തൃശൂർ: എവിടെ തിരിഞ്ഞാലും ബ്ലോക്ക്..! ഗുരുവായൂർ - തൃശൂർ റോഡിലും ഷൊർണൂർ - തൃശൂർ റോഡിലും തൃശൂർ - എറണാകുളം റോഡിലും കുരുക്കും തിരക്കും. ഇതോടെ വിവിധ ജോലികൾക്കായി പോകുന്നവരും വിദ്യാർത്ഥികളും സർക്കാർ ഉദ്യോഗസ്ഥരും ഉൾപ്പെടെയുള്ളവരെല്ലാം കുരുക്കിന്റെ ഇരകൾ. ഈ സമയം ട്രെയിനുകളെ ആശ്രയിക്കാമെന്ന് വച്ചാലോ, വടക്കെ മലബാറിനെ മദ്ധ്യകേരളവുമായി ബന്ധിപ്പിക്കുന്ന ട്രെയിനുകൾ വിരളം.
പാസഞ്ചർ ട്രെയിനുകൾ വേണം
തൃശൂരിൽ നിന്നും രാവിലെ 7.18ന് പാസഞ്ചർ ട്രെയിൻ പുറപ്പെട്ടാൽ നിത്യയാത്രക്കാരായ ഉദ്യോഗസ്ഥർക്കും വിദ്യാർത്ഥികൾക്കും മറ്റ് പതിവ് സീസൺ ടിക്കറ്റുകാർക്കും സഞ്ചരിക്കണമെങ്കിൽ ഒന്നര മണിക്കൂറോളം കാത്തിരിക്കണം. പിന്നീട് പാലക്കാട് നിന്നും എറണാകുളത്തേക്കുള്ള മെമു ട്രെയിൻ 8.50ന് തൃശൂരിൽ നിന്നും തെക്കോട്ടേക്കുള്ളൂ. ഓഫീസ് സമയം കഴിഞ്ഞേ ഈ ട്രെയിൻ എറണാകുളത്തേക്കെത്തൂ. ഇതിനിടെ 8.20ന് ശതാബ്ദി ട്രെയിൻ നിത്യേന ഓടുന്നുണ്ടെങ്കിലും റിസർവേഷൻ ചെയ്ത യാത്രക്കാർക്ക് മാത്രമേ സഞ്ചരിക്കാനാകൂ. റെയിൽവേ സ്റ്റേഷനിൽ നിന്നും ടിക്കറ്റ് ശതാബ്ദി ട്രെയിനിൽ കയറാനുമാകില്ല.
തിങ്ങിനിറഞ്ഞ് ട്രെയിനുകൾ
ഗുരുവായൂരിൽ നിന്നും രാവിലെ 6.50ന് എറണാകുളത്തേക്കുള്ള പാസഞ്ചർ ട്രെയിനിലും രാവിലെ 8.50നുള്ള പാലക്കാട് എറണാകുളം മെമു ട്രെയിനിലും തിക്കുംതിരക്ക്. ഇരുട്രെയിനുകൾക്കും ഇടയിൽ ഒന്നരമണിക്കൂറിനിടെ മറ്റൊരു ട്രെയിനില്ലാത്തതാണ് തിരക്കിന് കാരണം. പരമാവധി 16 ബോഗികൾ വരെയുള്ള ട്രെയിനുകൾ മൂവായിരത്തിലേറെ യാത്രക്കാരുമായാണ് നിത്യേന സഞ്ചരിക്കുന്നത്. ഓരോ ബോഗിയിലും 90 പേർക്ക് ഇരിക്കാനുള്ള സൗകര്യം മാത്രമേയുള്ളൂവെങ്കിലും 150 മുതൽ 200 യാത്രക്കാരുമായാണ് തിങ്ങിനിറഞ്ഞ് പോകുന്നത്.
പതിവുയാത്രക്കാർക്ക് ട്രെയിൻ വേണം
പതിവുയാത്രക്കാർക്കായി രാവിലെ മറ്റൊരു ട്രെയിൻ കൂടി വേണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ശതാബ്ദിക്ക് മുൻപിലേ പിറകിലോ ആയി മറ്റൊരു പാസഞ്ചർ ട്രെയിൻ കൂടി എറണാകുളത്തേക്കുണ്ടെങ്കിൽ കൂടുതൽ സൗകര്യമാകുമെന്ന് നിത്യയാത്രക്കാർ പറയുന്നു. ഈ സമയം ട്രാക്കിലും ഒഴിവുണ്ടെന്ന് റെയിൽവേ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. രാവിലെ എഴിന് ഷൊർണൂരിൽ നിന്നും ആരംഭിച്ച് 7.45ഓടെ തൃശൂരിലെത്തി എറണാകുളത്തേക്ക് പോകുന്ന മറ്റൊരു പാസഞ്ചർ ട്രെയിൻ കൂടിയുണ്ടെങ്കിൽ യാത്രക്കാർക്ക് ഏറെ സൗകര്യമാകുമെന്നാണ് യാത്രക്കാരുടെയും റെയിൽവേ ഉദ്യോഗസ്ഥരുടെയും പക്ഷം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |