തൃശൂർ: ആപ്പ് ഇൻസ്റ്റാൾ ചെയ്ത് പണം നിക്ഷേപിച്ചാൽ ഒന്നര ഇരട്ടിയിലേറെ തുക വാഗ്ദാനം ചെയ്തും തട്ടിപ്പ്. കബളിപ്പിക്കപ്പെട്ടയാൾ ആദ്യം നിക്ഷേപിച്ചത് 200 രൂപയാണ്. 500 രൂപ പ്രതിഫലം ലഭിച്ചതിലൂടെ അക്കൗണ്ടിൽ നിന്നും പിൻവലിച്ചു. ആ സന്തോഷവും വിശ്വാസവും മുതലെടുത്തായി പിന്നെ തട്ടിപ്പ്. ഇത്തരത്തിൽ ലക്ഷങ്ങൾ വരെ നിക്ഷേപിച്ചവരുണ്ട്. ഇത്തരം ഓൺലൈൻ തട്ടിപ്പുവഴികളുടെ പുത്തൻ രൂപങ്ങൾ കൂടുകയാണെന്നാണ് പൊലീസ് മുന്നറിയിപ്പ്. പണം നൽകി വിശ്വാസ്യത സമ്പാദിച്ചശേഷം ടാസ്‌കുകൾ നൽകും. ലക്ഷം രൂപ നിക്ഷേപിച്ചാൽ രണ്ട് ലക്ഷം പ്രതിഫലം ലഭിച്ചതായി ആപ്ലിക്കേഷനിൽ സന്ദേശം തെളിയും. പിന്നെയും നിക്ഷേപിക്കാൻ പറയും.
ഓരോ തവണ നിക്ഷേപിക്കുമ്പോഴും ഇരട്ടിയോളം പ്രതിഫലം ലഭിച്ചതായി ആപ്പിൽ രേഖപ്പെടുത്തും. ഈ തുക ആർക്കും പിൻവലിക്കാനാകില്ല. കടം വാങ്ങിയും പണം നിക്ഷേപിക്കുന്നവർ കുടുങ്ങും. പിൻവലിക്കാൻ ശ്രമിക്കുമ്പോൾ അതിനുവേണ്ട ടാക്‌സ് തുകയും അടക്കാൻ പറയും. അപ്പോൾ അതും നഷ്ടപ്പെടും. എളുപ്പത്തിൽ പണം സമ്പാദിക്കാനുളള ചെറുപ്പക്കാരുടെ വ്യഗ്രതയെ മുതലെടുത്താണ് ഇത്തരം തട്ടിപ്പുകാർ വളരുന്നതെന്ന് പൊലീസ് പറയുന്നു.
വൻകമ്പനികളുടെ പേരിലും...
വൻ കമ്പനികളുടെ പേരിലും വ്യാജ വെബ്‌സൈറ്റ് നിർമ്മിച്ച് പലതരത്തിൽ പണം തട്ടിയെടുക്കുന്നുണ്ട്. പാർട് ടൈം ജോലി, വീട്ടിലിരുന്ന് വരുമാനം, മൊബൈൽഫോണും ഇന്റർനെറ്റും മാത്രമുണ്ടെങ്കിൽ ലക്ഷങ്ങൾ സമ്പാദിക്കാം തുടങ്ങി വ്യാജ സന്ദേശങ്ങൾ പല കമ്പനികളുടേയും പേരിൽ വാട്‌സ് ആപ്പ് ഗ്രൂപ്പുകളിലും ഇൻസ്റ്റഗ്രാമിലും നൽകും. വ്യാജ വെബ്‌സൈറ്റുകളിലേക്ക് പ്രവേശിക്കാൻ ലിങ്കും ഇതിനോടൊപ്പം ഉണ്ടാകും. ലിങ്ക് ക്ലിക്ക് ചെയ്യുന്ന സമയം രജിസ്‌ട്രേഷന് ആവശ്യപ്പെടും. വാട്‌സ് ആപ്പ് അല്ലെങ്കിൽ ടെലിഗ്രാം ഗ്രൂപ്പിലേക്ക് ചേർക്കുകയും ചെയ്യും. അങ്ങനെ സ്വകാര്യവിവരങ്ങൾ ശേഖരിച്ചാണ് തട്ടിപ്പ്.
ക്യൂ ആർ കോഡ് തട്ടിപ്പും...
വാട്‌സ് ആപ്പിലൂടെയാണ് ക്യൂ ആർ കോഡ് തട്ടിപ്പ് വ്യാപകമായി നടക്കുന്നത്. ഒ.എൽ.എക്‌സിലോ മറ്റോ വിൽക്കാനുണ്ടെന്നോ താങ്കൾ പോസ്റ്റ് ചെയ്ത സാധനം വാങ്ങാൻ താത്പര്യമുണ്ടെന്നോ, അല്ലെങ്കിൽ ലോട്ടറി അടിച്ചെന്നോ, ലക്കി ഡ്രോയിൽ സമ്മാനം നേടിയെന്നോ പറഞ്ഞും വാട്‌സ് ആപ്പിലേക്ക് മെസേജ് അയക്കും. തൊട്ടുപിന്നാലെ അക്കൗണ്ടിലേക്ക് പണം അയക്കാം എന്ന് പറഞ്ഞ് സന്ദേശം വരും. പണം അയക്കാനായി ബാങ്ക് വിവരങ്ങൾ ഒന്നും ചോദിക്കില്ല. പകരം ഒരു ക്യൂ ആർ കോഡ് അയക്കും. അത് സ്‌കാൻ ചെയ്ത് എത്രയാണോ ലഭിക്കേണ്ട പണം ആ തുകയും ശേഷം പിൻ നമ്പരും രേഖപ്പെടുത്താനുള്ള സന്ദേശം വരും. ഇതെല്ലാം ചെയ്ത് കാത്തിരിക്കുമ്പോൾ സ്വന്തം അക്കൗണ്ടിൽ നിന്ന് പണം നഷ്ടമായ വിവരമായിരിക്കും വരിക.
ഇത്തരം പണം തട്ടിപ്പുകൾ കൂടിവരികയാണ്. പണം നഷ്ടപ്പെട്ടവരിൽ നിന്നും നിരവധി പരാതികൾ തൃശൂർ സിറ്റി സൈബർ ക്രൈം പൊലീസ് സ്റ്റേഷനിൽ ലഭിക്കുന്നുണ്ട്. ഓൺലൈൻ തട്ടിപ്പുകളോട് കൂടുതൽ ജാഗ്രത പാലിക്കണം.
സിറ്റി പൊലീസ്
തൃശൂർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |