തൃശൂർ: വനവിഭവങ്ങൾ ശേഖരിച്ച് വിറ്റുകിട്ടുന്ന പണം കൈക്കലാക്കി ലഹരിവസ്തുക്കൾ ഉന്നതികളിലെത്തിക്കുന്ന സംഘങ്ങളും കുറവല്ല. പുരുഷന്മാരെ മാത്രമല്ല, സ്ത്രീകളെയും കുട്ടികളെയും വരെ അടിമകളാക്കും. വനവിഭവങ്ങളും പണവും വാങ്ങുന്നവരെ പിടികൂടാൻ ഉദ്യോഗസ്ഥർക്ക് കഴിയുന്നില്ല. ലഹരിയിൽ നിന്ന് ചെറുപ്പക്കാരെ മോചിപ്പിക്കാൻ കളിസ്ഥലങ്ങൾ ഒരുക്കാനുള്ള ശ്രമം പോലുമില്ല. ലൈബ്രറി, റീഡിംഗ് റൂം എന്നിവയിലേക്കെത്തിക്കാനുള്ള ശ്രമങ്ങളുമില്ല. മദ്യപിച്ച് തുടങ്ങിയാൽ നിയന്ത്രിക്കാനാകാത്ത നിലയുമുണ്ട്. വലിയ അളവിലാണ് പലരും മദ്യം ഉപയോഗിക്കുന്നതെന്ന് ഉദ്യോഗസ്ഥർ പറയുന്നു. വാറ്റുസംഘങ്ങളും ഇവരെ ഇരകളാക്കുന്നുണ്ടെന്നാണ് വിവരം.
രോഗങ്ങളും കൂടി വരുന്നുണ്ടെന്നാണ് ആരോഗ്യവിദഗ്ദ്ധർ നൽകുന്ന വിവരം. ജീവിതശൈലി രോഗങ്ങൾ കൂടി. അമിതഭക്ഷണമല്ല, പോഷക സമ്പന്നമായ സമീകൃതാഹാരമില്ലാത്തതാണ് പ്രശ്‌നം. പ്രമേഹം, രക്തസമ്മർദ്ദം, തൈറോയ്ഡ് തുടങ്ങിയ അസുഖങ്ങളും കൂടുന്നുണ്ട്.
മാനസിക സംഘർഷവും...
ചൂഷണങ്ങൾക്ക് വിധേയരാകുമ്പോൾ ഇവരിൽ മാനസികസംഘർഷം കൂടുന്നതായി കൗൺസിലർമാർ പറയുന്നു. ജീവനൊടുക്കുന്നവരും കൂടുന്നു. ലഹരിയുടെ അമിതോപയോഗമാണ് കാരണങ്ങളിലൊന്ന്. വിനോദങ്ങളോ മാനസികോല്ലാസ പ്രവർത്തനങ്ങളോ ഇല്ലാത്തതും നിരാശരാക്കുന്നു. ഇത്തരം പ്രശ്നങ്ങളിൽ നിന്നും ആദിവാസിഊരുകളെ കൈപിടിച്ചുയർത്താൻ വയനാട് മേഖലയിൽ 2018ൽ മാനസികാരോഗ്യ പദ്ധതി തയ്യാറാക്കിയിരുന്നു. ട്രൈബൽ മെന്റൽ ഹെൽത്ത് പ്രൊജക്ട് വയനാട് എന്ന പേരിലാണ് പദ്ധതി ആവിഷ്‌കരിച്ചത്. കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോസയൻസസ് (ഇംഹാൻസ്) സാമൂഹികനീതി വകുപ്പിന്റെ സാമ്പത്തിക സഹായത്തോടെയായിരുന്നു പദ്ധതി നടത്തിയത്. മെഡിക്കൽ ഓഫീസർ, മാനസികാരോഗ്യ വിദഗ്ദ്ധൻ, നഴ്‌സ് തുടങ്ങിയവർ അടങ്ങിയ സംഘത്തിന്റെ സേവനവുമുണ്ടായിരുന്നു. ട്രൈബൽ പ്രൊമോട്ടർമാരുടെ സഹായത്തോടെ കോളനികളിൽ നിന്നും വിവരങ്ങൾ ശേഖരിച്ച് മാനസികപ്രശ്‌നം നേരിടുന്നവർക്ക് വൈദ്യസഹായമടക്കമുള്ളവ നൽകിയിരുന്നു.
വീടിനുമീതെ മരങ്ങൾ
വനാവകാശ നിയമ പ്രകാരം പതിച്ചുകിട്ടിയ ഭൂമിയിൽ അപകടഭീഷണി ഉയർത്തുന്ന മരങ്ങൾ മുറിച്ചുനീക്കാത്തതിന്റെ പ്രതിഷേധവും പൊകലപ്പാറയിലുണ്ട്. വനംവകുപ്പ് മുറിക്കാൻ തയ്യാറാണെന്ന് പറഞ്ഞ് പല മരങ്ങളിലും നമ്പർ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും വർഷങ്ങൾ കഴിഞ്ഞിട്ടും മരം മുറിക്കുന്നില്ല. മഴയിൽ വീഴുന്ന മരങ്ങളിൽ നിന്ന് തലനാരിഴയ്ക്കാണ് പലരും രക്ഷപ്പെടുന്നതെന്ന് പൊകലപ്പാറ ഉന്നതിയിലെ വിജയ രാജ് കുമാർ പറയുന്നു.
മെഡിക്കൽ ഓഫീസറും മൾട്ടി പർപ്പസ് വർക്കറും അടക്കമുള്ള ആയുഷ് മൊബൈൽ യൂണിറ്റ് ഭൂരിഭാഗം ജില്ലകളിലെ ഉന്നതികളിലും സജീവമാണ്. പരിശോധനകളും മരുന്നും ഈ യൂണിറ്റ് വഴി ലഭ്യമാക്കുന്നുണ്ട്. അട്ടപ്പാടിയിൽ ഒരു യൂണിറ്റിന് അറുപത് ഉന്നതികളിൽ വരെയെത്താൻ കഴിയും.
ഡോ.പി.ആർ.സജി,
സ്റ്റേറ്റ് പ്രോഗ്രാം മാനേജർ
നാഷണൽ ആയുഷ് മിഷൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |