ബാലരാമപുരം: വേനലിൽ നീരുറവകളിലെ ജലം കുറയുന്നതുമൂലം ബാലരാമപുരത്ത് കുടിവെള്ളക്ഷാമം രൂക്ഷമാകും. പൊതുമേഖലാ ബാങ്കായ നബാർഡിന്റെ സഹായത്തോടെ കോടികൾ ചെലവിട്ട് കുടിവെള്ള ടാങ്കിന്റെയും പൈപ്പ്ലൈനിന്റെയും പണി പൂർത്തീകരിച്ച ബാലരാമപുരം സംയോജിത കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം വൈകുന്നതിനെതിരെ വിവിധ ഭാഗങ്ങളിൽ നിന്നും പ്രതിഷേധമുയരുന്നുണ്ട്. നബാർഡിന്റെ സഹായത്തോടെ വാട്ടർ അതോറിട്ടി പ്രോജക്ട് ഡിവിഷനാണ് 13 കോടിയോളം രൂപ ചെലവിട്ട് ബാലരാമപുരം പഞ്ചായത്തിൽ ഇരുപത് വാർഡുകളിൽ പൈപ്പ്ലൈൻ സ്ഥാപിച്ചതും കുടിവെള്ള പദ്ധതിയുടെ പണികൾ പൂർത്തീകരിച്ചതും. പൈപ്പ് ലൈൻ സ്ഥാപിച്ച് മൂന്ന് വർഷം കഴിഞ്ഞിട്ടും ഉദ്ഘാടനം കഴിയാത്തതിനാൽ കുടിവെള്ള പദ്ധതി എങ്ങുമെത്താത്ത അവസ്ഥയിലാണ്. ടണലിന് മുകളിലൂടെ ജലവാഹിനി കുഴലുകൾ സ്ഥാപിക്കുന്നതിന് പദ്ധതിയുടെ ഭാഗമായി സർക്കാർ റെയിൽവേയ്ക്ക് അടയ്ക്കാനുള്ള 15 കോടിയോളം രൂപയിൽ 13 കോടി രൂപ നേരത്തെ അടച്ചിരുന്നു. മുക്കമ്പാലമൂടിന് സമീപം റെയിൽവേ ടണലിന് കുറുകെ പൈപ്പ് ലൈൻ സ്ഥാപിക്കാൻ അനുമതി നിഷേധിച്ചതിനാൽ രണ്ട് വർഷത്തോളം പദ്ധതി തടസപ്പെട്ടിരുന്നു. പൈപ്പ്ലൈൻ സ്ഥാപിക്കാൻ റെയിൽവേ അനുമതി നൽകിയെങ്കിലും ചില സാങ്കേതിക കാരണങ്ങളാൽ പദ്ധതി വീണ്ടും അനിശ്ചിതത്വത്തിലായിരിക്കുകയാണ്. എം.എൽ.എ, എം.പി, പഞ്ചായത്ത് ഭരണസമിതി സംയുക്തമായി റെയിൽവേ ഡിവിഷൻ ഉദ്യോഗസ്ഥരുമായി അടിയന്തര ചർച്ച നടത്തി പദ്ധതി എത്രയും വേഗം നടപ്പാക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
കുടിവെള്ളക്ഷാമം രൂക്ഷമാകുമ്പോൾ
ബാലരാമപുരം വണിഗർ തെരുവിൽ ദശലക്ഷം ലിറ്റർ സംഭരണശേഷിയുള്ള കൂറ്റൻ ഓവർഹെഡ് ടാങ്കിന്റെ പണികൾ പൂർത്തിയായിട്ട് വർഷങ്ങൾ കഴിഞ്ഞു. വേനൽക്കാലത്ത് കടുത്ത കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്ന പ്രദേശങ്ങളിലൊന്നാണ് ബാലരാമപുരം. വേനലിൽ കുടിവെള്ളക്ഷാമം രൂക്ഷമാകുമ്പോൾ നെയ്യാർ ഇറിഗേഷൻ ഡിവിഷനു കീഴിൽ ആറാലുംമൂട് വാട്ടർ അതോറിട്ടിയെയാണ് കുടിവെള്ളത്തിനായി ആശ്രയിക്കുന്നത്. ആഴ്ചയിൽ രണ്ടും മൂന്നും ദിവസം പമ്പിംഗ് നടക്കുമെങ്കിലും പഞ്ചായത്തിലെ എല്ലാ പ്രദേശങ്ങളിലും സുഗമമായി ജലവിതരണം മുന്നോട്ടുകൊണ്ടുപോകാൻ കഴിയാത്ത സ്ഥിതിയാണ്. വരും ദിവസങ്ങളിൽ ജലദൗർലഭ്യം ശക്തമാകുന്നതോടെ ബാലരാമപുരം കുടിവെള്ള പദ്ധതി പ്രാദേശിക ഭരണസംവിധാനത്തിന് കമ്മീഷൻ ചെയ്യുകയെന്ന ദൗത്യം മാത്രമേ അധികൃതർക്ക് മുന്നിലുള്ളൂ. വണിഗർ തെരുവിലെ ടാങ്കിൽ കാളിപ്പാറ പദ്ധതിയിൽ നിന്ന് ജലവിതരണം സുഗമമായാൽ ബാലരാമപുരത്തെ കുടിവെള്ള ക്ഷാമത്തിന് ശാശ്വതപരിഹാരമാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |