സന: യെമനിലെ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്ക് കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാറുടെ പ്രതിനിധികളെ അയക്കണം എന്ന ആവശ്യം തള്ളി കേന്ദ്രം. ആറംഗ മദ്ധ്യസ്ഥ സംഘത്തെ അയക്കണമെന്ന ആക്ഷൻ കൗൺസിൽ നിർദ്ദേശമാണ് കേന്ദ്ര സർക്കാര്‍ തള്ളിയത്. ചർച്ച കുടുംബങ്ങൾക്കിടയിലാണ് നടക്കുന്നതെന്നാണ് കേന്ദ്ര സർക്കാറിന്റെ വാദം.
അതേസമയം, നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദായെന്ന അവകാശവാദത്തിന്റെ പേരിൽ തർക്കം കടുക്കുകയാണ്. നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നാണ് കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാരുടെ ഓഫീസ് അറിയിക്കുന്നത്. എന്നാല്‍, ഇത്തരം കാര്യങ്ങളിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ലെന്നാണ് കേന്ദ്ര സർക്കാർ വൃത്തങ്ങളുടെ പ്രതികരണം. അതിനിടെ, വധശിക്ഷ റദ്ദായെന്ന പ്രചാരണങ്ങൾക്കെതിരെ ഇവാഞ്ചലിസ്റ്റ് നേതാവ് ഡോ. കെഎ പോളും രംഗത്തെത്തിയിരുന്നു. വധശിക്ഷ റദ്ദായെന്ന അവകാശവാദത്തിൽ കാന്തപുരം മാപ്പ് പറയണമെന്നായിരുന്നു കെഎ പോളിന്റെ ആവശ്യം.
2017 ജൂലായ് 25ന് യമനിൽ നഴ്സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക് തുടങ്ങാൻ സഹായ വാഗ്ദാനവുമായി വന്ന യമന്‍ പൗരന്‍ തലാൽ അബ്ദുമഹദിയെയാണ് നിമിഷ പ്രിയ കൊലപ്പെടുത്തിയത്. നിമിഷ പ്രിയയുടെ പാസ്പോർട്ട് പിടിച്ചെടുത്ത ശേഷം നടത്തിയ ക്രൂര പീഡനമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നായിരുന്നു നിമിഷ പറഞ്ഞത്. തലാലിന് അമിത ഡോസ് മരുന്നു കുത്തിവച്ചാണ് കൊലപ്പെടുത്തിയത്. തുടര്‍ന്ന് മൃതദേഹം വീടിനുമുകളിലെ ജലസംഭരണിയില്‍ ഒളിപ്പിക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |