുണ്ട്. ഇത് സംബന്ധിച്ച് വർക്കല പൊലീസിൽ ഔട്ട്ലെറ്റ് അധികൃതർ പരാതി നൽകി. യുവാക്കളെ ഉടൻ പിടികൂടുമെന്ന് വർക്കല സി.ഐ പ്രശാന്ത് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |