തൃശൂർ: ബംഗളൂരുവിലെ ആളൊഴിഞ്ഞ ഒരു സ്ഥലത്ത് എം.ഡി.എം.എ വെച്ച ശേഷം അതിന്റെ ഫോട്ടോ എടുത്ത് ലൊക്കേഷൻ ഷെയർ ചെയ്യും. കേരളത്തിലെ രാസലഹരി മരുന്നുകളുടെ കണ്ണികളെത്തി അത് ബാഗിലാക്കും. നാട്ടിലെത്തിക്കും. ഇങ്ങനെയാണ് നൈജീരിയൻ സംഘം രാസലഹരികൾ കേരളത്തിൽ വിറ്റഴിക്കുന്നത്.
പെട്ടെന്ന് ആരും തിരിച്ചറിയാതിരിക്കാനും പൊലീസിന്റെ പിടിയിൽ നിന്ന് രക്ഷപ്പെടാനുമാണ് ഈ തന്ത്രം. പിടിയിലായ പ്രതിയെ പലവട്ടം ചോദ്യം ചെയ്തപ്പോൾ മാത്രമാണ് കുറുക്കുവഴി തൃശൂർ ഈസ്റ്റ് പൊലീസ് തിരിച്ചറിഞ്ഞത്. പ്രതി പണം അയച്ചിരുന്ന അക്കൗണ്ടുകൾ വ്യാജപേരുകളിലുമാകും. അന്വേഷണത്തിൽ അങ്ങനെയൊരു വ്യക്തിയും വിലാസവും ഇല്ലെന്ന് തെളിഞ്ഞു. വ്യാജവിലാസത്തിൽ ഇങ്ങനെ നിരവധി അക്കൗണ്ടുകൾ ലഹരിക്കടത്ത് സംഘങ്ങൾക്കുണ്ട്.
പിന്നിൽ നൈജീരിയൻ ടച്ച്
എം.ഡി.എം.എ അടക്കമുള്ള മാരക രാസ ലഹരികൾ കടത്തുന്നതിന് പിന്നിൽ ഏറെയും നൈജീരിയൻ സംഘങ്ങളാണ്. കേരളത്തിൽ പലയിടത്തും എം.ഡി.എം.എ പിടികൂടിയ കേസുകളിൽ ഇതുപോലെ നൈജീരിയൻ സംഘത്തിന്റെ ഇടപെടൽ തെളിഞ്ഞിട്ടുണ്ട്. ഒരു വർഷം മുൻപ്, കേരളത്തിലേക്ക് ലഹരിക്കടത്ത് നടത്തുന്ന നൈജീരിയ സ്വദേശി തൃശൂരിൽ പിടിയിലായിരുന്നു. ഇയാളിൽ നിന്ന് 500ഗ്രാം എം.ഡി.എ.എയാണ് കണ്ടെടുത്തത്. ഡൽഹിയിൽ നൈജീരിയൻ കോളനിയിലെത്തിയാണ് തൃശൂർ സിറ്റി പൊലീസ് ചില്ലറ വിൽപ്പനക്കാർക്കിടയിൽ 'കെൻ' എന്നു വിളിക്കുന്ന നൈജീരിയൻ പൗരൻ എബൂക്ക വിക്ടറെ പിടികൂടിയത്.
കണ്ണ് ദക്ഷിണേന്ത്യയിൽ
കേരളമുൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലേക്ക് വ്യാപകമായി മയക്കുമരുന്ന് കടത്തുന്നയാളായിരുന്നു കെൻ. കർണ്ണാടക, തമിഴ്‌നാട്, കേരളം എന്നീ സംസ്ഥാനങ്ങളിലെ യുവാക്കൾക്കിടയിലാണ് ഇയാളുടെ ശൃംഖല പ്രവർത്തിച്ചിരുന്നത്. മണ്ണുത്തിയിൽ നിന്ന് 196 ഗ്രാം എം.ഡി.എം.എ പിടികൂടിയ കേസിന്റെ അന്വേഷണമാണ് ഇയാളിലേക്ക് എത്താൻ സഹായകമായത്.
അതീവമാരകം, ആരോഗ്യപ്രശ്‌നങ്ങൾ ഗുരുതരം
നന്നേ ചെറിയ അളവിലും എം.ഡി.എം.എ മാരകരോഗങ്ങളുണ്ടാക്കും
തലച്ചോറിനെയും നട്ടെല്ലിനെയും ആന്തരാവയവങ്ങളെയും നശിപ്പിക്കും
പ്രൊഫഷണലുകളും സിനിമാരംഗത്തുള്ളവരും യുവാക്കളും ഇരകൾ
ജിംനേഷ്യം സെന്ററിൽ പ്രോട്ടീൻ വിൽപ്പനയുടെ മറവിലും കച്ചവടം
കേരളം അടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ തന്നെയാണ് രാജ്യാന്തര മയക്കുമരുന്ന് സംഘങ്ങളുടെ കണ്ണ്. ഇതിനെതിരെ കർശന നടപടികളാണ് പൊലീസ് നടപ്പാക്കുന്നത്.
എം.ജെ.ജിജോ
എസ്.എച്ച്.ഒ. തൃശൂർ ഈസ്റ്റ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |