തൃശൂർ: പതിനെട്ട് അദ്ധ്യാപകർക്ക് ഗവേഷണത്തിന് അവധി നിഷേധിച്ച് കാർഷിക സർവകലാശാല. കഴിഞ്ഞ രണ്ടിന് പൂർണ ശമ്പളത്തോടെയും മറ്റ് ആനുകൂല്യങ്ങളോടെയും മൂന്ന് വർഷത്തേക്ക് അനുവദിച്ച ലീവാണ് ഒമ്പതിന് റദ്ദാക്കിയത്. ഇതോടെ പി എച്ച്.ഡിക്ക് ചേർന്നവരുടെ ഭാവി തുലാസിലായി.
അവധി അനുവദിക്കാത്ത സാഹചര്യത്തിൽ അഞ്ച് അദ്ധ്യാപകർ സർവകലാശാലയിൽ നിന്ന് രാജി വയ്ക്കാൻ ഒരുങ്ങുകയാണെന്നും വിവരമുണ്ട്. താരതമ്യേന ശമ്പളം കുറവായതും സർവകലാശാലയിലെ പ്രതിസന്ധി മൂലം പെൻഷൻ ലഭിക്കില്ലെന്ന ആശങ്കയും അദ്ധ്യാപകരെ അലട്ടുന്നുണ്ട്.
ഗവേഷണത്തിന് ചേർന്ന പലരുടെയും ക്‌ളാസ് തുടങ്ങി. അവധി പുന:സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് കെ.എ.യു ടീച്ചേഴ്‌സ് അസോസിയേഷൻ വൈസ് ചാൻസലർ ഡോ.കെ.ആര്യക്ക് പരാതി നൽകി. അവധി അനുവദിക്കേണ്ടത് യു.ജി.സിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് വി.സി അവധി റദ്ദാക്കിയതെന്നാണ് വിവരം. എന്നാൽ സർവകലാശാല, യു.ജി.സി ചട്ടപ്രകാരം വി.സിക്കാണ് അധികാരമെന്ന് അദ്ധ്യാപകർ പറയുന്നു. വി.സി ഈ മാസം സർവീസിൽ നിന്ന് വിരമിക്കാനിരിക്കെ, പ്രശ്‌നമുണ്ടാകുമെന്ന് ഭയന്നാണ് അവധി നിഷേധിച്ചതെന്നും ആക്ഷേപമുണ്ട്. സർവകലാശാലയെ റാങ്കിംഗിന് പരിഗണിക്കുമ്പോൾ പി.എച്ച്.ഡിക്കാരുടെ എണ്ണവും കണക്കിലെടുക്കും. അദ്ധ്യാപകർക്ക് ഗവേഷണത്തിന് സൗകര്യം നൽകണമെന്നും യു.ജി.സി നിർദ്ദേശിക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |