തിരുവനന്തപുരം: ഗതാഗത നിയന്ത്രണത്തിനും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും പൊലീസ് പട്രോൾ സംവിധാനം വിപുലമാക്കുന്നതിന്റെ ഭാഗമായി തലസ്ഥാനത്തും കൊച്ചി മോഡൽ ഹോവർ ബോർഡ് ഇലക്ട്രിക് സ്കൂട്ടർ പട്രോളിംഗിന് ആലോചന. കൊച്ചിയിൽ നിന്ന് സിറ്റി പൊലീസ് കമ്മിഷണറായി ചുമതലയേറ്റ സി.എച്ച്.നാഗരാജുവാണ് നഗരസുരക്ഷയ്ക്ക് ഹോവർ ബോർഡ് ഇലക്ട്രിക് സ്കൂട്ടറുകളുടെ സേവനം ഉപയോഗപ്പെടുത്തുന്ന പദ്ധതികളെപ്പറ്റി ആലോചന തുടങ്ങിയത്.
ജനസംഖ്യയ്ക്കും കുറ്റകൃത്യങ്ങളുടെ വർദ്ധനവിനും അനുസൃതമായി പൊലീസിന്റെ മാനവശേഷി ഫലപ്രദമായി വിനിയോഗിക്കാൻ ഹോവർ ബോർഡ് സ്കൂട്ടറുകൾ പ്രയോജനപ്പെടുമെന്നാണ് കരുതപ്പെടുന്നത്. ബൈക്ക്-ജീപ്പ് പട്രോളിംഗിൽ ഒരേസമയം ഒന്നിലധികം പൊലീസുകാർ ആവശ്യമായി വരുമ്പോൾ ഹോവർ ബോർഡിൽ പൊലീസുകാരെ ഒന്നിലധികം റൂട്ടുകളിൽ പട്രോളിംഗിനായി നിയോഗിക്കാമെന്നതാണ് നേട്ടം.
നഗരത്തിൽ രാവിലെയും വൈകിട്ടും ഏറ്റവും തിരക്കുള്ള മാനവീയം വീഥി,വെളളയമ്പലം-കവടിയാർ-പേരൂർക്കട, പി.എം.ജി-പട്ടം, പട്ടം-കേശവദാസപുരം, കിഴക്കേകോട്ട-തമ്പാനൂർ, കിഴക്കേകോട്ട-പാളയം, പാറ്റൂർ-വഞ്ചിയൂർ-പടിഞ്ഞാറേക്കോട്ട, അട്ടക്കുളങ്ങര, പദ്മനാഭ സ്വാമി ക്ഷേത്ര പരിസരം, ചാല റോഡുകളിലാണ് തുടക്കത്തിൽ ഹോവർ ബോർഡ് ഇലക്ട്രിക് സ്കൂട്ടർ പരീക്ഷിക്കാൻ ആലോചിക്കുന്നത്.
ബീക്കൺ ലൈറ്റോ, സൈറണോ ഇല്ലാതെ ശബ്ദമില്ലാത്ത ഇലക്ട്രിക് സ്കൂട്ടറിൽ സദാ റോന്ത് ചുറ്റുന്ന പൊലീസുകാർക്ക് റോഡും പരിസരവും നിരീക്ഷിക്കാൻ ഇത് സഹായിക്കും. ട്രാഫിക് ഡ്യൂട്ടിയിലുള്ള പൊലീസുകാർക്കും വാഹനത്തിരക്കിനിടയിലൂടെ സുഗമമായി സഞ്ചരിക്കാമെന്നതിനൊപ്പം ആയാസമില്ലാതെ കൂടുതൽ ദൂരം സഞ്ചരിച്ച് നിരീക്ഷണം നടത്താനുമാവും. കൊച്ചിയിൽ പദ്ധതി വിജയകരമാണെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് തലസ്ഥാനത്തേക്കുകൂടി വ്യാപിപ്പിക്കാൻ ആലോചിക്കുന്നത്.
ഹോവർ ബോർഡ്
ഇലക്ട്രിക് സ്കൂട്ടർ
ബീക്കൺ ലൈറ്റോ സൈറണോ ഇല്ലാതെ ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഇരുചക്രവാഹനമാണ് ഹോവർ ബോർഡ് ഇലക്ട്രിക് സ്കൂട്ടർ. ഒരുലക്ഷം രൂപയ്ക്ക് മുകളിലാണ് വില. പൂർണമായി ചാർജ് ചെയ്താൽ 25-30 കിലോമീറ്റർ സഞ്ചരിക്കാം. റിമോട്ട് ഉപയോഗിച്ച് ഓണാക്കി വിവിധ മോഡുകൾ തിരഞ്ഞെടുക്കാനാകും. ശബ്ദശല്യമോ മലിനീകരണമോ ഇല്ലാതെ പരിസ്ഥിതി സൗഹൃദമാണെന്ന പ്രത്യേകതയുമുണ്ട്.
തിക്കും തിരക്കുമേറിയ കൊച്ചിയിൽ പദ്ധതി വിജയകരമാണ്. തലസ്ഥാനത്ത് ഗതാഗതത്തിരക്ക് നിയന്ത്രിക്കാനും പൊതുജനങ്ങളുടെ സുരക്ഷയ്ക്കുമായി ഹോവർ ബോർഡ് പട്രോളിംഗ് പരിഗണനയിലാണ്. ഇതിനായി ഇലക്ടിക് സ്കൂട്ടറുകൾ വാങ്ങുന്നതും പൊലീസുകാർക്ക് പരിശീലനം നൽകുന്നതും ആലോചിക്കുന്നുണ്ട്.
സി.എച്ച്. നാഗരാജു
സിറ്റി പൊലീസ് കമ്മിഷണർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |