തൃശൂർ: ഡോ. മാർ അപ്രേം മെത്രാപ്പൊലീത്തയുടെ വിയോഗത്തിൽ വേദനയുമായി ഓർമ്മകൾ പങ്കിട്ട് സമൂഹം. പുരോഗമന ചിന്താഗതിക്കാർക്കും ആക്ടിവിസ്റ്റുകൾക്കും കലാസാംസ്‌കാരിക പ്രവർത്തകർക്കുമെല്ലാം ആ വലിയ പിതാവിനെക്കുറിച്ച് നല്ലയോർമ്മകൾ മാത്രം. ഇന്നലെ പൊതുദർശനത്തിന് എത്തിയവർ അതിന് നേർസാക്ഷ്യം.
ശ്രീനാരായണ ഗുരുദേവന്റെ ദർശനങ്ങൾ ലോകം അറിയേണ്ടത് അനിവാര്യമാണെന്ന് പലതവണ ഉറക്കെപ്പറഞ്ഞിട്ടുണ്ട് അദ്ദേഹം. 'ഒരു ജാതി ഒരു മതം ഒരു ദൈവം ' എന്ന ദർശനം ഏറെ പ്രസക്തമാണെന്നും ദൈവദശകം സുറിയാനി ഭാഷയിലേക്ക് തർജമ ചെയ്യുന്നതിനു മുൻപേ അദ്ദേഹം പറഞ്ഞു.
ശ്രീനാരായണ ഗുരുദേവൻ രചിച്ച കുണ്ഡലിനിപ്പാട്ടിന്റെ നൃത്താവിഷ്‌കാരം 'ഏകാത്മകം മെഗാ ഇവന്റി'ന് മുന്നോടിയായി വർഷങ്ങൾക്ക് മുൻപ് തൃശൂരിലെ ജില്ലാതല ഗ്രൗണ്ട് റിഹേഴ്‌സൽ ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തുമ്പോൾ അക്കാര്യം അദ്ദേഹം ഊന്നിപ്പറഞ്ഞു. സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ചും അദ്ദേഹം ഉറക്കെ ശബ്ദിച്ചു. ബൈബിൾ അടക്കമുള്ള മതഗ്രന്ഥങ്ങളിലും സാമൂഹിക വ്യവസ്ഥിതികളിലും സ്ത്രീപക്ഷ കാഴ്ചപ്പാടുകൾക്കു പ്രാധാന്യമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഒരു പുസ്തകപ്രകാശനച്ചടങ്ങിൽ മാർ അപ്രേം തന്റെ സ്ത്രീപക്ഷ നിലപാട് വ്യക്തമാക്കിയത്.
സാംസ്‌കാരിക ലോകത്തേക്കുള്ള യാത്രകൾ...
സാംസ്‌കാരിക പരിപാടികൾക്കു കൂടിയായിരുന്നു മാർ അപ്രേമിന്റെ യാത്രകളെല്ലാം. ആ യാത്രകളിലെല്ലാം പ്ലിമത്ത് വിന്റേജ് കാറിനെയും കൂടെക്കൂട്ടി. സ്വർണ നിറത്തിലുള്ള വണ്ടി നിരത്തിലേക്കിറങ്ങുമ്പോൾ തന്നെ എല്ലാവർക്കും കൗതുകമായിരുന്നു. പരിസ്ഥിതി പരിപാടികളിലും സജീവമായിരുന്നു. 2011ൽ വിലങ്ങൻകുന്നിൽ വിലങ്ങൻ ട്രെക്കേഴ്‌സ് ക്ലബ് നടത്തിയ അശോകവനസ്മരണയിൽ മുഖ്യാതിഥിയായിരുന്നു. മാടമ്പ് കുഞ്ഞുകുട്ടൻ അടക്കം സാഹിത്യ സാംസ്‌കാരിക മേഖലയിലെ പ്രമുഖർ പങ്കെടുത്ത പരിപാടിയിൽ പൗരോഹിത്യത്തിന്റെ പ്രതിനിധിയായാണ് മാർ അപ്രേം എത്തിയത്. പക്ഷേ, അദ്ദേഹത്തിന്റെ നിലപാട് തികഞ്ഞ പരിസ്ഥിതിവാദിയുടേതായിരുന്നു.
സുകുമാർ അഴീക്കോടായിരുന്നു മാർ അപ്രേമിന്റെ രണ്ടാമത്തെ പുസ്തകത്തിന് അവതാരിക എഴുതിയത്. എഴുപതാം പിറന്നാൾ ദിവസം 700 പേർക്ക് രക്തദാനം, 70 പേർക്ക് ഡയാലിസിസ്, 7000 മരങ്ങൾ നടൽ, ഏഴുപേർക്ക് വിവാഹസഹായം, 700 പേർ നേത്രദാനപത്രത്തിൽ ഒപ്പുവയ്ക്കൽ, 70 മദ്യപാനികളെ ആ ശീലത്തിൽനിന്നു മോചിപ്പിക്കൽ എന്നീ പ്രവർത്തനങ്ങൾക്കായിരുന്നു അദ്ദേഹം നേതൃത്വം നൽകിയത്.
പാട്ടും പാട്ടുപകരണങ്ങളും...
സംഗീതത്തോടും സിത്താറിനോടുമുള്ള അദ്ദേഹത്തിന്റെ ഇഷ്ടത്തെ പ്രോത്സാഹിപ്പിച്ചവരിൽ യേശുദാസുമുണ്ടായിരുന്നു. ആത്മകഥയ്ക്ക് 'സിത്താറിസ്റ്റ് ആൻഡ് സറ്റയറിസ്റ്റ്' എന്ന് പേരിട്ടതും സംഗീതത്തോടുള്ള കമ്പം കൊണ്ടു തന്ന. പാട്ടുകളും അദ്ദേഹം എഴുതി. അതെ, അദ്ദേഹം കൈവയ്ക്കാത്ത മേഖലകളില്ല...
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |