തൃശൂർ: കാലപ്പഴക്കം ചെന്ന കെട്ടിടങ്ങൾ പൊളിക്കുന്നതിലും സൂരക്ഷ കൂട്ടുന്നതിലും അധികൃതർ കാണിക്കുന്ന അനാസ്ഥയുടെ ഒടുവിലത്തെ ഉദാഹരണമാണ് ഇന്നലെ കൊടകരയിൽ മൂന്നു പേരുടെ ജീവനെടുത്തത്. ജില്ലയിൽ ആയിരക്കണക്കിന് കെട്ടിടങ്ങളാണ് ഇത്തരത്തിൽ ഫിറ്റ്നസ് ഇല്ലാതെ പ്രവർത്തിക്കുന്നത്. കൊടകരയിൽ ഇതര സംസ്ഥാന തൊഴിലാളികളെ പാർപ്പിച്ചിരുന്ന പഴയ ഇരുനില കെട്ടിടമാണ് തകർന്നുവീണത്. ചെങ്കല്ലുകൊണ്ട് നിർമിച്ച കെട്ടിടമായിരുന്നു. കെട്ടിടത്തിൽ 17 പേരാണ് താമസിച്ചിരുന്നത്. തൊഴിലാളികൾ രാവിലെ ജോലിക്ക് പോകുന്നതിന് വേണ്ടി ഇറങ്ങുന്നതിനിടെയാണ് കെട്ടിടം ഇടിഞ്ഞുവീണത്. രാത്രിയായിരുന്നെങ്കിൽ ഇതിലും വലിയ ദുരന്തത്തിന് നാട് സാക്ഷിയാകേണ്ടി വന്നേനെ. കോർപറേഷനിൽ മാത്രം 781 കെട്ടിടങ്ങളാണ് ഫിറ്റ്നസ് ഇല്ലാതെ പ്രവർത്തിക്കുന്നത്.
ആട്ടിൻകൂട്ടിലെ പോലെ ജീവിതം
ആട്ടിൻകൂട്ടിലെ ജീവിതം പോലെയാണ് അതിഥി തൊഴിലാളികൾ താമസിക്കുന്നത്. ഒരു ചെറിയ മുറിക്കുള്ളിൽ പത്തും പതിനഞ്ചും പേരെയാണ് താമസിപ്പിച്ചിരിക്കുന്നത്. തൊഴിൽ തേടി ഇവിടെ എത്തുന്നവരെ കരാറുകാരാണ് ഇത്തരത്തിൽ മുറികൾ എടുത്ത് താമസിപ്പിച്ചിരിക്കുന്നത്. പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കാൻ പോലും ആവശ്യമായ സൗകര്യം ഇല്ല. ഇന്നലെ ദുരന്തം ഉണ്ടായ കെട്ടിടത്തിൽ താമസിച്ചിരുന്നത് 17 പേരാണ്. ഇത്തരത്തിൽ തിങ്ങിപ്പാർക്കുന്നത് മൂലമുണ്ടാകുന്ന പകർച്ചാവ്യാധികളും ഏറെയാണ്.
ഒരെണ്ണം പോലും പൊളിക്കാനാകില്ല
തൃശൂർ കോർപറേഷൻ പരിധിയിൽ കാലപഴക്കം ചെന്ന കെട്ടിടങ്ങളുടെ പട്ടികയിൽ 271 എണ്ണം ഉണ്ടെങ്കിലും ഒരെണ്ണം പോലും പൊളിക്കാൻ പോലും നിയമക്കുരുക്ക് മൂലം സാധിക്കില്ല. ഒാരോ കൊല്ലവും പൂരദിവസം ആളുകളെ കയറ്റാതിരിക്കുകയെന്നത് മാത്രമാണ് ഇപ്പോൾ ചെയ്തുവരുന്നത്. മൂന്ന് വിഭാഗങ്ങളാക്കി തിരിച്ചാണ് നോട്ടീസ് നൽകിയിരിക്കുന്നത്. പലതും ബലക്ഷയമുള്ളത് പരിഹരിക്കണമെന്ന നിർദ്ദേശമാണ് നൽകിയിട്ടുള്ളതെന്ന് അസി. എൻജീനിയർ തന്നെ കൗൺസിൽ യോഗത്തിൽ വിശദീകരിച്ചിരുന്നു. അപകടങ്ങൾ സംഭവിക്കുമ്പോൾ ഇപ്പോൾ പൊളിക്കുമെന്ന പ്രഖ്യാപനം നടത്തി അധികൃതർ കൈകഴുകുകയാണ് ചെയ്യുന്നത്. എം.ഒ റോഡ്, ഹൈറോഡ്, അരിയങ്ങാടി, എം.ജി റോഡ്, ഷൊർണൂർ റോഡ്, പടിഞ്ഞാറെകോട്ട, ചെട്ടിയങ്ങാടി, പോസ്റ്റ് ഓഫീസ് റോഡ്, ജയ്ഹിന്ദ് മാർക്കറ്റ് എന്നിവിടങ്ങളിലും ജീർണാവസ്ഥയിലുള്ള കെട്ടിടങ്ങളുണ്ട്.
കുന്നംകുളത്തും കെട്ടിടം തകർന്നു, ആളപായമില്ല
കുന്നംകളം: കുന്നംകുളം വടക്കാഞ്ചേരി റൂട്ടിലെ പഴയ ഇരു നിലകെട്ടിടം തകർന്നു വീണു. ഇന്നലെ വൈകിട്ട് ആറോടെയാണ് കെട്ടിടത്തിന്റെ മുൻഭാഗം നിലം പതിച്ചത്. വടക്കാഞ്ചേരി റോഡിലെ തോമസ്, ഡേവിസ് എന്നിവരുടെ ഉടമസ്ഥതയിലുള്ള ചെറുവത്തൂർ ബിൽഡിംഗാണ് പൊളിഞ്ഞു വീണത്. കെട്ടിടത്തിന്റെ മുൻഭാഗമാണ് നിലം പതിച്ചത്. ഹെൽമെറ്റ് ഷോപ്പ്, ഓയിൽ കട, യൂസ്ഡ് ബൈക്ക് ഷോപ്പ്, ഡാൻസ് ഐറ്റംസ് ഷോപ്പ് ഉൾപ്പെടെ 10 കടകൾ ഈ രണ്ടു നില കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്നു. കെട്ടിടത്തിന്റെ മുന്നിലുള്ള ഫുട്പാത്തിലേക്ക് നിന്നിരുന്ന ഭാഗമാണ് പൊളിഞ്ഞു വീണത്. സംഭവത്തിൽ ആർക്കും പരിക്കേറ്റില്ല. മുൻവശത്തെ ഭിത്തികൾ ഉൾപ്പെടെയാണ് തകർന്നത്. ഇവിടുത്തെ ഫുട്പാത്തുകളിൽ നിറയെ ആളുകൾ സഞ്ചരിക്കുന്ന ഒരു ഭാഗമാണ്.
അന്വേഷണത്തിന് ഉത്തരവിട്ട് കളക്ടർ
തൃശൂർ: കൊടകര ജംഗ്ഷനിൽ പഞ്ചായത്ത് ഓഫീസിന് സമീപം ഇന്നലെ രാവിലെ കെട്ടിടം തകർന്നു വീണ് മൂന്ന് അതിഥി തൊഴിലാളികൾ മരിച്ച സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് കളക്ടർ. അതിഥി തൊഴിലാളികൾ താമസിക്കുന്ന മറ്റ് കെട്ടിടങ്ങളും സുരക്ഷിതമല്ലാത്ത ലേബർ ക്യാമ്പുകളും പൊലീസ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, തൊഴിൽ വകുപ്പ് എന്നിവർ സംയുക്ത പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കണമെന്ന് കളക്ടർ നിർദ്ദേശം നൽകി. ഏകോപിപ്പിക്കുന്നതിനായി തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടറെ ജില്ലാ കളക്ടർ ചുമതലപ്പെടുത്തി.
താമസിച്ചിരുന്ന കെട്ടിടം തകർന്ന് പശ്ചിമ ബംഗാളിലെ മാൾഡ സ്വദേശികളായ റെയ്ബുൽ ഇസ്ലാം (21), അബ്ദുൾ അലി (31), റെയ്ബുൽ ഇസ്ലാം (18) എന്നിവരാണ് മരിച്ചത്. 11 പേർ രക്ഷപ്പെട്ടു. സംഭവസ്ഥലത്തും തുടർന്ന് ആശുപത്രിയിലും കളക്ടർ അർജുൻ പാണ്ഡ്യൻ സന്ദർശിച്ചു. രക്ഷപ്പെട്ട അതിഥി തൊഴിലാളികൾക്ക് തൊഴിൽ വകുപ്പ് പുനരധിവാസ സൗകര്യം ഒരുക്കിയിട്ടുണ്ട്. മരിച്ചവരുടെ കുടുംബങ്ങൾക്ക് സാമ്പത്തിക സഹായം നൽകുന്നതിനായി സർക്കാരിലേക്ക് റിപ്പോർട്ട് സമർപ്പിച്ചതായും കളക്ടർ പറഞ്ഞു. മൃതദേഹങ്ങളുടെ ഇൻക്വസ്റ്റ് നടപടികൾ കൊടകര ശാന്തി ആശുപത്രിയിലും പോസ്റ്റ്മോർട്ടം നടപടികൾ തൃശൂർ മെഡിക്കൽ കോളേജിലും പൂർത്തിയാക്കി. എംബാം ചെയ്ത മൃതദേഹങ്ങൾ ബന്ധുവായ ബൈത്തുൽ ഇസ്ലാമിന് കൈമാറും. മൃതദേഹങ്ങൾ ഇന്ന് വിമാനമാർഗം സ്വദേശത്തേക്ക് കൊണ്ടുപോകാനുള്ള ക്രമീകരണം പൂർത്തിയാക്കിയതായി കളക്ടർ അറിയിച്ചു. മൃതദേഹങ്ങളെ അനുഗമിക്കാൻ ഒരു ബന്ധുവിനും രണ്ട് പരിചയക്കാർക്കും യാത്രാസൗകര്യം ഒരുക്കിയിട്ടുണ്ട്. ക്രമീകരണങ്ങൾ സബ് കളക്ടർ അഖിൽ വി.മോനോൻ ഏകോപിപ്പിച്ചു.
മഴ തോർന്നപ്പോൾ കേട്ടത്...
കാതടപ്പിക്കുന്ന ശബ്ദവും കൂട്ടക്കരച്ചിലും
കൊടകര: വ്യാഴാഴ്ച രാത്രി മുഴുവൻ ചെയ്ത മഴ അല്പം തോർന്ന വെളുപ്പാൻ കാലത്ത് കാതടപ്പിക്കുന്ന ഗബ്ദവും, പിറകെ ഉയർന്ന കൂട്ടകരച്ചിലും ദൂരേയ്ക്ക് കേൾക്കാമായിരുന്നു. കൊടകര ടൗണിൽ പഞ്ചായത്ത് ഓഫീസിനടുത്ത് പഴമയുടെ പ്രൗഡിയുമായി നിന്നിരുന്ന ഇരുനില കെട്ടിടം തകർന്നതാണെന്ന് ആർക്കും മനസിലായില്ല. കൊടകര ടൗൺ ജംഗ്ഷനടുത്ത് വെള്ളിക്കുളങ്ങര റോഡിലേക്ക് അഭിമുഖമായുള്ള കെട്ടിടം പെട്ടന്നാരുടെയും ശ്രദ്ധയിലേക്ക് എത്തിയില്ല. ഏകദേശം 120 വർഷം മുമ്പാണ് ചെമ്പോട്ടി കുഞ്ഞുവറീത് എന്ന ഓട്ടുപാത്ര കച്ചവടക്കാരൻ തന്റെ പ്രൗഡിക്കനുസരിച്ചുള്ള ഇരുനില വീട് നിർമ്മിക്കുന്നത്. അക്കാലത്തെ രീതിയനുസരിച്ച് നാട്ടിൻപുറത്തു നിന്നും കുഴിച്ചെടുക്കുന്ന ചെങ്കല്ല്, മണ്ണ് ഉപയോഗിച്ച് ചുമർ തീർത്ത്, മരവും ഓടും ഉപയോഗിച്ച് മേൽക്കൂരയും തീർത്തു. വീടിന് മുന്നിൽ പാത്ര കച്ചവടത്തിനുള്ള കടയും വിപുലീകരിച്ചു. ഇതോടെ വീട് റോഡിൽ നിന്നും എളുപ്പം കാണാതായി. 40 വർഷം മുമ്പ് വിടിന്റെ മുൻഭാഗം കോൺക്രീറ്റാക്കി. പഴയ ചുമരിൽ തന്നെയാണ് മേൽക്കൂര മാത്രം കോൺക്രീറ്റാക്കിയത്. മക്കൾ വലിയ ഉദ്യോഗസ്ഥരൊക്കെ ആയതോടെ കുഞ്ഞുവറീത് കച്ചവടം അവസാനിപ്പിച്ചു. പിന്നിട് വിടും സ്ഥലവും വില്പന നടത്തി. ഇപ്പോൾ കെട്ടിട ഉടമ മനക്കുളങ്ങര സ്വദേശി നാരായണത്തോട്ടത്തിൽ വിശ്വംഭരനാണ്.
കൊടകരയിലെ ലേബർ കോൺട്രാക്ടർ തെന്നാടൻ ബാബു വാടകയ്ക്ക് എടുത്ത് അതിഥി തൊഴിലാളികളെ താമസിപ്പിക്കുകയാണ്. പെരുന്നാൾ പ്രമാണിച്ച് കുറച്ചുപേർ നാട്ടിൽ പോയതിനാലാണ് 17 പേർ മാത്രം താമസക്കാരായത്. ചില അവസരങ്ങളിൽ നൂറോളം പേർ വരെ താമസക്കാരായി ഉണ്ടാകാറുണ്ടെന്ന് പറയുന്നു. ഒരു തൊഴിലാളിയിൽ നിന്നും മാസ വാടകയായി ആയിരം രൂപവരെ കോൺട്രാക്ടർ വാങ്ങുന്നതായി പറയുന്നു. കൊടകര ടൗണിൽ തന്നെയായതിനാൽ തൊഴിലാളികൾക്ക് യാത്രാസൗകര്യം എളുപ്പമാണ്. താമസക്കാരിൽ മിക്കവരും മേസൺ പണിക്കാരും ഹെൽപ്പർമാരുമാണ്. കാലകാലങ്ങളിൽ വേണ്ട അറ്റകുറ്റപ്പണികൾ നടത്താതിരുന്നതാണ് കെട്ടിടത്തിന്റെ തകർച്ചക്ക് ഇടയാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |