തൃശൂർ : കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ട ആശങ്ക വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ കരുതൽ ഡോസ് വാക്‌സിൻ എടുക്കാനുള്ള പ്രവർത്തനം ഊർജ്ജിതമാക്കാൻ നിർദ്ദേശം. കരുതൽ ഡോസ് എടുക്കേണ്ടവരിൽ 20 ശതമാനം പേരേ എടുത്തിട്ടുള്ളൂ. ആൾക്കൂട്ടമുണ്ടാവുന്ന പ്രദേശം, എ.സി മുറികൾ, പൊതുയിടങ്ങൾ എന്നിവിടങ്ങളിൽ മാസ്‌ക് ഉപയോഗം വ്യാപകമാക്കാൻ ശ്രദ്ധിക്കണമെന്നും കളക്ടർ പറഞ്ഞു. ആർദ്രം പദ്ധതി കൊവിഡിന് മുൻപ് നടപ്പിലാക്കിയത് പോലെ ഡോക്ടറുടെ സേവനം ലഭ്യമാകുന്നുണ്ടോ എന്നത് സംബന്ധിച്ച് റിപ്പോർട്ട് ലഭ്യമാക്കണമെന്ന് സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ ആവശ്യപ്പെട്ടു. ഉദ്ഘാടനം കഴിഞ്ഞ 62 സ്ഥാപനങ്ങളിൽ 13 സ്ഥാപനങ്ങൾ ഒഴികെ എല്ലായിടത്തും മൂന്ന് ഡോക്ടർമാർ വീതമുണ്ടെന്നും മൂന്ന് ഡോക്ടർമാർ വീതമുള്ള സ്ഥലങ്ങളിലെല്ലാം ഉച്ചയ്ക്ക് ശേഷമുള്ള ഒ.പിയും കൊവിഡിന് മുമ്പേയുള്ള എല്ലാ ആർദ്രം ചികിത്സാ സൗകര്യങ്ങളും ഉണ്ടെന്നും ഡി.എം.ഒ അറിയിച്ചു. ദേശീയപാത വികസനത്തിന് സ്ഥലമേറ്റെടുക്കുമ്പോൾ ഒരുമനയൂർ പഞ്ചായത്തിന്റെ കുടിവെള്ള പദ്ധതിയും കുടിവെള്ള സ്രോതസായ കിണറും നഷ്ടമാകുന്നതിന് പകരം സംവിധാനം ഏർപ്പെടുത്തുംവരെ ഇവ പൊളിക്കരുതെന്ന് യോഗം നിർദ്ദേശം നൽകി. കളക്ടർ ഹരിത വി.കുമാർ അദ്ധ്യക്ഷത വഹിച്ചു. എം.എൽ.എമാരായ എൻ.കെ അക്ബർ, കെ.കെ രാമചന്ദ്രൻ, മുരളി പെരുനെല്ലി, മന്ത്രി കെ.രാജന്റെ പ്രതിനിധി ടി.ആർ രാധാകൃഷ്ണൻ, രമ്യ ഹരിദാസ് എംപിയുടെ പ്രതിനിധി അജിത് കുമാർ.കെ, തൃശൂർ സിറ്റി പൊലീസ് കമ്മിഷണർ അങ്കിത് അശോകൻ, ജില്ലാ പ്ലാനിംഗ് ഓഫീസർ എൻ.കെ.ശ്രീലത എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |