കൊച്ചി: ഇന്ത്യയിൽ നിന്ന് ഗൾഫ് സഹകരണ രാജ്യങ്ങളിലേക്ക് (ജി.സി.സി) മില്ലറ്റുകളുടെ കയറ്റുമതി സാദ്ധ്യത പ്രയോജനപ്പെടുത്താൻ കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന് കീഴിലെ അഗ്രികൾച്ചറൽ ആൻഡ് പ്രോസസ്ഡ് ഫുഡ് പ്രോഡക്‌ട്‌സ് എക്‌സ്‌പോർട് ഡെവലപ്‌മെന്റ് അതോറിട്ടിയും (അപെഡ) ലുലു ഹൈപ്പർമാർക്കറ്റും തമ്മിൽ ധാരണയായി.
മില്ലറ്റ് ഉത്‌പന്നങ്ങളുടെ പ്രോത്‌സാഹന പ്രവർത്തനങ്ങൾ ലുലു ഗ്രൂപ്പ് നടത്തും. മില്ലറ്റുകളും മൂല്യവർദ്ധിത ഉത്പന്നങ്ങളും റെഡി-ടു-ഈറ്റ് വിഭവങ്ങളും
ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷനുകൾ, ഫാർമർ പ്രൊഡ്യൂസർ കമ്പനികൾ, വനിതാ സംരംഭകർ, സ്റ്റാർട്ടപ്പുകൾ എന്നിവയിൽ നിന്ന് സംഭരിച്ച് അന്താരാഷ്ട്ര റീട്ടെയിൽ ശൃംഖലകളിൽ പ്രദർശിപ്പിക്കും. മില്ലറ്റ് ഉത്‌പന്നങ്ങളുടെ സാമ്പിളുകൾ ലുലു ഹൈപ്പർ മാർക്കറ്റിൽ പ്രദർശിപ്പിക്കും.
ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളുടെ ആവശ്യകതയ്ക്ക് അനുസരിച്ച് ഉത്‌പന്നങ്ങളുടെ ലേബലിംഗിനും അപെഡ സഹായിക്കും. അപെഡ ഡയറക്ടർ ഡോ. തരുൺ ബജാജ്, ലുലു ഗ്രൂപ്പ് സി.ഒ.ഒ വി.ഐ.സലിം എന്നിവർ ധാരണാപത്രത്തിൽ ഒപ്പുവച്ചു. അപെഡ ചെയർമാൻ ഡോ. എം.അംഗമുത്തു, ഇന്ത്യൻ കോൺസൽ ജനറൽ ഡോ. അമൻപുരി, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി എന്നിവർ സന്നിഹിതരായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |