ഇരിങ്ങാലക്കുട : സെന്റ് ജോസഫ് കോളേജിൽ ഹെവി ലൈസൻസ് ഇല്ലാതെ ടി.എൻ പ്രതാപൻ എം.പി കോളേജ് ബസ് ഓടിച്ചതിനെതിരെ പരാതി. ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളേജിൽ ജനുവരി നാലിനായിരുന്നു സംഭവം. എം.പിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും അനുവദിച്ച 29.40 ലക്ഷം രൂപ ഉപയോഗിച്ച് വാങ്ങിയ ബസിന്റെ ഉദ്ഘാടനത്തിനായിരുന്നു എം.പി ബസ് ഓടിച്ചത്.
ബസിന്റെ ഫ്‌ളാഗ് ഓഫിന് ശേഷം അദ്ധ്യാപകരെയും വിദ്യാർത്ഥികളെയും കയറ്റി എം.പി കോളേജിന് പുറത്തേയ്ക്ക് ബസ് ഓടിച്ച് പോവുകയായിരുന്നു. സ്വരാജ് മസ്ത ലിമിറ്റഡ് എന്ന വാഹന നിർമ്മാതാക്കളുടെ ''ഹിറോയ്'' എന്ന ഹെവി വെഹിക്കിൾ ഇനത്തിൽപെട്ട ബസാണ് എം.പി ഓടിച്ചത്. കേന്ദ്ര സർക്കാരിന്റെ പരിവാഹൻ വെബ് സൈറ്റിൽ പരിശോധിച്ചപ്പോഴാണ് ടി.എൻ പ്രതാപന്, ഹെവി വെഹിക്കിൾ ലൈസൻസ് ഇല്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് മാടായിക്കോണം കണ്ണാട്ട് വീട്ടിൽ സുജേഷ് തൃശൂർ റൂറൽ എസ്.പിക്കും ഇരിങ്ങാലക്കുട ജോയിന്റ് ആർ.ടി.ഒയ്ക്കും പരാതി നൽകിയത്. പരാതി സത്യമാണെന്ന് ബോദ്ധ്യപ്പെട്ടാൽ നടപടിയെടുക്കുമെന്ന് മോട്ടോർ വെഹിക്കിൾ ജോയിന്റ് ആർ.ഡി.ഒ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |