ന്യൂഡൽഹി: പ്രയാസകരമായ സാഹചര്യങ്ങളിൽ എന്നും തോളോടുതോൾ ചേർന്നുനിന്ന രാജ്യങ്ങളാണ് ഇന്ത്യയും റഷ്യയുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.സാമ്പത്തിക, ഊർജ്ജ മേഖലകളിലെ സഹകരണത്തിൽ ഇരുനേതാക്കളും സംതൃപ്തി പ്രകടിപ്പിച്ചു. അമേരിക്കയുടെ തീരുവ ഭീഷണി അവഗണിച്ച് റഷ്യയിൽ നിന്ന് തുടർന്നും ഇന്ത്യ എണ്ണ വാങ്ങുമെന്ന് ഇപ്പോടെ വ്യക്തമായി.
ആഗോള സമാധാനത്തിനും സ്ഥിരതയ്ക്കും സമൃദ്ധിക്കും ഈ സഹകരണം അനിവാര്യമാണെന്ന് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനുമായുള്ള കൂടിക്കാഴ്‌ചയിൽ പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
യുക്രെയിനിൽ സംഘർഷം അവസാനിപ്പിച്ച് ശാശ്വത സമാധാനത്തിനുള്ള മാർഗം കണ്ടെത്തേണ്ടതുണ്ടെന്ന് മോദി ചൂണ്ടിക്കാട്ടി.
ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രത്യേകവും സവിശേഷവുമായ തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള പിന്തുണ ഇരു നേതാക്കളും ആവർത്തിച്ചു. ഈ വർഷം അവസാനം നടക്കുന്ന 23-ാമത് വാർഷിക ഉച്ചകോടിക്ക് ഇന്ത്യയിൽ അദ്ദേഹത്തെ സ്വീകരിക്കാൻ ആഗ്രഹിക്കുന്നുവെന്ന് പ്രധാനമന്ത്രി പ്രസിഡന്റ് പുടിനെ അറിയിച്ചു.
ഷാങ്ഹായ് ഉച്ചകോടിയിൽ ഇന്ത്യയ്ക്ക് പ്രാമുഖ്യം
ചൈനയിലെ ടിയാൻജിനിൽ നടന്ന ഷാങ്ഹായ് സഹകരണ സംഘടനാ ഉച്ചകോടിയിൽ ഇന്ത്യയ്ക്ക് പ്രാമുഖ്യം. 2023ൽ ഇന്ത്യ ആതിഥേയത്വം വഹിച്ച ജി 20 ഉച്ചകോടിയുടെ 'ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി' എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി മനുഷ്യപുരോഗതിക്കായി ശ്രമിക്കണമെന്ന് ഉച്ചകോടി അംഗീകരിച്ച പ്രമേയത്തിൽ പറഞ്ഞു.
ജനങ്ങൾ തമ്മിലുള്ള ബന്ധം, സാംസ്കാരിക ധാരണ എന്നിവ വളർത്താൻ സംഭാഷണങ്ങൾക്ക് തുടക്കം കുറിക്കണമെന്ന് പ്രധാനമന്ത്രി മോദി നിർദേശിച്ചു. എസ്.സി ഒ പരിഷ്കരണം അനിവാര്യമാണ്. ഒപ്പം ഐക്യരാഷ്ട്ര പരിഷ്കരണത്തിനും പ്രചാരണം നടത്തണം.
സംഘടിത കുറ്റകൃത്യങ്ങൾ, മയക്കുമരുന്ന് കടത്ത്, സൈബർ സുരക്ഷ എന്നിവയ്ക്കെതിരായ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിനെ പ്രധാനമന്ത്രി സ്വാഗതം ചെയ്തു. സുരക്ഷ, സമ്പർക്കസൗകര്യം, അവസരങ്ങൾ എന്നീ മേഖലകളിൽ ഇന്ത്യ കൂടുതൽ നടപടികൾ ആഗ്രഹിക്കുന്നു. ഇറാനിലെ ചബഹാർ തുറമുഖം, അന്താരാഷ്ട്ര വടക്ക്-തെക്ക് ഗതാഗത ഇടനാഴി തുടങ്ങിയ പദ്ധതികളിലെ ഇന്ത്യയുടെ പിന്തുണ അദ്ദേഹം ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |