കെ.സി.എൽ രണ്ടാം സീസൺ ഇനി 19 ദിവസം
തിരുവനന്തപുരം : കേരള ക്രിക്കറ്റ് ലീഗിന്റെ മത്സരവേദിയായ കാര്യവട്ടം ഗ്രീൻ ഫീൽഡ്സ്റ്റേഡിയത്തിലെ ഫ്ളഡ്ലിറ്റുകൾളുടെ അറ്റകുറ്റപ്പണി അതിവേഗം പൂർത്തിയാക്കുകയാണ് കേരള ക്രിക്കറ്റ് അസോസിയേഷൻ. ആഗസ്റ്റ് 21നാണ് ലീഗിന്റെ തുടക്കമെങ്കിലും അതിനുമുമ്പ് സ്റ്റേഡിയത്തിന് ടൂർണമെന്റ് കൺസൾട്ടന്റിന്റെ അംഗീകാരം വേണ്ടതുണ്ട്. ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിലിന്റെ ടൂർണമെന്റുകൾക്കുള്ള വേദികൾ ഒരുക്കുന്ന രീതിയിലാണ് കെ.സി.എല്ലിനും തയ്യാറെടുക്കുന്നത്.
2023 നവംബർ 26ന് ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലാണ് ഇവിടെ അവസാനമായി അന്താരാഷ്ട്ര മത്സരം നടന്നത്. കഴിഞ്ഞ സെപ്തംബറിലായിരുന്നു കെ.സി.എല്ലിന്റെ ഒന്നാം സീസൺ. ഗ്രീൻഫീൽഡിലെ ഫ്ളഡ്ലിറ്റുകളിൽ പകുതിയിലേറെയും അറ്റകുറ്റപ്പണി അനിവാര്യമായ അവസ്ഥയിലായിരുന്നു. സംസ്ഥാന സർക്കാരിന്റെ പ്രത്യേക അനുമതിയോടെയാണ് കേരള ക്രിക്കറ്റ് അസോസിയേഷൻ അറ്റകുറ്റപ്പണികൾക്ക് മുൻകൈ എടുത്തത്. കെ.സി.എല്ലിന്റെ പരിശീലന വേദികളിലൊന്നായ മംഗലപുരം സ്റ്റേഡിയത്തിലും ഫ്ളഡ്‌ലിറ്റ് സംവിധാനം കാര്യക്ഷമമാക്കിക്കഴിഞ്ഞു.
ക്രിക്കറ്റിന് മുന്നേ
സിനിമാഷൂട്ടിംഗും
ദുൽഖർ സൽമാൻ നായകനാകുന്ന സ്പോർട്സ് പശ്ചാത്തലത്തിലുള്ള സിനിമയുടെ ഷൂട്ടിംഗ് ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടന്നുവരികയാണ്. അതിനിടയിലാണ് കെ.സി.എല്ലിനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയാക്കിയത്.
31
മത്സരങ്ങളാണ് ഫൈനൽ ഉൾപ്പടെ കെ.സി.എല്ലിന്റെ രണ്ടാം സീസണിൽ ആകെയുള്ളത്.
ആഗസ്റ്റ് 21 മുതൽ സെപ്തംബർ 4വരെയാണ് ട്വന്റി-20 ഫോർമാറ്റിൽ പ്രാഥമിക ലീഗ് മത്സരങ്ങൾ.
ഒരുദിവസം രണ്ട് മത്സരങ്ങൾ . ആദ്യ മത്സരം ഉച്ചയ്ക്ക് 2.30നും രണ്ടാം മത്സരം രാത്രി 7.45നും തുടങ്ങും.
സെപ്തംബർ 5നാണ് സെമിഫൈനലുകൾ. ആറിന് ഫൈനൽ നടക്കും.
'' ഏറ്റവും മികച്ച നിലവാരത്തിൽ കെ.സി.എൽ രണ്ടാം പതിപ്പ് നടത്താനുള്ള പരിശ്രമത്തിലാണ് കേരള ക്രിക്കറ്റ് അസോസിയേഷൻ. ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെ തയ്യാറെടുപ്പുകൾ ധൃതഗതിയിൽ പൂർത്തിയായി വരികയാണ്.
- വിനോദ് എസ്.കുമാർ, കെ.സി.എ സെക്രട്ടറി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |