തൃശൂർ: ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും കാലമായ പൊന്നോണത്തിന്റെ വരവറിയിച്ച് ഇന്ന് അത്തം.
വീട്ടുമുറ്റങ്ങളിൽ ഇനി പത്ത് നാൾ പൂക്കളങ്ങൾ നിറയും. വടക്കുന്നാഥ ക്ഷേത്രത്തിന്റെ കിഴക്കെ ഗോപുര നടയിലെ താത്കാലിക സ്റ്റാളുകളിലും പൂക്കടകളിലും വിൽപ്പന തകൃതിയാണ്.
കഴിഞ്ഞ ദിവസം രാത്രി തന്നെ തമിഴ്നാട്, ആന്ധ്ര, കർണാടക ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നിന്ന് പൂക്കളുമായുള്ള വാഹനങ്ങൾ തൃശൂരിലെത്തി. നാലുതരം പൂക്കൾ അടങ്ങിയ കിറ്റിന് അമ്പത് രൂപ മുതൽ നൂറു രൂപ വരെയാണ് വില. അറുപത് ടണ്ണോളം പൂക്കളാണ് ഇന്നലെ തൃശൂരിൽ എത്തിയത്. ചെണ്ടുമല്ലി, മഞ്ഞ ചെണ്ടുമല്ലി, ജമന്തി, അരളി എന്നിവയാണ് പ്രധാനമായും വിപണിയിലെത്തിയത്.ചെണ്ടു മല്ലിക്ക് 100 രൂപ, വാടാർമല്ലി - 400 രൂപ എന്നിങ്ങനെയാണ് നിരക്ക്. നാളെ വിനായക ചതുർത്ഥി കൂടിയായതോടെ പൂവിന് ആവശ്യക്കാരേറും. കോളേജുകളിലും സ്കൂളുകളിലും മറ്റ് സ്ഥാപനങ്ങളിലും പൂക്കളമത്സരങ്ങളും അടുത്ത ദിവസങ്ങളിൽ നടക്കും. ഇന്ന് തേക്കിൻകാട് മൈതാനിയിൽ തെക്കെഗോപുര നടയിൽ സൗഹൃദ കൂട്ടായ്മ ഒരുക്കുന്ന ഭീമൻ പൂക്കളവും വിടരും. ഇന്നലെ രാവിലെ തന്നെ ഒരുക്കങ്ങൾ തുടങ്ങിയിരുന്നു. തൃശൂരിന്റെ സയാഹ്നകൂട്ടായ്മയുടെ നേതൃത്വത്തിലാണ് പൂക്കളമൊരുക്കുന്നത്.
പുലികളിക്ക് ഇന്ന് കൊടിയേറ്റം
നാലോണ നാളിൽ തൃശൂരിനെ ആവേശഭരിതമാക്കുന്ന പുലികളിക്ക് ഇന്ന് കൊടിയേറും. രാവിലെ എട്ടിന് മേയർ എം.കെ.വർഗീസ് കൊടിയേറ്റം നിർവഹിക്കും. അയ്യന്തോൾ ദേശം, കുട്ടംകുളങ്ങര ദേശം,സീതാറാം മിൽ, ചക്കാമുക്ക്,നായ്ക്കനാൽ ദേശം, യുവജനസംഘം വിയ്യൂർ.ശഹ്കരംകുളങ്ങര ദേശം,വെളിയന്നൂർ ദേശം എന്നീ എട്ടു ടീമുകളാണ് ഇത്തവണ പുലികളിക്ക് ഉള്ളത്.
പൂത്തിണ്ണകൾ വിസ്മൃതിയിലേക്ക്
തൃശൂർ: ഓണത്തെ വരവേൽക്കാൻ അത്തപ്പൂക്കളം ഒരുങ്ങുമ്പോഴും പഴമയുടെ പ്രതീകമായ പൂത്തിണ്ണകൾ(പൂത്തറ) അപൂർവ കാഴ്ച്ചയാകുന്നു. അത്തത്തിന് ദിവസങ്ങൾക്ക് മുമ്പ് കളിമണ്ണ് കൊണ്ട് മുറ്റത്ത് ഒരുക്കുന്ന പൂത്തിണ്ണകൾ ഭൂരിഭാഗം സ്ഥലങ്ങളിലും അന്യമാണ്. ഇപ്പോൾ പൂക്കളങ്ങൾ സിറ്റൗട്ടുകളിലേക്കും അകത്തളങ്ങളിലേക്കും ചുരുങ്ങി. എല്ലാ ദിവസവും വീട്ടു മുറ്റത്തെ പൂത്തറകളിൽ ചാണകം തേച്ച ശേഷമാണ് നാടൻ പൂക്കൾ കൊണ്ട് പൂക്കളമൊരുക്കിയിരുന്നത്. പൂക്കളമൊരുക്കി കഴിഞ്ഞ ഉടൻ ആറാപ്പ് വിളിച്ച ശേഷമാണ് അവസാനിപ്പിക്കുക. ഇതോടൊപ്പം തന്നെ തൃക്കാക്കരയപ്പന്റെ നിർമ്മാണം നടത്തും. കളിമണ്ണ് കുഴച്ച് മരപലകയിൽ വച്ച് ഉണ്ടാക്കി ഉണക്കും. ഒരോ ദിവസവും ഒരോ തരം പൂക്കളാണ് ഉപയോഗിച്ചിരുന്നതെങ്കിൽ ഇന്ന് അതെല്ലാം മാറിമറിഞ്ഞു. അന്യസംസ്ഥാനങ്ങളിൽ നിന്ന് വരുന്ന പൂക്കളാണ് ഇടം പിടിക്കുന്നത്. തുമ്പയും മുക്കുറ്റിയും തൊടികളിലെ മറ്റ് പൂക്കളും അപ്രത്യക്ഷമായി തുടങ്ങി.
നടപ്പാതയിലെ പൂക്കച്ചവടക്കാരെ ഒഴിപ്പിച്ചു
തൃശൂർ: പാലസ് റോഡിൽ നടപ്പാതയോട് ചേർന്ന് പൂക്കച്ചവടം നടത്തിയവരെ കോർപറേഷൻ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ ഒഴിപ്പിച്ചു. ലൈസൻസ് ഇല്ലാതെ നടപ്പാത കയ്യേറി കച്ചവടം ആരംഭിച്ച മൂന്ന് സ്റ്റാളുകളാണ് ഉണ്ടായിരുന്നത്. പാലസ് റോഡിന്റെ തുടക്കത്തിൽ പഴയ കൃഷ്ണൻ നായർ സ്റ്റുഡിയോയുടെ എതിർവശത്തെ നടപ്പാതയിലാണ് സ്റ്റാളുകൾ സ്ഥാപിച്ചത്. മറ്റ് പൂക്കച്ചവടക്കാരുടെ പരാതിയെ തുടർന്നാണ് നടപടി. എന്നാൽ സ്ഥിരമായി പൂക്കച്ചവടം നടത്തുന്നവർ നടപ്പാതയിലേക്ക് ഷീറ്റിന്റെ പന്തലിട്ട് യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നതിനെതിരെ നടപടി എടുക്കണമെന്നാവശ്യം ഉയർത്തിയതോടെ ഒഴിപ്പിക്കൽ ഏറെ നേരം നീണ്ടു. തുടർന്ന് നടപ്പാത കയ്യേറിയ ഭാഗം എത്രയും വേഗം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് നോട്ടീസ് നൽകി. മുൻവർഷങ്ങളിലും നടപ്പാതയിൽ പൂക്കച്ചവടം നടത്തുന്നതിനെ ചൊല്ലി തർക്കങ്ങൾ നിലനിന്നിരുന്നു. ഓണക്കാലത്ത് സ്ഥിരമായി ഇവിടെ കച്ചവടം നടത്തുന്നവരാണെന്നും മുൻവർഷങ്ങളിലും കോർപറേഷൻ ഇതേ നിലപാടു സ്വീകരിച്ചിരുന്നെങ്കിലും കടുത്ത നടപടികളിലേക്കു കടക്കാത്തതിനാൽ കച്ചവടം നടത്തിയിരുന്നെന്നും കച്ചവടക്കാർ പറഞ്ഞു. ഉത്സവ സീസണുകളിൽ കച്ചവടത്തിന് കോർപറേഷൻ താത്കാലിക ലൈസൻസ് നൽകാറുണ്ട്. എന്നാൽ നടപ്പാത കയ്യേറിയും ഉടമസ്ഥരുടെ അനുമതി ഇല്ലാതെയും നടത്തുന്ന കച്ചവടങ്ങൾക്ക് അനുമതി നൽകാനാവില്ലെന്ന് കോർപറേഷൻ വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ വർഗീസ് കണ്ടംകുളത്തി പറഞ്ഞു.
സപ്ലൈകോ ജില്ലാതല ഓണം ഫെയർ
തൃശൂർ: തേക്കിൻകാട് മൈതാനത്തെ തെക്കേ ഗോപുര നടയിൽ ആരംഭിച്ച സപ്ലൈകോ ഓണം ഫെയറിന്റെയും സഞ്ചരിക്കുന്ന മാവേലി സ്റ്റോറിന്റെയും ഉദ്ഘാടനം മന്ത്രി കെ. രാജൻ നിർവഹിച്ചു. തൃശൂർ സ്വദേശിനി ജയന്തിക്ക് നിത്യോപയോഗ സാധനങ്ങളടങ്ങിയ കിറ്റ് നൽകിക്കൊണ്ടാണ് മന്ത്രി ആദ്യവിൽപ്പന നിർവഹിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ് പ്രിൻസ് അദ്ധ്യക്ഷത വഹിച്ചു. സപ്ലൈകോ പാലക്കാട് മേഖല മാനേജർ ജി. സുമ, ജില്ലാ സപ്ലൈ ഓഫീസർ ടി.ജെ. ആശ തുടങ്ങിയവർ പങ്കെടുത്തു. സപ്ലൈകോ ജില്ലാ ഓണം ഫെയറിൽ പഞ്ചസാര, മുളക്, മല്ലി, ഉഴുന്ന്, തുവരപ്പരിപ്പ്, ചെറുപയർ, വൻപയർ, വൻകടല, ജയ അരി, കുറുവ അരി, മട്ട അരി, പച്ചരി, വെളിച്ചെണ്ണ തുടങ്ങിയ സാധനങ്ങൾ സബ്സിഡി നിരക്കിൽ ലഭിക്കും. ഓണം ഫെയർ സെപ്തംബർ നാലുവരെ തുടരും.
നാട്ടുപൂക്കളുടെ പ്രദർശനം
തൃശൂർ: ഓയിസ്ക ഇന്റർനാഷണലിന്റെയും തൃശൂർ കോ ഓപ്പറേറ്റീവ് കോളേജിന്റെയും ആഭിമുഖ്യത്തിൽ നടത്തിയ അഞ്ചാമത് നാട്ടുപൂക്കളുടെ പ്രദർശനം ജയരാജ് വാര്യർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഓയിസ്ക പ്രസിഡന്റ് ഡോ. കെ. എസ്. രജിതൻ അദ്ധ്യക്ഷത വഹിച്ചു. കോ ഓപ്പറേറ്റീവ് കോളേജ് പ്രസിഡന്റ് ടി. എസ്. സജീവൻ, കോളേജ് പ്രിൻസിപ്പൽ ടി. സുരേഷ് കുമാർ, നിഫ കോർഡിനേറ്റർ വി. രാജേഷ് മാസ്റ്റർ, ഓയിസ്ക ഭാരവാഹികളായ ഡോ. ടി. എൽ. സോണി, ഇ. സത്യഭാമ ടീച്ചർ, പി. എം. സുധ, വി. എ. വേണുഗോപാലൻ മാസ്റ്റർ, മരിയ രശ്മി ടീച്ചർ എന്നിവർ പ്രസംഗിച്ചു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |