ന്യൂഡൽഹി: ഡൽഹി മെട്രോയിൽ യാത്ര ചെയ്യുന്നതിനിടെ ഒരു പുരുഷനിൽ നിന്നും നേരിട്ട ഭയാനകമായ അനുഭവത്തെക്കുറിച്ച് 22കാരി പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്.സമൂഹമാദ്ധ്യമമായ റെഡ്ഡിറ്റിലൂടെയാണ് തനിക്കുണ്ടായ അനുഭവത്തെപ്പറ്റി യുവതി പങ്കുവച്ചത്. ഒരാളോട് നന്ദി പറയുന്നതിനു മുമ്പ് ഇനി മുതൽ രണ്ടു വട്ടം ആലോചിക്കണമെന്ന തലക്കെട്ടോടെയാണ് യുവതി കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.
കുറിപ്പിന്റെ പൂർണരൂപം
'ഒരു നന്ദിവാക്കിൽ തുടങ്ങിയത് പിന്നീട് അസ്വസ്ഥമായൊരു സംഭവമായി മാറുകയായിരുന്നു. കോളേജ് കഴിഞ്ഞ് വീട്ടിലേക്ക് മെട്രോയിൽ മടങ്ങുന്നതിനിടെ ഒരു സ്റ്റോപ്പിൽ നിന്ന് അല്പം ഉയരമുള്ള കുറച്ച് പുരുഷന്മാർ ആ കോച്ചിനുള്ളിലേക്ക് കയറി. അതിൽ പത്ത് നാൽപ്പത് വയസ് തോന്നിക്കുന്ന ഒരു അങ്കിൾ എന്റെ തൊട്ടടുത്താണ് നിന്നത്. തൊട്ടു മുന്നിൽ നിന്ന ഒരു പയ്യൻ എന്റെ മൂക്കിൽ തൊട്ടു തൊട്ടില്ല എന്ന മട്ടിലായിരുന്നു നിന്നത്. എന്നാൽ ആ പയ്യൻ തന്റെ സുഹൃത്തിനെ കണ്ടപ്പോൾ സംസാരിക്കാനായി അല്പം മാറി നിന്നു. പുരുഷൻമാർ ഉൾപ്പെടെയുള്ളവർ ഞെരുങ്ങി നിന്നെങ്കിലും അവരുടെ പെരുമാറ്റം ഭയപ്പെടുത്തുന്നതായിരുന്നില്ല.
എന്നാൽ തൊട്ടരികിൽ നിന്ന അങ്കിൾ, പയ്യൻമാരുടെ അടുത്ത് നിന്ന് എനിക്ക് സംരക്ഷണം നൽകുന്നതു പോലെ തോന്നി. സത്യം പറഞ്ഞാൽ ആവശ്യമില്ലാത്ത ഒരു സഹായമായിട്ടാണ് എനിക്കത് കണ്ടപ്പോൾ തോന്നിയത്. എന്തായാലും ഇറങ്ങുന്നതിന് മുമ്പ് അയാൾക്ക് ഒരു നന്ദി പറയാമെന്ന് വിചാരിച്ചു. പെൺകുട്ടികൾ മുഴുവനും നന്ദികെട്ടവരാണെന്ന് കരുതി സ്ത്രീകൾക്ക് സഹായം ആവശ്യമായി വരുന്ന സന്ദർഭങ്ങളിൽ അയാൾ ഇനി ഇടപെട്ടില്ലെങ്കിലോ? നന്ദി പറഞ്ഞ് ഞാൻ എന്റെ സ്റ്റോപ്പിൽ ഇറങ്ങി. വലിയൊരു അബദ്ധമാണ് ചെയ്തത്.
ഞാൻ ഇറങ്ങിയതിന് പിന്നാലെ അയാളും എന്റെ കൂടെ ഇറങ്ങി. തന്റെ വിദ്യാർത്ഥികളാണെന്ന് അവകാശപ്പെട്ടു കൊണ്ട് ഒട്ടേറെ പെൺകുട്ടികളുടെ ഐഡി കാർഡുകൾ അയാൾ പുറത്തെടുത്തു. അയാളുടെ സ്വന്തം കാർഡും എന്നെ കാണിച്ചു. സത്യം പറഞ്ഞാൽ എനിക്കെന്തോ പേടി തോന്നി. ഞാൻ അതിലേക്ക് നോക്കിയതുപോലുമില്ല. പെട്ടെന്ന് രണ്ട് പെൺകുട്ടികൾ അയാളോട് വഴി ചോദിക്കാൻ വന്നു. ആ അവസരം ഉപയോഗിച്ച് രക്ഷപ്പെടാൻ ശ്രമിച്ചു. പക്ഷെ അതിനു മുമ്പേ അയാൾ അവരെ ഒഴിവാക്കിയിരുന്നു.
പിന്നെ ഞാൻ എവിടെയാണ് താമസിക്കുന്നതെന്ന് അയാൾ ചോദിച്ചു, ഞാൻ കള്ളം പറഞ്ഞു. വിദ്യാർത്ഥിയാണോ, ഈ സമയത്താണോ എപ്പോഴും പോകുന്നത്, നമ്പർ തരാമോ എന്നൊക്കെ ചോദിച്ചു. സുഹൃത്തുക്കളായിട്ടിരിക്കാമെന്നും ഫോണിൽ സംസാരിക്കാമെന്നുംകൂടി പറഞ്ഞപ്പോൾ അയാൾ പരിധി വിടുകയാണെന്ന് മനസിലായി. -യുവതി കുറിച്ചു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |