തൃശൂർ: കർഷകരുടെ പങ്കാളിത്തം ഉറപ്പാക്കി പ്രശ്നങ്ങൾക്ക് പരിഹാരം കാണാനാകുന്ന തരത്തിലുള്ള മേളയാകും സംസ്ഥാന ക്ഷീര സംഗമമെന്ന് റവന്യൂ മന്ത്രി കെ. രാജൻ. തെരഞ്ഞെടുത്ത ക്ഷീര കർഷകരുടെ ഫാമുകൾ സന്ദർശിച്ച് കർഷകരോട് സംവദിച്ച് പ്രശ്നങ്ങൾ നേരിട്ട് മനസിലാക്കുമെന്നും മന്ത്രി പറഞ്ഞു. ക്ഷീരകർഷകസംഗമം സംഘാടകസമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്ഷീര മേഖലയിലെ മൂല്യവർദ്ധിത ഉത്പന്നങ്ങൾക്ക് പ്രാധാന്യം നൽകുന്നതാകും ക്ഷീരകർഷക സംഗമമെന്നും മന്ത്രി പറഞ്ഞു.
ഫെബ്രുവരിയിൽ അഞ്ച് ദിവസമായി മണ്ണുത്തി വെറ്ററിനറി യൂണിവേഴ്സിറ്റി കാമ്പസിൽ നടക്കുന്ന പരിപാടിയിൽ വിപുലമായ ഒരുക്കങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്. ജില്ലയിൽ തിരഞ്ഞെടുത്ത രണ്ട് ഗ്രാമ പഞ്ചായത്തുകളിൽ ക്ഷീരഗ്രാമം ഉദ്ഘാടനം, കർഷകഭവന സന്ദർശനം, ക്ഷീര കർഷക അദാലത്ത്, ഘോഷയാത്ര, ശിൽപ്പശാല, ക്ഷീരമേഖലയിലെ നൂതന സാദ്ധ്യതകളുടെ പ്രദർശനം, വനിതാ സംഗമം തുടങ്ങിയവയാണ് നടക്കുക.
251 അംഗ ജനറൽ കമ്മിറ്റിയാണ് രൂപീകരിച്ചത്. ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. രവി, പഞ്ചായത്ത് പ്രസിഡന്റുമാരായ പി.പി. രവിന്ദ്രൻ, ശ്രീവിദ്യ രാജേഷ്, ഇന്ദിര മോഹൻ, മിനി ഉണ്ണിക്കൃഷ്ണൻ, കോർപറേഷൻ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങളായ വർഗീസ് കണ്ടംകുളത്തി , ലാലി ജയിംസ്, പി.കെ. ഷാജൻ, ഷീബ ബാബു, ജോൺ ഡാനിയേൽ, സാറാമ്മ റോബ്സൺ, എൻ. ഗോപകുമാർ , ഇ.ആർ.സി.എം.പി.യു ചെയർമാൻ എം.ടി. ജയൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷൻ പ്രസിഡന്റ് കെ.ബി. നബീസ, പഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷൻ പ്രസിഡന്റ് ബസന്ത് ലാൽ, ടി.ആർ.സി.എം.പി.യു അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കൺവീനർ ഭാസുരംഗൻ തുടങ്ങിയവർ ഉൾപ്പെടുന്ന 28 പേരുടെ സബ് കമ്മിറ്റികൾ രൂപീകരിച്ചു. 14 ന് വെറ്ററിനറി യൂണിവേഴ്സിറ്റി അലുമിനി ഹാളിൽ സബ് കമ്മിറ്റികളുടെ യോഗം ചേരും.
പി. ബാലചന്ദ്രൻ എം.എൽ.എയുടെ അദ്ധ്യക്ഷനായി. സനീഷ് കുമാർ ജോസഫ് എം.എൽ.എ, ക്ഷീര വികസന വകുപ്പ് ഡയറക്ടർ എ. കൗശിഗൻ, കളക്ടർ ഹരിത വി. കുമാർ, കെ.സി.എം.എം.എഫ് ചെയർമാൻ കെ.എസ്. മണി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീന പറയങ്ങാട്ടിൽ, ക്ഷീരവികസന വകുപ്പ് ജോയിന്റ് ഡയറക്ടർ (ജനറൽ) സുജയ് കുമാർ, ക്ഷീരവികസന വകുപ്പ് ജില്ലാ ഡെപ്യൂട്ടി ഡയറക്ടർ സിനില ഉണ്ണിക്കൃഷ്ണൻ , മാടക്കത്തറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര മോഹൻ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |