SignIn
Kerala Kaumudi Online
Friday, 26 April 2024 9.27 PM IST

മടങ്ങുന്നു,​ ചിരിയുടെ കുട ചൂടി

innocent

അർത്ഥഗർഭമാർന്ന ചിരിയായിരുന്നു ഇന്നസെന്റിന് ജീവിതം. സിനിമകളിലെ കഥാപാത്രങ്ങളെ കടന്ന് ഒരു വേള അത് വേദനകളെ മറച്ചു. ആതുരതകളെ ഇല്ലാതാക്കി. വിമർശനങ്ങളെ മറച്ചുവച്ചു. വിവാദങ്ങളിൽ,​ രാഷ്ട്രീയത്തിൽ മൗനം വേണ്ടിടത്ത് പോലും,​ എല്ലാം ചിരി കുട പോലെ നിവർത്തി വച്ച് ആ ഇരിങ്ങാലക്കുടക്കാരൻ അടിമുടി ഹാസ്യസാമ്രാട്ടായി. മടങ്ങുകയാണ്,​ ഹാസ്യത്തിൽ ജ്ഞാനസ്നാനം ചെയ്യപ്പെട്ട ഒരാൾ...

തൃശൂർ: ശരീരചേഷ്ടകളിലും ഡയലോഗിലും എന്നും പൊട്ടിച്ചിരികളുടെ അമിട്ടുകൾ ഒളിപ്പിച്ച ഇരിങ്ങാലക്കുട ടച്ചുണ്ടായിരുന്നു. ഇരിങ്ങാലക്കുടക്കാരായ പലരെയും കഥാപാത്രമായി പരിചയപ്പെടുത്തുകയായിരുന്നു ഇന്നസെന്റ്. അവരുടെ സംഭാഷണങ്ങൾ മാനറിസങ്ങൾ. നാട്ടുകാരുടെ ഇടയിൽ നിന്നെല്ലാം കഥാപാത്രങ്ങളെ കണ്ടെടുത്തു. സിനിമയിലെ പല സന്ദർഭങ്ങളും സ്വന്തം അനുഭവങ്ങളിൽ നിന്നെടുത്തവയായിരുന്നു.
പേരും പെരുമയും നേടിയെങ്കിലും പിറന്ന നാടിനെയും നാട്ടുകാരെയും വിട്ടുപോകാൻ അദ്ദേഹം തയ്യാറായില്ല. സഹോദരങ്ങൾ വിദേശത്തേയ്ക്ക് ചേക്കേറിയപ്പോഴും ഇരിങ്ങാലക്കുടയെ ചേർത്തുപിടിച്ചു. എവിടെപ്പോയാലും തിരിച്ച് ഇരിങ്ങാലക്കുടയിലേയ്ക്ക് ഓടിയെത്തി. സുഹൃത്തുക്കളുമൊത്ത് തമാശകളും നാട്ടുവർത്തമാനങ്ങളും പറഞ്ഞു. ജാതിമത രാഷ്ട്രീയങ്ങൾക്കപ്പുറമായിരുന്നു സൗഹൃദവലയം.

ഉത്സവങ്ങളും പെരുന്നാളുമെല്ലാം ജീവിതത്തിന്റെ ഭാഗമായി. അക്കൂട്ടത്തിൽ നാടകവും ഹാസ്യവുമുണ്ടായിരുന്നു. ബന്ധുക്കളോടൊപ്പം ദാവൺഗരെയിൽ കുറച്ചുകാലം തീപ്പെട്ടിക്കമ്പനി നടത്തിയിരുന്നു. ദാവൺഗരെയിലുള്ള കേരളസമാജത്തിന്റെ നാടകങ്ങളിൽ വേഷമിട്ടാണ് ആദ്യം ഇന്നസെൻ്റ് എന്ന താരത്തിൻ്റെ ഉദയം. നാട്ടിലെത്തിയ ശേഷം ബിസിനസുകളിലായി ശ്രദ്ധയെങ്കിലും ജനങ്ങളെ കൈയിലെടുക്കാനുളള പൊടിക്കൈ ഡയലോഗുകൾ അദ്ദേഹം സ്വതസിദ്ധമായി പ്രയോഗിച്ചു. പ്രസംഗത്തിലും അങ്ങനെ കഥകളും നർമ്മരസങ്ങളും ചാലിച്ചു. ജനങ്ങളുടെ സ്‌നേഹവും ആരാധനയും പിടിച്ചുപറ്റിയത് ഹാസ്യം കലർന്ന പ്രസംഗങ്ങളിലൂടെയായിരുന്നു. കാൻസർ വന്നപ്പോഴും ഇരിങ്ങാലക്കുടയുടെ തനത് ഡയലോഗുകൾ കൊണ്ടായിരുന്നു നേരിട്ടത്. മഹാരോഗത്തെ ഫലിതരൂപത്തിൽ നേരിട്ടപ്പോൾ ഡോക്ടർമാർ പറഞ്ഞു, കാൻസറിനുള്ള മരുന്ന് ഇന്നസെന്റാണെന്ന്. തൻ്റെ കാൻസറിനെക്കുറിച്ച് അദ്ദേഹം തുറന്നു പറഞ്ഞു. പുസ്തകത്തിൽ കുറിച്ചിട്ടു, വേദികളായ വേദികളിലെല്ലാം

കാൻസർ ബാധിതരെ തമാശ പറഞ്ഞ്, അവസാനനിമിഷം വരെ ജീവിതം ആസ്വദിക്കാനുളളതാണെന്ന് പറഞ്ഞുവെച്ചു.

സൈബറിടങ്ങളിലും തമാശക്കാരൻ

തന്റെ ഫോട്ടോ വച്ച് സാമൂഹിക മാദ്ധ്യമങ്ങളിൽ കോൺഗ്രസിന് അനുകൂലമായി പ്രചരിപ്പിച്ചതിനെതിരെ അദ്ദേഹം മറുപടി പറഞ്ഞതും മറ്റൊരു ഫലിതമായി. അതിങ്ങനെ: 'ആറ് പതിറ്റാണ്ടോളം ഇന്ത്യ ഭരിച്ച ശേഷം സ്വന്തം കൈയിലിരിപ്പു കൊണ്ട് ഏതാനും സംസ്ഥാനങ്ങളിലൊതുങ്ങിയ കോൺഗ്രസ് തിരിച്ചു വരണമെന്ന് ഞാൻ പറഞ്ഞിട്ടുണ്ടെങ്കിൽ എന്റെ സാമാന്യ ബുദ്ധിക്ക് എന്തെങ്കിലും തകരാറുണ്ടാവണം. പിതാവിലൂടെ എന്നിലേക്ക് പകർന്നതാണ് എന്റെ രാഷ്ട്രീയം.' അദ്ദേഹം ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ കുറിച്ചു. മരണത്തിന് മുൻപ്, സാമൂഹ്യമാദ്ധ്യമങ്ങളിൽ അദ്ദേഹത്തിൻ്റെ മരണവാർത്തകൾ പ്രചരിച്ചു. അന്നേരം അദ്ദേഹം മരണത്തോട് മല്ലടിക്കുകയായിരുന്നു. ഓർമ്മയുണ്ടായിരുന്നെങ്കിൽ, സംസാരിക്കാനാവുമായിരുന്നെങ്കിൽ അപ്പോഴും ഒരു തമാശ പൊട്ടിക്കുമായിരുന്നു.

വേദികളിലും അഭിമുഖങ്ങളിലും പുസ്തകങ്ങളിലും സാമൂഹ്യമാദ്ധ്യമങ്ങളിലും സിനിമകളിലെന്ന പോലെ ചിരിപ്പടക്കങ്ങൾ പൊട്ടിച്ച് മടങ്ങുകയാണ്, ചിരിയുടെ ചക്രവർത്തി...

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, INNOCENT
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.