തൃശൂർ: ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യയുടെ സംഭാവനയായ നിർമ്മിതബുദ്ധിയെ പൊതു ഉടമസ്ഥതയിൽ കൊണ്ടുവരണമെന്നതാണ് സി.പി.ഐ നിലപാടെന്ന് ദേശീയ സെക്രട്ടേറിയറ്റ് അംഗം അഡ്വ.കെ.പ്രകാശ് ബാബു പറഞ്ഞു. തൃശൂർ, പാലക്കാട് ജില്ലകളിലെ പാർട്ടി പ്രവർത്തകർക്കായുള്ള മേഖലായോഗം ഉദ്ഘാടനം ചെയ്ത് റിപ്പോർട്ടിംഗ് നടത്തുകയായിരുന്നു അദ്ദേഹം. മുതലാളിത്തത്തിന്റെ ഉപകരണമായി എ.ഐയെ ദുരുപയോഗിച്ച് ഏതാനും ബഹുരാഷ്ട്ര കുത്തക ഭീമന്മാർക്ക് കൊള്ളലാഭം കൊയ്യാനും ദരിദ്രരെ കൂടുതൽ ദരിദ്രരാക്കാനും മാത്രമാണ് ആധുനിക സാങ്കേതികവിദ്യകളെ ഉപയോഗിക്കുന്നത്. ഈ നയം തിരുത്തപ്പെടണം. സമ്പത്തിന്റെ ഭയാനകയമായ കേന്ദ്രീകരണവും തൊഴിൽരഹിത സാമ്പത്തികവളർച്ച ഉണ്ടാക്കാനുമുള്ള പരിശ്രമത്തിലാണ് കേന്ദ്ര സർക്കാരെന്നും അദ്ദേഹം ആരോപിച്ചു.
സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെപി.സുരേഷ് രാജ് അദ്ധ്യക്ഷത വഹിച്ചു. ദേശീയ എക്‌സിക്യുട്ടീവ് അംഗം കെ.പി.രാജേന്ദ്രൻ, മറ്റ് നേതാക്കളായ കെ.കെ.വത്സരാജ്, അഡ്വ.വി.എസ്.സുനിൽകുമാർ, രാജാജി മാത്യു തോമസ്, സുമലത മോഹൻദാസ്, ഇ.എം.സതീശൻ, കെ.ഷാജഹാൻ, കെ.രാമചന്ദ്രൻ, സി.എൻ.ജയദേവൻ, വി.എസ്.പ്രിൻസ്, ഷീല വിജയകുമാർ, കെ.ജി.ശിവാനന്ദൻ, അഡ്വ.ടി.ആർ.രമേഷ്‌കുമാർ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |