തൃശൂർ : വീട്ടിൽ സ്ഥാപിച്ചിരിക്കുന്ന സി.സി.ടി.വി കാമറ സമീപവാസിയുടെ സ്വകാര്യതയ്ക്ക് ഭംഗം വരുത്തരുതെന്ന് മനുഷ്യാവകാശ കമ്മിഷൻ. സ്വകാര്യതയെ ബാധിക്കുന്ന തരത്തിലുള്ള ബുദ്ധിമുട്ടുണ്ടായാൽ പൊലീസിനെ സമീപിക്കാമെന്നും കമ്മിഷൻ അംഗം വി.കെ.ബീനാകുമാരി ഉത്തരവിൽ പറഞ്ഞു. പുതുരുതി സ്വദേശിനി ബേബി സമർപ്പിച്ച പരാതിയിലാണ് നടപടി. തന്റെ അയൽവാസി ശാരദയുടെ വീട്ടിൽ സ്ഥാപിച്ചിരിക്കുന്ന സി.സി.ടി.വി കാമറ തന്റെ സ്വകാര്യതയെ ബാധിക്കുന്നുവെന്നാണ് പരാതി. കുന്നംകുളം ഡിവൈ.എസ്.പിയിൽ നിന്നും കമ്മിഷൻ റിപ്പോർട്ട് വാങ്ങി. രണ്ട് അവിവാഹിതരായ സ്ത്രീകൾ താമസിക്കുന്ന വീട്ടിലാണ് സി.സി.ടി.വി സ്ഥാപിച്ചത്. ഇവർ തമ്മിൽ അതിർത്തി തർക്കമുണ്ട്. പരാതിക്കാരി മൂന്ന് മീറ്റർ ഉയരത്തിൽ ഷെഡ് കെട്ടിയിട്ടുണ്ടെന്നും പരാതിക്കാരിയുടെ വീട്ടിൽ നടക്കുന്ന കാര്യങ്ങൾ കാമറയിൽ പതിയാറില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ഡിവൈ.എസ്.പി സമർപ്പിച്ച റിപ്പോർട്ട് കമ്മിഷൻ പൂർണ്ണമായി അംഗീകരിച്ചു. ബുദ്ധിമുട്ടുണ്ടാവുകയാണെങ്കിൽ പൊലീസിനെ സമീപിക്കാമെന്നും കമ്മിഷൻ നിർദ്ദേശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |