തൃശൂർ: അർഹരായവരെ എല്ലാം ഭൂമിയുടെ അവകാശികളാക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് മന്ത്രി കെ. രാജൻ. ഇതിനായി ഭൂപതിവ് നിയമങ്ങൾക്ക് 64 വർഷത്തിന് ശേഷം ഭേദഗതി വരുത്താനൊരുങ്ങുകയാണ് സർക്കാർ. ടൗൺ ഹാളിൽ നടന്ന താലൂക്ക്തല പട്ടയമേള ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
പട്ടയം അനുവദിക്കുന്നതിനുള്ള കുടുംബവരുമാനം ഒരു ലക്ഷം രൂപയിൽ നിന്ന് 2.5 ലക്ഷം രൂപയാക്കും. ഡിജിറ്റൽ റീസർവെ പൂർത്തിയായാൽ പട്ടയവിതരണം കൂടുതൽ വേഗമാകും. മൂവായിരത്തോളം പട്ടയങ്ങൾ ഈ സർക്കാരിന്റെ കാലത്ത് ജില്ലയിൽ വിതരണം ചെയ്തുവെന്നും മന്ത്രി വ്യക്തമാക്കി.
പി. ബാലചന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷനായി. സി.സി. മുകുന്ദൻ എം.എൽ.എ മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസ്, ചേർപ്പ് പഞ്ചായത്ത് പ്രസിഡന്റ് സുജിഷ കള്ളിയത്ത്, കളക്ടർ അർജുൻ പാണ്ഡ്യൻ, സബ് കളക്ടർ അഖിൽ വി. മേനോൻ, എ.ഡി.എം: ടി. മുരളി, ഡെപ്യൂട്ടി കളക്ടർ ജ്യോതി, തൃശൂർ തഹസിൽദാർ ജയശ്രീ തുടങ്ങിയവർ പങ്കെടുത്തു.
താലൂക്ക്തല അദാലത്തിൽ 978 പട്ടയങ്ങൾ വിതരണം ചെയ്തു
താലൂക്ക്തല പട്ടയമേളയിൽ 978 പട്ടയങ്ങൾ വിതരണം ചെയ്തു. ഒല്ലൂർ നവജ്യോതി, ശാന്തിനഗർ, പട്ടാളക്കുന്ന്, അവണൂർ അംബേദ്കർ നഗർ, ഇത്തപ്പാറ നഗർ, തങ്ങാലൂർ വില്ലേജിലെ കവിനഗർ (മയിലാടുംകുന്ന്) നിവാസികളുടെ ഭൂമി പ്രശ്‌നത്തിന് ഇതോടെ പരിഹാരമായി. തൃശൂർ നിയോജക മണ്ഡലത്തിൽ 57 പേർക്കും, ഒല്ലൂരിൽ 274 പേർക്കും, നാട്ടികയിലെ 166 പേർക്കും മണലൂരിലെ 35 പേർക്കും ലാൻഡ് ട്രിബ്യൂണൽ പട്ടയങ്ങൾ വിതരണം ചെയ്തു. 387 ദേവസ്വം പട്ടയങ്ങളും മേളയിൽ വിതരണം ചെയ്തു. മണലൂരിൽ 72ഉം, ഒല്ലൂരിൽ 168ഉം, തൃശൂരിൽ 63ഉം, നാട്ടികയിൽ 84ഉം ദേവസ്വം പട്ടയങ്ങളാണ് വിതരണം ചെയ്തത്. കൂടാതെ 59 പുറമ്പോക്ക് പട്ടയങ്ങളും വിതരണം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |