തൃശൂർ : കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ ഇന്ധനസെസ് ഉൾപ്പടെയുള്ളവ വൻപ്രതിസന്ധി സൃഷ്ടിക്കുമ്പോൾ കൊവിഡിന് ശേഷം കട്ടപ്പുറത്ത് കയറിയത് മുന്നൂറോളം സ്വകാര്യ ബസുകൾ. നിലവിൽ സംസ്ഥാനം ഏർപ്പെടുത്തിയ അധിക സെസ് പിൻവലിച്ചില്ലെങ്കിൽ ഏപ്രിൽ ഒന്ന് മുതൽ മുഴുവൻ ബസുകളും ജി ഫോം നൽകി കട്ടപ്പുറത്ത് കയറ്റുമെന്ന മുന്നറിയിപ്പുമായി ബസുഗമകൾ രംഗത്തെത്തി.
ഇത്തരത്തിൽ വിവിധ ആവശ്യമുന്നയിച്ച് ബസുടമകൾ പ്രത്യക്ഷ സമരം ആരംഭിക്കും. സർവീസ് നടത്തുന്ന 1200 ഓളം ബസുകളിലാണ് 300 എണ്ണം ജി ഫോം നൽകി സർവീസ് നിറുത്തിവച്ചത്. ഇതിൽ ഭൂരിഭാഗവും ഒറ്റ സർവീസാണ് നടത്തുന്നത്. കൂടുതൽ ബസുകളുള്ളവർ ഇത്തരക്കാരെ ഞെരുക്കുന്നതായും ആക്ഷേപവുമുണ്ട്. അതേസമയം നാമമാത്ര ബസുള്ള റൂട്ടിൽ പോലും സർവീസ് മുടക്കുന്നതിനെതിരെ യാത്രക്കാർക്ക് പ്രതിഷേധമുണ്ട്. ഞായറാഴ്ച്ചകളിൽ ജില്ലയിൽ നാൽപ്പത് ശതമാനത്തോളം ബസുകൾ സർവീസ് നടത്തുന്നില്ലെന്നാണ് ആക്ഷേപം. ഒന്നും രണ്ടും ബസ് മാത്രം സർവീസ് നടത്തുന്ന റൂട്ടിൽ പോലും ഇത്തരം സമീപനമാണ് ബസുടമകളുടേത്. ഇക്കാര്യത്തിൽ തങ്ങൾക്ക് ഇടപെടാൻ സാധിക്കില്ലെന്ന സമീപമാണ് ബസുടമകളുടെ സംഘടനാ നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്. അവധിദിനങ്ങളിൽ സർവീസ് നിറുത്തുന്നത് മൂലം യാത്രക്കാർക്ക് മറ്റ് സംവിധാനങ്ങൾ ആശ്രയിക്കേണ്ട സ്ഥിതിയാണ്.
ആവശ്യങ്ങൾ ഇവ
വിദ്യാർത്ഥികളുടെ ചാർജ്ജ് വർദ്ധിപ്പിക്കുക
കൺസെഷന് മാനദണ്ഡം നിശ്ചയിക്കുക
പെർമിറ്റുകളുടെ ദൂര പരിധി നോക്കാതെ സമയം നിശ്ചയിക്കുക
സ്വകാര്യ ബസുകളെയും സംരക്ഷിക്കുന്ന ഗതാഗത നയം രൂപീകരിക്കുക
അധിക ഇന്ധന സെസ് പിൻവലിക്കുക
സ്റ്റേജ് ക്യാരേജ് ബസുകൾക്ക് സൗജന്യമായി കാമറ നൽകുക
ലഹരി ഉപയോഗം ചെറിയ ശതമാനം !
ബസ് ജീവനക്കാർ ലഹരി ഉപയോഗിച്ച് ബസ് ഓടിക്കുകയും മയക്കു മരുന്നുകളുടെ കരിയർമാരാവുകയും ചെയ്യുന്നത് വ്യാപകമായിരുന്നു. എന്നാൽ വളരെ കുറച്ച് പേർ മാത്രമാണ് ഇത്തരക്കാരെന്ന് ബസുടമകൾ പറയുന്നു. സ്ത്രീകളോട് മോശമായി പെരുമാറുന്നത് ആർ.ടി.ഒയുടെ ശ്രദ്ധയിൽപെട്ടതോടെ പരിശോധന ശക്തമാക്കിയിട്ടുണ്ടെന്നും ഉടമകൾ വിശദീകരിക്കുന്നു.
കളക്ടറേറ്റ് ധർണ്ണ 28 ന്
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ജില്ലാ പ്രൈവറ്റ് ബസ് ഓപറേറ്റേഴ്‌സ് അസോസിയേഷൻ 28ന് സംഘടിപ്പിക്കുന്ന കളക്ടറേറ്റ് മാർച്ച് രാവിലെ 10ന് പടിഞ്ഞാറെക്കോട്ടയിൽ നിന്ന് ആരംഭിക്കും. തുടർന്ന് നടക്കുന്ന ധർണ ടി.എൻ.പ്രതാപൻ എം.പി ഉദ്ഘാടനം ചെയ്യും. അസോസിയേഷൻ പ്രസിഡന്റ് എം.എസ്.പ്രേംകുമാർ അദ്ധ്യക്ഷത വഹിക്കും. ജനറൽ സെക്രട്ടറി കെ.കെ.സേതുമാധവൻ, വൈസ് പ്രസിഡന്റ് കെ.എസ്.ഡൊമിനിക്, ട്രഷറർ ടി.കെ.നിർമലാനന്ദൻ എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |