തൃശൂർ: സാംസ്‌കാരിക പ്രൗഢി വരയിലും വർണത്തിലും മിഴിവ് പകരുന്ന മനോഹര കലാസൃഷ്ടികളായി ഇനി കൺമുന്നിലുണ്ടാകും. ലളിതകലാ അക്കാഡമി, സംഗീത നാടക അക്കാഡമി, ജില്ലാഭരണകൂടം എന്നിവ സംയുക്തമായി ജനുവരി 31 വരെ സംഘടിപ്പിക്കുന്ന 'തെരുവര' സ്ട്രീറ്റ് ആർട്ട് ഫെസ്റ്റിവലിലൂടെയാണ് നഗരത്തിലെ തെരുവുകൾ കലയുടെ കാൻവാസാകുന്നത്. സ്ട്രീറ്റ് ആർട് ഫെസ്റ്റിവലിന്റെ ഉദ്ഘാടനം കളക്ടർ ഹരിത വി.കുമാർ നിർവഹിച്ചു.
സാംസ്‌കാരികമായും കലാപരമായും മുന്നിട്ട് നിൽക്കുന്ന നഗരത്തിന്റെ സാദ്ധ്യതകളെ വിപുലമായി ഉപയോഗപ്പെടുത്തുമെന്ന് കളക്ടർ പറഞ്ഞു. യുനെസ്‌കോ ലേണിംഗ് സിറ്റിയായി തൃശൂരിനെ തെരഞ്ഞെടുത്ത സാഹചര്യത്തിൽ അക്കാഡമി നടത്തുന്ന വർണ്ണോത്സവം തെരഞ്ഞെടുത്ത പൊതുസ്വകാര്യ കെട്ടിടങ്ങളുടെ ചുവരുകളും മതിലും ഉപയോഗപ്പെടുത്തിയാണ് നടത്തുന്നത്. ചിത്രകാരി അൻപു വർക്കി ക്യൂറേറ്ററായി പ്രവർത്തിക്കുന്ന സ്ട്രീറ്റ് ആർട്ട് ഫെസ്റ്റിവലിൽ ആകാശ് രാജ് ഹലൻകാർ, അലിന ഇഫ്തികർ, ആന്റോ ജോർജ്ജ്, ഫെലിക്‌സ് ജാക്‌സൺ, ജോബിൻ പ്രകാശ്, ജോഫ്രീ ഒലിവറസ്, കാർത്തിക എസ്.എസ്, മനു മണിക്കുട്ടൻ, ടി.മുഹമ്മദ് അക്വീൽ ഹുസൈൻ, മോന ഇസ, നിബിദ് ബോറഹ്, പ്രിസില്ല.കെ, രഘുപതി, റിഥുൻ.എം, സാറ്റ്ച്ചി ഷെയിൽ സാദ്‌വെൽകർ, ഷാന്റോ ആന്റണി, ശില്പ മേനോൻ, സിദ്ധാർത്ഥ് കാരർവാൾ എന്നീ കലാകാരന്മാരാണ് ചിത്രരചന നടത്തുന്നത്. അക്കാഡമിയുടെ മുഖ്യകാര്യാലയത്തിൽ പോട്രേയ്റ്റ് ക്യാമ്പ് ആരംഭിച്ചിട്ടുണ്ട്. സാഹിത്യ, നാടക, കലാരംഗത്തെ പ്രശസ്തരായവരുടെ ഛായാചിത്രങ്ങളാണ് ക്യാമ്പിൽ രചിക്കുന്നത്. കെ.ജി ബാബു, എം.സോമൻ, കെ.ജി വിജയൻ, സുനിൽ, ഗീതു സുരേഷ് എന്നിവരാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്. അക്കാഡമി ചെയർമാൻ മുരളി ചീരോത്ത് അദ്ധ്യക്ഷനായി. സംഗീത നാടക അക്കാഡമി സെക്രട്ടറി കരിവെള്ളൂർ മുരളി മുഖ്യാതിഥിയായി. ലളിതകലാ അക്കാഡമി സെക്രട്ടറി എൻ. ബാലമുരളീകൃഷ്ണൻ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ സി.പി അബ്ദുൾ കരീം, അക്കാഡമി മാനേജർ കെ.എസ് മനോജ്കുമാർ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |