തൃശൂർ: ആറ് പതിറ്റാണ്ട് മുമ്പേ തോളിൽ ചെണ്ടയേന്തുമ്പോൾ മൊട്ടിട്ട മോഹമാണ്, പാറമേക്കാവിന്റെ 'ഇലഞ്ഞിച്ചോട്ടിലെ മേളപ്രമാണി'യെന്നത്. 77ാം വയസിൽ അത് സഫലമാകുമ്പോൾ അതിനുള്ള ഗണപതിക്കൈ കുറിക്കുകയാണ് കിഴക്കൂട്ട് ഇന്ന്. ഇന്ന് പാറമേക്കാവിലെ ദേശപ്പാനയ്ക്ക് പാണ്ടിയിൽ കോൽ തൊടുമ്പോൾ ആ സാഫല്യത്തിന് അരങ്ങൊരുങ്ങും. രാവിലെ പത്തിനാണ് മേളം. മേള പ്രമാണിമാരിൽ ഏറ്റവും മുതിർന്ന കിഴക്കൂട്ടിനെ 'സംഗീതാത്മക പാണ്ടി മേളത്തിന്റെ പ്രമാണി' എന്ന് വിശേഷിപ്പിക്കുന്നവരുണ്ട്. പാണ്ടിമേളത്തിന്റെ സിംഫണിയിൽ കിഴക്കൂട്ട് ടച്ച് ചേരുമ്പോൾ ഈയാണ്ടിലെ തൃശൂർ പൂരം പൊരിക്കുമെന്നാണ് മേളപ്രേമികളുടെയും വിശ്വാസം. കഴിവ് കൊണ്ടും ഗുരുത്വം കൊണ്ടും ആർക്കും പിന്നിലല്ല കിഴക്കൂട്ട് അനിയൻ മാരാർ. പക്ഷേ ഉൾവലിഞ്ഞുള്ള പ്രകൃതം എല്ലാറ്റിൽ നിന്നും പിന്നോട്ടുവലിച്ചു. ആദ്യഗുരു അമ്മാവനായ കിഴക്കൂട്ട് ഈച്ചരൻമാരാരും പിന്നീട് പരിയാരത്ത് കുഞ്ചുമാരാരുമായിരുന്നു. പരിയാരത്ത് കുഞ്ഞൻമാരാരുടെ കീഴിലായിരുന്നു ഇലഞ്ഞിത്തറയിൽ കൊട്ടിയത്. 35 വർഷം പാറമേക്കാവിനായി കൊട്ടി. പാറമേക്കാവിന്റെ പകൽപ്പൂരത്തിന് 2005ൽ പ്രമാണിയായി. പിന്നീട് പാറമേക്കാവിന്റെ പടിയിറങ്ങി. 2011ൽ തിരുവമ്പാടി പ്രമാണിയായി. മിക്ക പ്രമുഖ ക്ഷേത്രങ്ങളിലും പ്രമാണിയായിരുന്നു. 'രണ്ടുദിക്കിലും പ്രമാണിച്ച മേളക്കാരൻ' എന്നും മേളക്കാർ അദ്ദേഹത്തെ വിശേഷിപ്പിക്കാറുണ്ട്. 60 വർഷം മേളത്തിനു നടുവിൽ നിന്നപ്പോൾ കേൾവി കുറഞ്ഞു. എങ്കിലും പ്രായത്തെ വെല്ലുന്ന മനക്കരുത്തും പെരുക്കവുമാണ് കിഴക്കൂട്ടിന് കൂട്ട്. ഭാര്യ ചന്ദ്രിക, അംഗൻവാടി അദ്ധ്യാപികയായിരുന്നു. മക്കളായ മനോജും മഹേഷും കൊച്ചിൻ ദേവസ്വം ബോർഡിലെ ക്ഷേത്രങ്ങളിൽ മേളക്കാരാണ്. താണിക്കുടത്താണ് താമസം.
ഒരു കൊല്ലമെങ്കിലും ഇലഞ്ഞിത്തറ മേളത്തിന്റെ പ്രമാണം വഹിക്കണമെന്നത് ചെറുപ്പം മുതൽക്കേയുള്ള ആഗ്രഹമായിരുന്നു. അത് സാദ്ധ്യമായതിൽ സന്തോഷം.
കിഴക്കൂട്ട് അനിയൻ മാരാർ
തിരുവമ്പാടിക്ക് ?
കിഴക്കൂട്ട് ഒഴിഞ്ഞതോടെ തിരുവമ്പാടിയുടെ മേളപ്രമാണി ചെറുശ്ശേരി കുട്ടൻമാരാരാകുമെന്നാണ് കരുതുന്നതെങ്കിലും തിരുവമ്പാടി ഇത് സ്ഥിരീകരിച്ചിട്ടില്ല. തിരുവമ്പാടി ഏകാദശിക്ക് ചെറുശ്ശേരിയായിരുന്നു കിഴക്കൂട്ടിന്റെ വലത്തുചെണ്ട.
തിരുവമ്പാടി ദേവസ്വം മേളപ്രമാണിയെ തിരഞ്ഞെടുക്കുന്നത് സംബന്ധിച്ച് യോഗം ചേരുന്നുണ്ട്. ഇതുവരെ ആരെയും നിർദ്ദേശിക്കുകയോ പരിഗണിക്കുകയോ ചെയ്തിട്ടില്ല.
ഡോ.ടി.എ.സുന്ദർമേനോൻ
പ്രസിഡന്റ്, തിരുവമ്പാടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |