തൃശൂർ: കുറഞ്ഞ ചെലവിൽ അതിവേഗ ഇന്റർനെറ്റ് ലഭ്യമാക്കുന്ന കെ. ഫോൺ (കേരള ഫൈബർ ഒപ്റ്റിക്കൽ നെറ്റ് വർക്ക്) വഴി ഒല്ലൂരിൽ ആദ്യഘട്ടത്തിൽ ബി.പി.എൽ വിഭാഗത്തിലെ 100 കുടുംബങ്ങൾക്ക് സൗജന്യ കണക്ഷൻ നൽകും. ഇതിൽ 10 ശതമാനം എസ്.സി കുടുംബങ്ങളും 3 ശതമാനം എസ്.ടി കുടുംബങ്ങളുമാണ്. തദ്ദേശ സ്ഥാപനങ്ങൾ അർഹരായവരുടെ ലിസ്റ്റ് നൽകും.
മണ്ഡലംതല ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, വ്യാപാരി, വ്യവസായികൾ എന്നിവരുടെ സംയുക്ത യോഗത്തിലാണ് തീരുമാനം. മന്ത്രി കെ.രാജൻ അദ്ധ്യക്ഷനായി. ഒല്ലൂക്കര ബ്ലോക്കിലെ നാല് പഞ്ചായത്തിലും കോർപറേഷനിലുമായി 20 കണക്ഷൻ വീതം നൽകും. വിദ്യാഭ്യാസ, തൊഴിൽ ആവശ്യങ്ങൾക്ക് അതിവേഗ ഇന്റർനെറ്റ് അനിവാര്യമായ പാവപ്പെട്ട കുടുംബങ്ങൾക്ക് മുൻഗണന നൽകണമെന്ന് മന്ത്രി പറഞ്ഞു. ഒല്ലൂക്കര ബ്ലോക്ക് പ്രസിഡന്റ് കെ.ആർ.രവി, പഞ്ചായത്ത് പ്രസിഡന്റുമാരായ പി.പി.രവീന്ദ്രൻ, ശ്രീവിദ്യ രാജേഷ്, പി.വി.പ്രസന്ന എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |