ന്യൂഡൽഹി: ഭീകരവാദം മാനവരാശിക്കാകെ ഭീഷണിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യ ഭീകരവാദത്തിന്റെ ഇരയാണെന്നും ഭീകരസംഘടനകളെ കൂട്ടമായി നേരിടണമെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് രാവിലെ ഷാങ്‌ഹായി സഹകരണ ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭീകരവാദത്തിനെതിരെയുളള ഇരട്ടത്താപ്പ് അനുവദിക്കില്ലെന്നും അദ്ദേഹം ഉറപ്പിച്ചുപറഞ്ഞു.
'നാല് പതിറ്റാണ്ടുകളായി ഇന്ത്യ ഭീകരവാദത്തിന്റെ ദുരിതം അനുഭവിക്കുകയാണ്. അടുത്തിടെ പഹൽഗാമിൽ ഭീകരവാദത്തിന്റെ മോശം വശം നാം കണ്ടു. ആ ദുഃഖത്തിൽ ഞങ്ങളോടൊപ്പം നിന്ന മറ്റുരാജ്യങ്ങൾക്ക് നന്ദി പറയുന്നു. ഈ സാഹചര്യത്തിൽ ഭീകരവാദത്തെ ചില രാജ്യങ്ങൾ പരസ്യമായി പിന്തുണയ്ക്കുന്നത് നമുക്ക് സ്വീകാര്യമാണോയെന്ന ചോദ്യം ഉയരുന്നത് സ്വാഭാവികമാണ്. തീവ്രവാദത്തെ നാം ഒരുമിച്ച് എതിർക്കണം. ഇത് മനുഷ്യത്വത്തോടുളള നമ്മുടെ കടമയാണ്. ഇറാനിലെ ചാബഹാർ തുറമുഖം വ്യാപാര ബന്ധത്തിൽ നിർണായകമാണ്.'- മോദി പറഞ്ഞു. വേദിയിൽ പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫും ഉണ്ടായിരുന്നു.
ഷാങ്ഹായ് സഹകരണ ഉച്ചകോടിക്കിടെ നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിംഗും നടത്തിയ കൂടിക്കാഴ്ചയിൽ പരസ്പര വിശ്വാസത്തോടെ ഒന്നിച്ചുനിൽക്കാമെന്നും ധാരണയായി. ശത്രുക്കളല്ലെന്നും പങ്കാളികളാണെന്നും ഇരുനേതാക്കളും വ്യക്തമാക്കി. റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നതിന്റെ പേരിൽ ഇരുരാജ്യങ്ങളിലെയും ഉത്പന്നങ്ങൾക്ക് അമേരിക്ക ചുമത്തിയ പിഴതീരുവയെ അവഗണിച്ച് സമ്പദ്ഘടനയെ വളർത്താനാണ് ഇരുരാജ്യങ്ങളുടെയും ശ്രമം. അതിന് ഒന്നിച്ചുനിൽക്കേണ്ടതിന്റെ ആവശ്യകത ഇരു നേതാക്കളും ഉയർത്തിക്കാട്ടി. അഭിപ്രായവ്യത്യാസം തർക്കങ്ങളായി മാറരുതെന്നും ഇന്ത്യ-ചൈന ബന്ധം സുദീർഘമാവണമെന്നും അഭിപ്രായപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |