ട്രംപിന്റെ 25 ശതമാനം തീരുവ തിരിച്ചടിയാകും
കൊച്ചി: ഇന്ത്യൻ ഉത്പന്നങ്ങളുടെ ഇറക്കുമതിക്ക് 25 ശതമാനം അധിക തീരുവയും പിഴയും ഈടാക്കുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനം കേരളത്തിലെ കയറ്റുമതി മേഖലയിലും ആശങ്ക ശക്തമാക്കുന്നു. സംസ്ഥാനത്തെ ഉത്പന്നങ്ങളുടെ പ്രധാന കയറ്റുമതി വിപണികളിലൊന്നാണ് അമേരിക്ക. കശുവണ്ടി, കയർ, സമുദ്രോത്പന്നങ്ങൾ, സുഗന്ധവ്യഞ്‌ജനങ്ങൾ, അരി, തേയില തുടങ്ങിയവ വലിയ തോതിൽ അമേരിക്കയിലേക്ക് കയറ്റി അയക്കുന്നുണ്ട്. സംസ്ഥാനത്തെ ഐ.ടി കയറ്റുമതിക്കും പുതിയ സാഹചര്യങ്ങൾ വെല്ലുവിളിയാകും.
അമേരിക്കയിലെ പ്രവാസി മലയാളികളെ ലക്ഷ്യമിട്ട് ചിപ്പ്സ്, റെഡി ടു ഈറ്റ്, പഴം, പച്ചക്കറികൾ തുടങ്ങി വിപുലമായ ഉത്പന്നങ്ങളാണ് കേരളത്തിലെ കമ്പനികൾ കയറ്റി അയക്കുന്നത്. ഇന്ന് മുതൽ ഇവയ്ക്ക് 25 ശതമാനം അധിക തീരുവ നൽകേണ്ടി വരുന്നതിനാൽ സംസ്ഥാനത്തെ ഉത്പന്നങ്ങളുടെ മത്സരക്ഷമത കുറയും. തുണി, റെഡിമെയ്ഡ് വസ്ത്രങ്ങൾ എന്നിവ കയറ്റുമതി നടത്തുന്ന കമ്പനികൾക്കും പുതിയ സാഹചര്യം വെല്ലുവിളിയാകും. ഓണക്കാലത്തേക്ക് ആവശ്യമായ ഉത്പന്നങ്ങൾ അമേരിക്കയിലേക്ക് കയറ്റി അയക്കാൻ ഒരുങ്ങുന്ന കമ്പനികളും ആശങ്കയിലാണ്.
മത്സരക്ഷമത കുറയും
കേരളത്തിന്റെ ഉത്പന്നങ്ങൾക്ക് അമേരിക്കൻ വിപണിയിൽ മത്സരക്ഷമത കുറയാൻ അധിക തീരുവ ഇടയാക്കും. പ്രമുഖ വ്യാപാര എതിരാളികളായ സൗത്ത് ഏഷ്യൻ രാജ്യങ്ങൾക്ക് കുറഞ്ഞ തീരുവയാണുള്ളത്. ഇന്തോനേഷ്യ, ഫിലിപ്പീൻസ് എന്നിവിടങ്ങളിലെ ഉത്പന്നങ്ങൾക്ക് 19 ശതമാനവും വിയറ്റ്നാമിന് 20 ശതമാനവും തീരുവയാണ് ഈടാക്കുന്നത്. അതിനാൽ 25 ശതമാനം തീരുവ നൽകിയെത്തുന്ന കേരളത്തിലെ ഉത്പന്നങ്ങൾക്ക് വിപണിയിൽ മത്സരം കടുക്കും.
മത്സ്യകയറ്റുമതിക്ക് തിരിച്ചടി
ഇറക്കുമതിക്ക് 25 ശതമാനം തീരുവ ഈടാക്കാനുള്ള തീരുമാനം ചെമ്മീൻ ഉൾപ്പെടെയുള്ള സമുദ്രോത്പന്ന കയറ്റുമതിയെ പ്രതികൂലമായി ബാധിക്കും. സംസ്ഥാനത്ത് നിന്നുള്ള സമുദ്രോത്പന്ന കയറ്റുമതിയിൽ 90 ശതമാനവും ചെമ്മീനാണ്. 2024 സാമ്പത്തിക വർഷത്തിൽ ഇന്ത്യ 230 കോടി ഡോളറിന്റെ സമുദ്രോത്പന്നങ്ങളാണ് അമേരിക്കയിലേക്ക് കയറ്റി അയച്ചത്.
ആറ് ഇന്ത്യൻ കമ്പനികൾക്ക് ഉപരോധം
ഇറാനുമായി വാണിജ്യ ഇടപാടുകൾ നടത്തുന്ന ആറ് ഇന്ത്യൻ കമ്പനികൾക്ക് യു.എസ് ഉപരോധം ഏർപ്പെടുത്തി. ഇറാനിൽ നിന്ന് പെട്രോളിയം ഉത്പന്നങ്ങൾ വാങ്ങിയതിനാണ് അൽക്കെമിക്കൽ സൊലൂഷൻസ് അടക്കമുള്ള കമ്പനികൾക്കെതിരെ നടപടിയെടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |