തൃശൂർ: വിദ്യാഭ്യാസ മന്ത്രി പ്രഖ്യാപിച്ചിട്ടുള്ള സ്‌കൂൾ ഉച്ചഭക്ഷണ മെനു ആകർഷകവും മോഹിപ്പിക്കുന്നതുമാണെങ്കിലും വിദ്യാർത്ഥികൾക്ക് ആനുപാതികമായി പാചകത്തൊഴിലാളികളില്ലാത്തത് തിരിച്ചടിയാകും. 500 കുട്ടികൾക്ക് പാചകം ചെയ്യാൻ ആറ് തൊഴിലാളികൾ വേണമെന്ന കേന്ദ്ര നിബന്ധന മറികടന്നാണ് പാചകത്തൊഴിൽ സ്‌കൂളുകളിൽ ചെയ്യിക്കുന്നതെന്ന് സ്‌കൂൾ പാചക തൊഴിലാളി യൂണിയൻ ആരോപിക്കുന്നു. 500 കുട്ടികൾക്ക് ഒരു തൊഴിലാളി ഭക്ഷണം പാചകം ചെയ്യണമെന്ന നിബന്ധനമൂലം കിട്ടുന്ന വേതനത്തിന്റെ പകുതി നൽകി മറ്റൊരാളെ കൂടി ജോലിക്ക് നിയോഗിച്ചാണ് ആയിരക്കണക്കിന് സ്‌കൂളുകളിലെ പാചകത്തൊഴിലാളികൾ ജോലി ചെയ്യുന്നത്. 250 കുട്ടികൾക്ക് ഒരു തൊഴിലാളി എന്ന അനുപാതം 2016ലെ മിനിമം കൂലി വിജ്ഞാപനത്തിലും കഴിഞ്ഞ ഏപ്രിൽ 29ന് വിദ്യാഭ്യാസ മന്ത്രി വിളിച്ചുചേർത്ത യോഗത്തിലും ഉറപ്പ് നൽകിയിട്ടുള്ളതാണെങ്കിലും നടപ്പാക്കിയിട്ടില്ല. അതിനിടയിലാണ് പാചക തൊഴിലാളികളുടെ അദ്ധ്വാനഭാരം പലമടങ്ങ് വർദ്ധിപ്പിക്കുന്ന പുതിയ മെനു ഏകപക്ഷീയമായി പ്രഖ്യാപിച്ചിട്ടുള്ളതെന്നും പറയുന്നു.
നാല് വർഷമായി വേതന വർദ്ധനവില്ല
വർഷത്തിലൊരിക്കൽ 50 രൂപ വീതം തൊഴിലാളികളുടെ വേതനത്തിൽ മുൻ സർക്കാരുകൾ വർദ്ധനവ് നൽകിയിരുന്നു. നാല് വർഷമായി വേതന വർദ്ധനവ് തടഞ്ഞുവച്ചു. അതുകൊണ്ടു തന്നെ ഉച്ചഭക്ഷണ തൊഴിലാളികളുടെ ഉള്ളിലെ തീ ആളിക്കത്തിക്കുന്നതാണ് മന്ത്രിയുടെ പ്രഖ്യാപനമെന്ന് യൂണിയൻ ചൂണ്ടിക്കാട്ടുന്നു. നിലവിൽ നൽകിവരുന്ന ഭക്ഷണത്തിന് പുറമേ എഗ്ഗ് ഫ്രൈഡ് റൈസ്, ലെമൺ റൈസ്, വെജിറ്റബിൾ ബിരിയാണി, റാഗി ബാൾ, റാഗി കൊഴുക്കട്ട, ഇലയട, അവിൽ കുതിർത്തത്, ക്യാരറ്റ് പായസം, പുതിനയും ഇഞ്ചിയും നെല്ലിക്കയും പച്ചമാങ്ങയും ചേർത്ത ചമ്മന്തി, മുരിങ്ങയില തോരൻ തുടങ്ങിയവയാണ് നിർദ്ദിഷ്ട മെനുവിൽ ഉൾപ്പെടുന്നത്.
പാചകത്തൊഴിലാളികളുടെ അദ്ധ്വാനഭാരത്തെക്കുറിച്ച് ഒരു ആലോചനയും നടത്താതെയാണ് സർക്കാർ പ്രഖ്യാപനം. 150 കുട്ടികൾക്ക് ഒരു പാചകത്തൊഴിലാളി എന്ന അനുപാതത്തിൽ തൊഴിലാളികളെ പുനർവിന്യസിക്കാനും വേതന വർദ്ധനവ് മുൻകാല പ്രാബല്യത്തോടെ നടപ്പാക്കാനും സർക്കാർ തയ്യാറാകണം.
-പി.ജി.മോഹനൻ, സംസ്ഥാന ജനറൽ സെക്രട്ടറി, സ്‌കൂൾ പാചകത്തൊഴിലാളി യൂണിയൻ (എ.ഐ.ടി.യുസി)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |