തൃശൂർ: ഭൂരിഭാഗം പഞ്ചായത്തുകളിലെയും ആയിരത്തോളം പശുക്കൾക്ക് ചർമ്മമുഴ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ എല്ലാ പശുക്കൾക്കും വാക്‌സിനേഷൻ ഉറപ്പാക്കാൻ തീവ്രയജ്ഞം. ഇന്ന് മുതൽ ഫെബ്രുവരി 24 വരെ നടക്കുന്ന വ്യാപക വാക്‌സിനേഷൻ വഴി ചർമ്മമുഴ പൂർണ്ണമായും ഇല്ലാതാക്കാമെന്ന പ്രതീക്ഷയിലാണ് മൃഗസംരക്ഷണവകുപ്പ്. സ്‌ക്വാഡുകൾ തിരിച്ച് എല്ലാ പഞ്ചായത്തുകളിലും വാക്‌സിനേഷൻ നടക്കും. ഇന്ന് രാവിലെ ഒൻപതിന് കോലഴി പഞ്ചായത്തിലെ തിരൂർ മൃഗാശുപത്രിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഡേവിസ് ജില്ലാതല ഉദ്ഘാടനം നിർവഹിക്കും. 2019ന് ശേഷമാണ് കഴിഞ്ഞവർഷം ചർമ്മമുഴ വ്യാപകമായത്. പാലക്കാട്, തൃശൂർ, മലപ്പുറം ജില്ലകളിലായിരുന്നു ആദ്യം കണ്ടെത്തിയത്. പോക്‌സ് ഇനത്തിൽപെട്ട വൈറസാണ് രോഗം പടർത്തുന്നത്. വൈറസായതിനാൽ പെട്ടെന്ന് പടർന്നുപിടിക്കും.
രോഗം വളരെ വേഗം പടരുമെന്നതിനാൽ എല്ലാ പശുക്കൾക്കും വാക്‌സിൻ നൽകുകയാണ് പോംവഴി. പാൽ ഉത്പാദനത്തിൽ ഗണ്യമായ കുറവും സൃഷ്ടിക്കും. ചത്തൊടുങ്ങാനുള്ള സാദ്ധ്യത കുറവാണ്. ആടുകളിൽ സാധാരണ വരുന്ന പോക്‌സ് രോഗങ്ങൾക്ക് നൽകുന്ന വാക്‌സിൻ പശുക്കളിലെ ചർമ്മ മുഴയ്ക്ക് ഫലപ്രദമാണ്. സൗജന്യമായാണ് വാക്‌സിൻ നൽകുന്നത്. സംസ്ഥാനത്ത് 10 ലക്ഷം ഡോസ് വാക്‌സിൻ സംഭരിച്ചിട്ടുണ്ട്. തൃശൂർ, മലപ്പുറം ജില്ലകളിൽ എട്ട് മാസമായി രോഗബാധയുണ്ടായെന്നാണ് ക്ഷീരകർഷകർ പറയുന്നത്.
ആകെ സംഭരിച്ചത് 10 ലക്ഷം ഡോസ്
(സംസ്ഥാനത്താകെ)
രോഗം ബാധിച്ചത്
9548 കന്നുകാലികൾ
കൺടൈൻമെന്റ് വാക്‌സിനേഷൻ നടത്തിയത്
49,159 രോഗബാധിത മേഖലകളിൽ
രോഗം കണ്ടെത്തിയത് 65 പഞ്ചായത്തുകളിൽ
(ജില്ലയിൽ)
സ്ഥിരീകരിച്ചത്: 862 പശുക്കളിൽ
വാക്‌സിനേഷൻ പൂർത്തിയാക്കിയത്: 4900 പശുക്കളിൽ
ചത്തത്: രണ്ട് പശുക്കുട്ടികൾ
ലക്ഷണം
3 മുതൽ 5 സെന്റി മീറ്റർ വ്യാസത്തിൽ ചെറിയ തടിപ്പ്
നീണ്ടുനിൽക്കുന്ന പനി
വലിയ മുഴയായി മാറുന്നതോടെ പൊട്ടി വ്രണമാകും
അവശതയാകുന്നതോടെ പശു തീറ്റയെടുക്കാതാകും
പാൽ ലഭ്യതയിൽ 30 ശതമാനം വരെ കുറവുണ്ടാവും
ഫെബ്രുവരി 24 വരെ നടക്കുന്ന വാക്‌സിനേഷൻ കാമ്പയിനിൽ മുഴുവൻ പശുക്കളെയും കുത്തിവയ്പ്പിന് വിധേയമാക്കും. തക്കസമയത്ത് ആന്റി ബയോട്ടിക്ക് നൽകിയും പ്രതിരോധവാക്‌സിൻ നൽകിയും രോഗത്തെ ഫലപ്രദമായി പ്രതിരോധിക്കാനായിട്ടുണ്ട്.
ഡോ.ഒ.ജി.സുരജ
ജില്ലാ മൃഗസംരക്ഷണ ഓഫീസർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |