തിരുവനന്തപുരം: ശംഖുംമുഖം - എയർപോർട്ട് റോഡിൽ ഗതാഗതക്കുരുക്ക് സൃഷ്ടിക്കുന്ന ഡിവൈഡർ നിർമ്മാണത്തെ ന്യായീകരിച്ച് കെ.ആർ.എഫ്.ബി അധികൃതർ. റോഡിന് അഞ്ചര മീറ്ററിൽ കുറവ് വീതി വരുന്ന ശംഖുംമുഖത്തു നിന്ന് ഡൊമസ്റ്റിക്ക് എയർപോർട്ടിലേക്കുള്ള വളവിൽ ഡിവൈഡർ സ്ഥാപിക്കില്ലെന്നാണ് വിശദീകരണം. വീതി കുറഞ്ഞ റോഡിൽ ഡിവൈഡർ വന്നശേഷം വാഹനാപകടങ്ങളും ആശയക്കുഴപ്പങ്ങളും വർദ്ധിച്ചിട്ടുണ്ടെന്ന് കേരള കൗമുദി കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു.
ശംഖുംമുഖം - എയർപോർട്ട് റോഡിൽ ഡിവൈഡർ നിർമ്മാണം പുരോഗമിക്കുകയാണ്. 240 മീറ്റർ നീളമുള്ള ഡിവൈഡറിന്റെ 120 മീറ്ററോളം നിർമ്മാണം പൂർത്തിയായി. രണ്ടാഴ്ചയ്ക്കുള്ളിൽ ബാക്കി പണിയും പൂർത്തിയാകും.
മെച്ചപ്പെട്ട പാർക്കിംഗ് വേണം
സാഗരകന്യക ശില്പം ഉൾപ്പെടെ സ്ഥിതിചെയ്യുന്ന പാർക്കിനടുത്താണ് നിലവിൽ പാർക്കിംഗ് സൗകര്യമുള്ളത്. ഇരുചക്ര വാഹനങ്ങളുൾപ്പെടെ മുപ്പത് വാഹനങ്ങളിലേറെ ഇവിടെ പാർക്ക് ചെയ്യാനാവില്ല. വാഹനങ്ങൾ പാർക്കിംഗ് ഏരിയയിൽ നിന്ന് പുറത്തേക്കിറക്കുമ്പോൾ ഗതാഗതക്കുരുക്ക് ഉണ്ടാകുന്നതും പതിവാണ്. ചായക്കടകൾ, ഐസ്ക്രീം ഷോപ്പുകൾ തുടങ്ങി ചെറുതും വലുതുമായ നിരവധി കടകൾ ഇവിടെ പ്രവർത്തിക്കുന്നുണ്ട്. മെച്ചപ്പെട്ട പാർക്കിംഗ് സൗകര്യം ഇല്ലാത്തതിനാലാണ് വാഹനങ്ങൾ ശംഖുംമുഖം - എയർപോർട്ട് റോഡിൽ പാർക്ക് ചെയ്യുന്നത്. ശംഖുംമുഖം ടൂറിസത്തിന്റെ ഭാഗമായി പാർക്കിംഗ് സൗകര്യം മെച്ചപ്പെടുത്തുമെന്ന് ഡി.ടി.പി.സി സെക്രട്ടറി അറിയിച്ചു. നിരവധി വീടുകളുള്ള പ്രദേശത്ത് കടലിലേക്ക് ഇറങ്ങുന്ന ഭാഗത്ത് വേലികൾ കെട്ടി കൂടുതൽ സുരക്ഷ ഉറപ്പുവരുത്തണമെന്നും ആവശ്യമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |