തൃശൂർ : കേരളത്തിൽ കോലിബി സഖ്യത്തിന് ഒപ്പം ജമാ അത്തെ ഇസ്ലാമിയും ചേർന്നുള്ള കൂട്ടുകെട്ട് രൂപപ്പെട്ട് വരുന്നതായി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പറഞ്ഞു.
തൃശൂരിൽ ജനകീയ പ്രതിരോധ ജാഥയ്ക്ക് നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോക്സഭാ തിരഞ്ഞെടുപ്പിൽ പരീക്ഷിക്കാനുള്ള കൂട്ടുകെട്ടാണിത്. അതിന്റെ ആദ്യപടിയാണ് കൊല്ലത്ത് നടന്ന നഗരസഭ ഉപതിരഞ്ഞെടുപ്പിൽ കണ്ടത്. മതനിരപേക്ഷതയുടെ കലവറയാണ് കേരളം. കേരളത്തിൽ ബി.ജെ.പി ജയിക്കുമെന്ന് മോദിയും കൂട്ടരും മനപ്പായസം ഉണ്ണുകയാണ്. ഓണസങ്കൽപ്പം പോലും തെറ്റാണെന്ന് പറയുന്നവരാണ്. അംബാനി, അദാനി എന്നിവർക്കായി 20 ലക്ഷം കോടിയാണ് എഴുതിത്തള്ളിയത്.
മറ്റെല്ലാ സംസ്ഥാനങ്ങൾക്കും കെ-റെയിൽ നൽകിയാലും കേരളത്തിന് നൽകില്ല. ഇവിടെ വികസനം വരാൻ പാടില്ലായെന്നാണ് കോൺഗ്രസിന്റെയും ബി.ജെ.പിയുടെയും അജണ്ടയെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയൻ ഒരു കാര്യം തീരുമാനിച്ചാൽ അത് നടപ്പാക്കിയിരിക്കുമെന്ന് ഉറപ്പാണ്. അത് പിണറായി വിജയന്റെ മാത്രം ശക്തിയല്ല, അത് കേരളത്തിലെ ജനങ്ങളുടെ പിൻബലമാണെന്നും എം.വി.ഗോവിന്ദൻ കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |