തൃശൂർ: കടുത്ത ചൂട് കാരണം വേനലിന്റെ തുടക്കത്തിൽ മൂന്ന് ബ്‌ളോക്ക് പഞ്ചായത്തുകളിൽ ശുദ്ധജലക്ഷാമം രൂക്ഷം. കുടിവെള്ള പ്രശ്‌നം പരിഹരിക്കുന്നതിന് സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ജലബഡ്ജറ്റ് പദ്ധതിയിൽ ജില്ലയിൽ നിന്നും ഉൾപ്പെട്ട ചൊവ്വന്നൂരിന് പുറമേ മതിലകം, തളിക്കുളം ബ്‌ളോക്കുകളിലും കുടിവെള്ളപ്രശ്‌നമുയർന്നു കഴിഞ്ഞു. ചൊവ്വന്നൂരിലെ എട്ട് പഞ്ചായത്തുകളാണ് ഗുരുതരസ്ഥിതിയിൽ. ചൂണ്ടൽ, ചൊവ്വന്നൂർ, കടവല്ലൂർ, കണ്ടാണശ്ശേരി, കാട്ടകാമ്പൽ, വേലൂർ, പോർക്കുളം, കടങ്ങോട് പഞ്ചായത്തുകളിലാണ് ഇതിന്റെ ഭാഗമായി ജലബഡ്ജറ്റ് തയ്യാറാക്കുന്നത്. മാർച്ച് അവസാനത്തോടെ ബഡ്ജറ്റ് തയ്യാറാക്കും. ലഭ്യമായ ജലം ഫലപ്രദമായി വിനിയോഗിക്കുന്നതിലൂടെ ശുദ്ധജലക്ഷാമം പരിഹരിക്കുകയാണ് ലക്ഷ്യം.
രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനം ജലബഡ്ജറ്റ് തയ്യാറാക്കുന്നത്. ജില്ലകളിൽ തെരഞ്ഞെടുക്കപ്പെട്ട ഒരു ബ്ലോക്കിലും അതിന് കീഴിൽ വരുന്ന പഞ്ചായത്തുകളിലുമാണ് ആദ്യഘട്ടത്തിൽ ഇത് നടപ്പാക്കുക. കടുത്ത ശുദ്ധജലക്ഷാമം അനുഭവപ്പെടുന്ന പ്രദേശങ്ങളെയാണ് ആദ്യഘട്ടത്തിൽ ഉൾപ്പെടുത്തിയതെങ്കിലും മറ്റ് പഞ്ചായത്തുകളെയും പിന്നീട് പരിഗണിച്ചേക്കും.
ജലബഡ്ജറ്റ് ഇങ്ങനെ
ജലത്തിന്റെ ലഭ്യതയും ഉപയോഗവും എത്രയെന്ന് കൃത്യമായ കണക്കെടുക്കും
ലഭ്യമായ ജലത്തിന്റെ ഗുണമേന്മ പരിശോധിച്ച് ആവശ്യങ്ങൾക്ക് പര്യാപ്തമാണോയെന്ന് കണ്ടെത്തും.
ഗാർഹികം-കാർഷിക-മൃഗസംരക്ഷണം മറ്റാവശ്യങ്ങൾ എന്നിവയ്ക്കുള്ള ജലത്തിന്റെ അളവ് പ്രത്യേകം ശേഖരിക്കും.
എത്രയാണ് ഉപയോഗിക്കുന്നതെന്നും മിച്ചം വരുന്നത് എത്രയെന്നും തിട്ടപ്പെടുത്തും
മഴക്കാലത്ത് വെളളം എങ്ങനെ ഫലപ്രദമായി സംഭരിക്കാമെന്നും റീചാർജിംഗ് നടത്താമെന്നും നിർദ്ദേശിക്കും
ജില്ലാപഞ്ചായത്തിന്റെ നേതൃത്വത്തിൽ ഫണ്ട് നീക്കിവെയ്ക്കുന്നത് അടക്കമുള്ള തുടർനടപടിയുണ്ടാകും
സഹകരിക്കാൻ എല്ലാ വകുപ്പുകളും
തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ജലബഡ്ജറ്റ് തയ്യാറാക്കുന്നതിന് കൃഷി, ജലസേചനം, ഭൂജലം, മൃഗസംരക്ഷണം, തൊഴിലുറപ്പ് പദ്ധതി, മണ്ണുസംരക്ഷണം ഉൾപ്പെടെയുള്ള വകുപ്പുകൾ സഹകരിക്കും. ബഡ്ജറ്റ് തയ്യാറാക്കുന്നതിന്റെ ഭാഗമായി പഞ്ചായത്ത് പ്രസിഡന്റുമാർക്കും നവകേരളം റിസോഴ്‌സ്‌പേഴ്‌സൺമാർക്കും പരിശീലനം നൽകിക്കഴിഞ്ഞു. ജലവിഭവ വികസന വിനിയോഗ കേന്ദ്രവുമായി (സി.ഡബ്ല്യു.ആർ.ഡി.എം) സഹകരിച്ചാണ് ബഡ്ജറ്റ് തയ്യാറാക്കുന്നത്. ബ്ലോക്ക് തല കൺവെൻഷൻ ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടത്തി.
ജലബഡ്ജറ്റിന്റെ പൂർണ്ണതയ്ക്കും വിശ്വാസ്യതയ്ക്കുമായി എല്ലാ പഞ്ചായത്തിന്റെയും സഹായങ്ങളും ലഭ്യമാവുന്നുണ്ട്. ബഡ്ജറ്റ് തയ്യാറാക്കുന്ന പ്രവർത്തനം മാർച്ച് 22ന് പൂർത്തീകരിക്കും.
സി.ദിദിക
നവകേരളകർമ്മ പദ്ധതി
ജില്ലാ കോ ഓഡിനേറ്റർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |