അടിപതറാതെ സേവ്യർ ചിറ്റിലപ്പിള്ളി
വടക്കാഞ്ചേരി: സംസ്ഥാനത്ത് ആഞ്ഞടിച്ച യു.ഡി.എഫ് തരംഗത്തിൽ അടിപതറാതെ സേവ്യർ ചിറ്റിലപ്പിള്ളി. 5690 വോട്ടിനാണ് രണ്ടാംതവണ എം.എൽ.എയാകുന്നത്. സ്‌കൂൾ വിദ്യാഭ്യാസ കാലത്ത് സ്പീക്കറായും ഡെപ്യൂട്ടി ലീഡറായും സംഘാടന മികവ് തെളിയിച്ച അദ്ദേഹം തുടർന്ന് എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറിയായി. 17-ാം വയസ്സിൽ ഡി.വൈ.എഫ്.ഐ പഞ്ചായത്ത് സെക്രട്ടറി, 18-ാം വയസ്സിൽ ബ്ലോക്ക് സെക്രട്ടറി, 22-ാം വയസ്സിൽ സി.പി.എം വടക്കാഞ്ചേരി ലോക്കൽ കമ്മിറ്റി സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. പിന്നീട് ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ്, സംസ്ഥാന കമ്മിറ്റി അംഗം എന്നീ പദവികളും വഹിച്ചു. 1995ൽ അകമലയെ പ്രതിനിധീകരിച്ച് വടക്കാഞ്ചേരി പഞ്ചായത്ത് അംഗമായും 2000ൽ കുമരനെല്ലൂർ വാർഡിൽ നിന്ന് വിജയിച്ച് പഞ്ചായത്ത് വൈസ് പ്രസിഡന്റായും സേവനമനുഷ്ഠിച്ചു. തുടർന്ന് സി.പി.എം വടക്കാഞ്ചേരി ഏരിയ സെക്രട്ടറിയായി പ്രവർത്തിച്ച അദ്ദേഹം 2014 മുതൽ പാർട്ടി ജില്ലാ സെക്രട്ടേറിയറ്റ് അംഗമാണ്. ഭാര്യ: ജിഷ (ചിറ്റണ്ട യു.പി. സ്‌കൂൾ അദ്ധ്യാപിക) മക്കൾ:എഡ്വിൻ, ഡാർവിൻ.