തൃശൂർ: ചിമ്മിനി ഡാം തുറന്നെങ്കിലും കോൾപ്പാടത്തേക്ക് നേരിയ തോതിൽ മാത്രം വെള്ളം ഒഴുകുന്നതിനാൽ നെല്ലുത്പാദനത്തെ ബാധിക്കുമെന്ന ആശങ്കയിൽ കർഷകർ. രണ്ടിഞ്ചാണ് ജലനിരപ്പ് ഉയർന്നത്. പാടശേഖരങ്ങളിൽ അമ്‌ളാംശം കൂടുന്നതിനാൽ നെല്ലുത്പാദനം കുറയുമെന്ന് കർഷകർ പറയുന്നു. ഏനാമാക്കൽ പരിസരത്ത് ഉപ്പുവെളളം കയറിയ നിലയിലാണ്. ഏനാമാക്കലിൽ കഴിഞ്ഞ മാസങ്ങളിൽ ഷട്ടറുകൾ തുറന്നിട്ടിരുന്നു. കരുവന്നൂർ പുഴ നിറഞ്ഞ് കോൾമേഖലയിലേക്ക് വെള്ളമെത്താൻ മൂന്നുദിവസമെങ്കിലും വേണ്ടിവരുമെന്നാണ് നിഗമനം. ബുധനാഴ്ച ജില്ലാ കളക്ടറുടെ സാന്നിദ്ധ്യത്തിൽ നടക്കുന്ന കോൾ ഉപദേശകസമിതി യോഗത്തിൽ വിഷയം ശക്തമായി ഉന്നയിക്കാനാണ് കർഷകപ്രതിനിധികളുടെ തീരുമാനം. പതിനൊന്ന് അംഗകമ്മിറ്റിയാണ് യോഗത്തിൽ പങ്കെടുക്കുക. കഴിഞ്ഞ മാസം യോഗം ചേരാത്തതിൽ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. ഏനാമാക്കലിൽ വളയംകെട്ട് ഉടൻ പൂർത്തീകരിക്കണമെന്ന ആവശ്യവും കർഷകർ ഉന്നയിക്കും.
വരണ്ടുണങ്ങി പാടം
കോൾമേഖലയിലെ വടക്ക്, തെക്ക്, പടിഞ്ഞാറ് ഭാഗങ്ങളിലെ ആയിരക്കണക്കിന് ഏക്കർ നെൽക്കൃഷിയാണ് വെള്ളമില്ലാതെ വരണ്ടുണങ്ങുന്നത്. താമരവളയം, ഏനാമാവ് ബണ്ടുകൾ സമയബന്ധിതമായി നിർമ്മാണം പൂർത്തിയാക്കാൻ കഴിയാത്തതാണ് വരൾച്ചയ്ക്കിടയാക്കിയതെന്ന് കർഷകർ പറഞ്ഞു.
20 മുതൽ 30 ദിവസം പ്രായമുള്ള നെൽച്ചെടികൾ കരിഞ്ഞു തുടങ്ങി. പാടശേഖരങ്ങളോട് ചേർന്ന കെഎൽഡിസിയുടെ പുറംകനാലുകളിൽ വെള്ളമെത്തിയാലാണ് പാടങ്ങളിലേക്ക് വെള്ളം തിരിച്ചുവിടാൻ കഴിയു. നിലമുഴുത് വിതച്ച് കഴിഞ്ഞാൽ പന്ത്രണ്ടാം ദിവസം മുതൽ പാടത്ത് വെള്ളം കയറ്റി നിറുത്തണം. രണ്ടുമാസം മുൻപ് ചേർന്ന കോൾകർഷക സമിതി യോഗത്തിൽ വിഷയം ഉന്നയിച്ചെങ്കിലും സൗകര്യങ്ങൾ ചെയ്തുതരാമെന്ന് ഉദ്യോഗസ്ഥർ ഉറപ്പുനൽകിയതായി കർഷകർ പറയുന്നു. എന്നാൽ ബണ്ടുകൾ കെട്ടുന്നതിനോ ഷട്ടറുകൾ അടച്ച് പുഴയിൽ വെള്ളം സംഭരിക്കുന്നതിനോ ശ്രമമുണ്ടായില്ല.
തിരിച്ചടികളേറെ
വളമിട്ടവരും കീടനാശിനി പ്രയോഗിച്ചവരും പ്രതസന്ധിയിൽ
വെള്ളമെത്തിയാലും നെൽച്ചെടികൾ കരുത്തുറ്റതാകാൻ ഒരാഴ്ചയിലേറെ വേണ്ടിവരും.
പാടം വിണ്ടതോടെ ചെടികൾക്കുണ്ടാകുന്ന കരിച്ചിലും പുല്ല് കൂടുന്നതും ഉത്പാദനത്തെ ബാധിക്കും.
സാമ്പത്തികനഷ്ടമുണ്ടാകുമെന്ന് കരുതി കൃഷി ഉപേക്ഷിക്കുന്നവർ കൂടുന്നു
വേണ്ടത്ര വളം ലഭ്യതയും കൃഷിവകുപ്പ് ഉദ്യോഗസ്ഥരുടെ ഇടപെടലും ഉണ്ടാകുന്നില്ല.
കോൾപ്പാടത്തെ പ്രശ്‌നങ്ങൾ ഫലപ്രദമായി പരിഹരിക്കാൻ ആത്മാർത്ഥമായ ശ്രമങ്ങളുണ്ടാകുന്നില്ല.
കൊളങ്ങാട്ട് ഗോപിനാഥൻ, പ്രസിഡന്റ്, പുല്ലഴി കോൾപടവ്
സഹകരണസംഘം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |