തൃശൂർ: കുണ്ടന്നൂരിൽ വെടിക്കെട്ട് സാമഗ്രികൾ സൂക്ഷിച്ചിരുന്ന സ്ഥലത്തുണ്ടായ അപകടത്തിൽ ഒരാൾ മരിച്ച സംഭവം ആശങ്കയിലാക്കുന്നത് ഉത്സവക്കമ്മിറ്റിക്കാരെ. ഇതേത്തുടർന്ന് പരിശോധനകൾ കർശനമാക്കുന്നത് പ്രതിസന്ധിയാകുമോയെന്നാണ് കമ്മിറ്റിക്കാരുടെ ആശങ്ക. മുൻകാലങ്ങളിലെ പോലെ വിപുലമായി നടത്താൻ അനുമതിയില്ലെങ്കിലും പലയിടത്തും കോടതി വിധി സമ്പാദിച്ച് പ്രധാന ഉത്സവങ്ങൾക്ക് വെടിക്കെട്ട് ഉണ്ടാകാറുണ്ട്. വെടിക്കെട്ട് കരാറുകാർക്ക് ഇതിനകം തന്നെ ഉത്സവക്കമ്മിറ്റിക്കാർ ലക്ഷങ്ങൾ അഡ്വാൻസ് നൽകിയിട്ടുണ്ട്. എന്നാൽ ഇനി അനുമതി കിട്ടണമെങ്കിൽ ഏറെ നൂലാമാലകൾ ഉണ്ടാകുമെന്ന് കമ്മിറ്റിക്കാർ പറയുന്നു.
ശ്രീനിവാസൻ, സുന്ദരാക്ഷൻ എന്നിവരെ വെടിക്കെട്ട് ഏൽപ്പിച്ച നിരവധി പേരുണ്ട്. ശ്രീനിവാസന്റെ ലൈസൻസ് റദ്ദാക്കാൻ ശുപാർശ ചെയ്തിട്ടുണ്ട്. പല വെടിക്കെട്ട് കരാറുകാരും മറ്റുള്ളവരുടെ ലൈസൻസ് ഉപയോഗിച്ചാണ് വെടിക്കെട്ട് നടത്തുന്നത്. പലയിടങ്ങളിലും അനുവദിച്ചതിലും നാലും അഞ്ചും ഇരട്ടി കരിമരുന്നാണ് ഉപയോഗിക്കുന്നത്. പലപ്പോഴും ഇത് അധികൃതർ കണ്ടില്ലെന്ന് നടിക്കാറുണ്ട്. എന്നാൽ പുതിയ സാഹചര്യത്തിൽ നടപടികൾ കർശനമാക്കുന്നത് വെടിക്കെട്ട് നടത്തിപ്പിനെ ബാധിച്ചേക്കും.
ജില്ലയിലെ പ്രധാന വെടിക്കെട്ട് കരാറുകാറുള്ളത് കുണ്ടന്നൂരിലാണ്. കഴിഞ്ഞ തൃശൂർ പൂരത്തിന് തിരുവമ്പാടി വിഭാഗത്തിന് വെടിക്കെട്ട് ചുമതലയുണ്ടായിരുന്ന ഷീനയുടെ ലൈസൻസിയിലായിരുന്നു ശബരിമലയിൽ കതിന വെടിവഴിപാട് നടത്തിയിരുന്നത്. എന്നാൽ മണ്ഡലകാലത്ത് ഇവിടെയുണ്ടായ അപകടത്തെ തുടർന്ന് ഷീനയ്ക്കെതിരെ കേസെടുത്തിരുന്നു. ഇവർക്ക് തന്നെയായിരുന്നു തിരുവമ്പാടി വേലയുടെ വെടിക്കെട്ട് ചുമതലയും. എന്നാൽ കേസ് വന്നതോടെ അവസാന സമയത്ത് മറ്റൊരാളെ കണ്ടെത്തേണ്ടി വന്നു.
പ്രതീക്ഷ ഉത്രാളിയും തൃശൂർ പൂരവും
ജില്ലയിൽ ഭൂരിഭാഗം സ്ഥലങ്ങളിലും വെടിക്കെട്ടിന്റെ ത്രീവ്രത കുറച്ച് ഫാൻസി വെടിക്കെട്ടിലേക്ക് വഴി മാറിയെങ്കിലും ഊത്രാളിയിലും തൃശൂർ പൂരത്തിനും കരിമരുന്ന് പ്രയോഗം നടക്കുന്നുണ്ട്. ഇവിടേക്ക് വെടിക്കെട്ട് കമ്പക്കാരുടെ ഒഴുക്കാണ്. നേരത്തെ കുറ്റിയങ്കാവിലും മച്ചാട് മാമാങ്കത്തിനും പെരിങ്ങോട്ടുകര ഉത്സവത്തിനും ആറാട്ടുപുഴ പൂരത്തിനുമെല്ലാം വിപുലമായ വെടിക്കെട്ട് നടന്നിരുന്നു.
ഭൂരിഭാഗം സ്ഥലങ്ങളിലും സാമ്പിൾ വെടിക്കെട്ടുകളും ഉണ്ടായിരുന്നു. എന്നാൽ പുറ്റിങ്ങൽ വെടിക്കെട്ട് അപകടത്തിന് ശേഷം ഇതെല്ലാം നിലച്ചു. അനുവദനീയമായ അളവും ശബ്ദവും കൂടിയാൽ കരാറുകാർക്കെതിരെയും കമ്മിറ്റിക്കാർക്കെതിരെയും കേസെടുത്ത് തുടങ്ങിയതോടെ പലരും പിൻവാങ്ങി തുടങ്ങി.
കുണ്ടന്നൂരിലെ വെടിക്കെട്ട് അപകടം; രണ്ടുപേർ റിമാൻഡിൽ
വടക്കാഞ്ചേരി: കുണ്ടന്നൂരിലെ വെടിക്കെട്ട് പുരയിലെ സ്ഫോടനത്തിൽ അറസ്റ്റിലായ രണ്ടു പേരെ കോടതി റിമാൻഡ് ചെയ്തു. ലൈസൻസി കുണ്ടന്നൂർ കള്ളിവളപ്പിൽ വീട്ടിൽ ശ്രീനിവാസൻ (47), സ്ഥലം ഉടമ കുണ്ടന്നൂർ പുഴക്കൽ വീട്ടിൽ സുന്ദരാക്ഷൻ (54) എന്നിവരെയാണ് റിമാൻഡ് ചെയ്തത്.
ചൊവ്വാഴ്ച കോടതിയിൽ ഇവരെ ഹാജരാക്കിയിരുന്നു. തുടർന്ന് ഇന്നലെ ഹാജരാകാൻ കോടതി ഉത്തരവിടുകയായിരുന്നു. പൊലീസ് നൽകിയ കൂടുതൽ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കോടതി റിമാൻഡ് ചെയ്തത്.
അപകടത്തിൽ തൊഴിലാളി മരിക്കാനിടയായതും പ്രദേശത്ത് നാശനഷ്ടം ഉണ്ടായതും അളവിൽ കൂടുതൽ വെടിമരുന്ന് സൂക്ഷിച്ചതും അശ്രദ്ധമായി വെടിക്കെട്ട് സാമഗ്രികൾ സൂക്ഷിച്ചതുമായ തെളിവുകളും രേഖകളും പൊലീസ് കോടതിയിൽ ഹാജരാക്കി. തുടർന്നാണ് റിമാൻഡ് ചെയ്തത്. എക്സ്പ്ലോസീവ് വകുപ്പ് പ്രകാരമെടുത്ത കേസിൽ പ്രതികൾക്ക് മൂന്നു വർഷം വരെ തടവ് ലഭിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |