ചിക്കാഗോ : ഫൊക്കാന സ്ഥാപക പ്രസിഡന്റും വ്യവസായിയുമായ ഡോ. എം അനിരുദ്ധൻ അന്തരിച്ചു. മൂന്ന് തവണ ഫൊക്കാന പ്രസിഡന്റ് ആയി സേവനമനുഷ്ടിച്ചു. ചിക്കാഗോ മലയാളി അസോസിയേഷന്റെ മുൻ പ്രസിഡന്റാണ്. നോർക്കയുടെ ഡയറക്ടർ ബോർഡ് അംഗമായിരുന്നു. ചേർത്തല സ്വദേശി നിഷയാണ് ഭാര്യ. മക്കൾ : ഡോ. അനൂപ്, അരുൺ. അരുൺ അച്ഛനൊപ്പം ബിസിനസിൽ പങ്കാളിയാണ്.
ഓച്ചിറ സ്വദേശിയായ അനിരുദ്ധൻ കൊല്ലം എസ്.എൻ കോളേജിൽ നിന്ന് മാസ്റ്റർ ബിരുദം നേടി . രസതന്ത്രത്തിൽ ഗവേഷണത്തിനായാണ് 1973ൽ അമേരിക്കയിലെത്തിയത്. ടെക്സസിലെ എ. ആൻഡ് എം. സർവകലാശാലയിൽ ആണവ രസതന്ത്രം (ന്യൂക്ലിയർ കെമിസ്ട്രി) അദ്ധ്യാപകനായിരിക്കെ ന്യൂട്രീഷ്യൻ മേഖലയിലേക്ക് തിരിഞ്ഞു. പിന്നീട് ഈ വിഷയത്തിലും പിഎച്ച്.ഡി. എടുത്തു. തുടർന്ന് ലോകത്തിലെ ഏറ്റവും വലിയ പോഷകാഹാര ഉത്പാദകരായ സാൻഡോസിന്റെ ഗവേഷണവിഭാഗം തലവനായി 10 വർഷം തുടർന്നു. കുട്ടികൾക്കായുള്ള പോഷകങ്ങൾ വികസിപ്പിച്ചെടുക്കുന്നതിൽ ഏറെ വർഷം ഗവേഷണം നടത്തി. പിന്നീടാണ് സ്വന്തമായി വ്യവസായ ശൃംഖല വികസിപ്പിച്ചെടുക്കുന്നത്. സാൻഡോസിന് വേണ്ടി, അമേരിക്കയിലെ ആദ്യത്തെ സ്‌പോർട്സ് ന്യൂട്രീഷ്യൻ ഉത്പന്നം ഐസോ സ്റ്റാർ വികസിപ്പിച്ചെടുത്തത് അനിരുദ്ധൻ അടങ്ങുന്ന സംഘമായിരുന്നു.
പ്രവാസി ഭാരതീയ സമ്മാൻ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. 1983ൽ കെ.ആർ. നാരായണൻ അംബാസഡറായിരിക്കെ, അദ്ദേഹത്തിന്റെ സഹായത്തോടെ വടക്കൻ അമേരിക്കയിലെ മലയാളി കൂട്ടായ്മയായ 'ഫൊക്കാന'യ്ക്ക് രൂപം നൽകിയത് ഡോ. അനിരുദ്ധനാണ്. രണ്ട് പതിറ്റാണ്ടോളം നേതൃനിരയിൽ തുടർന്നു. നിരവധി ഭക്ഷ്യോത്പാദന കമ്പനികളുടെ കൺസൽട്ടന്റായിരുന്ന അദ്ദേഹം അമേരിക്കൻ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്റെ (എഫ്.ഡി.എ.) ഫുഡ് ലേബൽ റെഗുലേറ്ററി കമ്മിറ്റിയിൽ അംഗമായിരുന്നു. യു.എസ്.എയിലെ നാഷണൽ ഫുഡ് പ്രൊസസേഴ്സ് അസോസിയേഷൻ മികച്ച ആർ. ആൻഡ് ഡി. ശാസ്ത്രജ്ഞനുള്ള പുരസ്‌കാരം നൽകി ആദരിച്ചിരുന്നു.
ഡോ. എം അനിരുദ്ധന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു, മലയാളികളുടെ അമേരിക്കയിലെ അനൗദ്യോഗിക അംബാസിഡർ ആയിരുന്നു അദ്ദേഹം. എല്ലാകാലത്തും അമേരിക്കൻ മലയാളി സംഘടനകളുടെ നേതൃസ്ഥാനത്ത് അനിരുദ്ധൻ നിലകൊണ്ടു. ഫൊക്കാനയെ ലോകം അറിയുന്ന പ്രവാസി സംഗമ വേദിയാക്കി മാറ്റാൻ അനിരുദ്ധന് സാധിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
ലോക കേരള സഭയുടെ തുടക്കം മുതലുള്ള അംഗമായിരുന്നു ഡോ. അനിരുദ്ധൻ. പ്രളയകാലത്തായാലും കോവിഡ് കാലത്തായാലും അദ്ദേഹം അകമഴിഞ്ഞ സംഭാവന നൽകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.
ഇത്തവണ ആരോഗ്യ പരിശോധനകൾക്കായി അമേരിക്കയിൽ ചെന്നപ്പോൾ നേരിട്ട് കണ്ട് അദ്ദേഹത്തിന്റെ സുഖവിവരങ്ങൾ അന്വേഷിച്ചിരുന്നു. ഡോ. എം അനിരുദ്ധന്റെ ആകസ്മിക വിയോഗത്തിൽ അനുശോചനം അറിയിക്കുന്നു. അമേരിക്കൻ മലയാളികളുടെയും കുടുംബാംഗങ്ങളുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
ഡോ. അനിരുദ്ധന്റെ വേർപാടിൽ ഫൊക്കാന പ്രസിഡന്റ് ഡോ. സജിമോൻ ആന്റണി, ജനറൽ സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ , ട്രഷറർ ജോയി ചാക്കപ്പൻ, മുൻ ഫൊക്കാന പ്രസിഡന്റ് ഡോ ബാബു സ്റ്റീഫൻ എന്നിവരും അനുശോചിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |