മഞ്ചേരി: വീട്ടിലേക്ക് നടന്നു പോകുകയായിരുന്ന പന്ത്രണ്ടുകാരനെ കത്തി കാട്ടി ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയി പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയനാക്കിയ ഓട്ടോ ഡ്രൈവർക്ക് മഞ്ചേരി പോക്സോ അതിവേഗ കോടതി ഏഴു വർഷം കഠിന തടവും 45500 രൂപ പിഴയും ശിക്ഷ വിധിച്ചു. മലപ്പുറം ഡൗൺഹിൽ മുരിങ്ങാത്തൊടി അബ്ദുൽ അസീസിനെയാണ് (32) ജഡ്ജി കെ. രാജേഷ് ശിക്ഷിച്ചത്.
2015 നവംബർ 27ന് വൈകീട്ട് 6.15നാണ് സംഭവം. മലപ്പുറത്തെ ചർച്ചിൽ നിന്നും കുർബാന കഴിഞ്ഞ് മൈലപ്പുറത്തെ വീട്ടിലേക്ക് നടന്നു പോകുകയായിരുന്നു കുട്ടിയെ പിറകിൽ ഓട്ടോയുമായി എത്തിയ പ്രതി വീട്ടിലെത്തിക്കാമെന്ന് പറഞ്ഞ് ഓട്ടോയിൽ കയറ്റുകയും പുഴയോരത്ത് കൊണ്ടുപോയി പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കുകയുമായിരുന്നു.
പ്രോസിക്യൂഷനു വേണ്ടി ഹാജരായ അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. എ. സോമസുന്ദരൻ എട്ട് സാക്ഷികളെ കോടതി മുമ്പാകെ വിസ്തരിച്ചു. മലപ്പുറം പൊലീസ് ഇൻസ്പെക്ടറായിരുന്ന റിച്ചാർഡ് വർഗ്ഗീസാണ് കേസന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. ശിക്ഷ ഒരുമിച്ചനുഭവിച്ചാൽ മതി. പിഴയടക്കുന്നപക്ഷം തുക പീഡനത്തിനിരയായ കുട്ടിക്ക് നൽകാനും കോടതി വിധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |